യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചില്‍ അക്രമം; പൊലിസ് ഗ്രനേഡ് പ്രയോഗിച്ചു
കോഴിക്കോട്: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കോഴിക്കോട് കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. എരഞ്ഞിപ്പാലത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പൊലിസ് കലക്ടറേറ്റ് കവാടത്തില്‍ ബാരിക്കേഡുയര്‍ത്തി തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും കല്ലേറും അക്രമവും നടത്തുകയും ചെയ്തതോടെ പൊലിസ് ജലപീരങ്കിയും ഗ്രനേഡുകളും കണ്ണീര്‍ വാതകഷെല്ലുകളും പ്രയോഗിച്ചു.
ഇതോടെ ചിതറിയോടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം പ്രകടനവുമായി പ്രതിഷേധിച്ചു.
സംഘര്‍ഷത്തില്‍ ടി.പി ഫിറോസ്,പി.കെ റിയാസ്,പി. സനോജ് എന്നിവര്‍ക്ക് പരുക്കേറ്റു. കോണ്‍ഗ്രസ് നേതാവ് എന്‍. സുബ്രഹ്മണ്യന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നോട്ട് പിന്‍വലിക്കലിലൂടെ കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കു നേരെ കൊഞ്ഞനംകുത്തുകയാണെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.
ഇ.എം.എസിനെപോലെയുള്ള നേതാക്കളെ വീട്ടില്‍ കുടിയിരുത്തിയ ചരിത്രം കേരളത്തിനുണ്ടെന്ന് പിണറായി വിജയന്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, കെ.സി അബു സംസാരിച്ചു.
നൗഷീര്‍,വിദ്യ ബാലകൃഷ്ണന്‍,ധനീഷ് ലാല്‍,ദിനേശ് പെരുമണ്ണ,പി.വി ജിതേഷ് മാര്‍ച്ചിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."