വരള്‍ച്ച: കന്നുകാലി മേഖലയ്ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്
തിരുവനന്തപുരം: കൊടും വരള്‍ച്ചയില്‍ നിന്നു കന്നുകാലിമേഖലയെ സംരക്ഷിക്കാന്‍ സാമ്പത്തികസഹായവുമായി സര്‍ക്കാര്‍. കന്നുകാലികള്‍ക്ക് ഒരു ദിവസത്തെ ആഹാരത്തിന് ചെലവാകുന്ന തുകയായ 70 രൂപയും കന്നുകുട്ടികള്‍ക്ക് 35 രൂപയും സര്‍ക്കാര്‍ നല്‍കും.
അടുത്ത മാസം ഒന്നുമുതല്‍ ധനസഹായം നല്‍കിത്തുടങ്ങുമെന്ന് മന്ത്രി കെ.രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വരള്‍ച്ച എത്രകാലം നീണ്ടുനില്‍ക്കുന്നുവെന്നതിനെ ആശ്രയിച്ചാവും ധനസഹായം നല്‍കുക. കേരളത്തില്‍ 12 ലക്ഷത്തോളം കന്നുകാലികളും കന്നുകുട്ടികളും ഉണ്ടെന്നാണ് കണക്ക്. വരള്‍ച്ചയെ തുടര്‍ന്ന് ക്ഷീരമേഖലയിലെ നഷ്ടം കണക്കാക്കി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഓരോ ജില്ലയിലെയും ക്ഷീരവികസന ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാവും ധനസഹായം നല്‍കുക. കലക്ടറേറ്റുകള്‍ വഴിയുള്ള ദുരിതാശ്വാസ പദ്ധതിയിലൂടെയാവും പണം നല്‍കുക. ജില്ലാ കലക്ടര്‍മാര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാവും തുക നല്‍കുകയെന്നും മന്ത്രി പറഞ്ഞു. വായ്പയെടുത്ത കന്നുകാലി കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കുന്നതിനായി അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കിവച്ചിരുന്നു.
ഈ തുകയ്ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്ക് ഉടന്‍ ലഭ്യമാക്കും. വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതിയില്‍ ഇത്തവണ ക്ഷീരവികസന വകുപ്പിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ക്ഷീരകര്‍ഷകന് നല്‍കാനായി മില്‍മ പാല്‍വില വര്‍ധിപ്പിച്ചാല്‍ അനുകൂല തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. വര്‍ധിപ്പിക്കുന്ന വില മുഴുവനും കര്‍ഷകന് നല്‍കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. വില വര്‍ധിപ്പിക്കണമെന്ന് കര്‍ഷകരും ആവശ്യമുന്നയിച്ചിട്ടുണ്ട്. പാല്‍ സംഭരണവില മാത്രമാണ് മില്‍മ സര്‍ക്കാരുമായി ആലോചിച്ചു നിശ്ചയിക്കുന്നത്. എന്നാല്‍, പാലിന്റെ വില്‍പനവില നിശ്ചയിക്കുന്നത് മില്‍മയാണ്. ഇതുസംബന്ധിച്ച് ചെയര്‍മാന്റെ പ്രഖ്യാപനം വന്നെങ്കിലും മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അത്തരത്തില്‍ തീരുമാനമുണ്ടായിട്ടില്ല. മില്‍മ പറഞ്ഞതുപോലെ വലിയതോതില്‍ സംസ്ഥാനത്ത് പാല്‍ ഉല്‍പാദനം കുറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."