രാജ്യസുരക്ഷ: വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണം
തൊടുപുഴ: രാജ്യസുരക്ഷ മുന്‍നിര്‍ത്തി വിദേശ പൗരന്മാര്‍ക്ക് കേരളത്തില്‍ ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.
സംസ്ഥാന പൊലിസ് മേധാവി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് കഴിഞ്ഞ 23ന് നല്‍കിയ ടോപ് സീക്രട്ട് കത്തിന്റെ (ടി. 3 227317 -2016 പി.എച്ച്.ക്യു) അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ചുള്ള നിര്‍ദേശം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എല്ലാ ആര്‍.ടി.ഒമാര്‍ക്കും ജോയിന്റ് ആര്‍.ടി.ഒമാര്‍ക്കും ബുധനാഴ്ച കൈമാറി. വിദേശികള്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിച്ചാല്‍ അത് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാര്‍ തന്നെ നേരിട്ട് പരിശോധിക്കണമെന്നാണ് സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശം.
വിദേശികള്‍, പ്രത്യേകിച്ച് മാലിദ്വീപ് സ്വദേശികള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് സമ്പാദിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പൊലിസ് മേധാവി കത്തില്‍ പറയുന്നു.
തങ്ങളുടെ ദേശീയത പോലും പലരും മറച്ചുവച്ചാണ് അപേക്ഷ നല്‍കുന്നത്. കഴക്കൂട്ടം സബ് ആര്‍.ടി ഓഫിസില്‍ ഇത്തരം കേസ് അടുത്തിടെ പിടിക്കപ്പെട്ടിരുന്നു. വ്യാജ റസിഡന്റ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പലപ്പോഴും ഇത്തരക്കാര്‍ ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയശേഷം അത് അടിസ്ഥാന രേഖയാക്കി മറ്റ് പ്രധാന സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുകയാണ് ഇവരുടെ ലക്ഷ്യം.
പാസ്‌പോര്‍ട്ട് വരെ ഇത്തരത്തില്‍ നേടിയവരുണ്ട്. ഈ സാഹചര്യത്തില്‍ വിദേശ പൗരന്മാരുടെ ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷ കൈകാര്യം ചെയ്യുന്ന ആര്‍.ടി.ഒമാര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എല്ലാ ആര്‍.ടി.ഒമാര്‍ക്കും ജോയിന്റ് ആര്‍.ടി.ഒമാര്‍ക്കും അയച്ച നിര്‍ദേശത്തിനൊപ്പം സംസ്ഥാന പൊലിസ് മേധാവിയുടെ കത്തിന്റെ പകര്‍പ്പും ചേര്‍ത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."