ടോംസ് കോളജില്‍ വനിതാകമ്മിഷന് തെളിവെടുപ്പ് നടത്തി
കോട്ടയം: മറ്റക്കര ടോംസ് കോളജില്‍ വനിതാ കമ്മിഷന് അംഗം ഡോ.ജെ. പ്രമീളാദേവി തെളിവെടുപ്പ് നടത്തി. കമ്മിഷന് അംഗം ഇന്നലെ കോളജില്‍ നേരിട്ടെത്തി രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും മൊഴിയെടുത്തു. കോളജ് അധികൃതര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ഥിനികള്‍ കമ്മിഷനോട് ഉന്നയിച്ചത്.
മാനേജ്മെന്റില്‍നിന്നു കടുത്ത മാനസികപീഡനം ഏറ്റുവെന്നും പരാതി ഉന്നയിക്കുന്നവരെ കോളജ് ചെയര്മാന് മറ്റു വിദ്യാര്‍ഥികളുടെ മുന്പില് മോശക്കാരാക്കുന്നത് പതിവാണെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. രോഗാവസ്ഥയില്‍പോലും ഹോസ്റ്റലില്‍ കിടക്കാന്‍ അനുവദിക്കാറില്ലെന്നും പലപ്പോഴും അശ്ലീലം കലര്‍ന്ന സംസാരമാണ് ചെയര്മാന് നടത്താറുള്ളതെന്നും വിദ്യാര്‍ഥികള്‍ കമ്മിഷനോട് പറഞ്ഞു. അതേസമയം കുട്ടികളെ ഇനി ടോംസ് കോളജില്‍ പഠിപ്പിക്കാന്‍ താല്പര്യമില്ലെന്നാണ് മാതാപിതാക്കളുടെ നിലപാട്. ഫീസ് നല്‍കിയതിന്റെ രസീത് നല്കാന് പോലും കോളേജ് തയാറല്ലെന്നും ചെയര്‍മാന്റെ ഭാര്യ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നുവെന്നും മാതാപിതാക്കള്‍ കമ്മിഷനോട് പരാതിപ്പെട്ടു.
തെളിവെടുപ്പിനുശേഷം കോളജിനെതിരേ വിദ്യാര്‍ഥികള്‍ ഉന്നയിച്ചത് ഗുരുതരമായ ആരോപണമെന്നും അന്വേഷണ റിപ്പോര്‍ട്ട് നാലുദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ഡോ. പ്രമീളാദേവി അറിയിച്ചു. വിദ്യാര്‍ഥികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായി. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ബുധനാഴ്ച രാവിലെയാണ് വാര്‍ഡനെ നിയമിച്ചിരിക്കുന്നത്. ഇവര്‍ക്ക് പഴയകാര്യങ്ങളൊന്നും അറിയില്ലെന്നും കമ്മിഷന് അംഗം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."