സ്ത്രീയെ പുരുഷനാക്കി; ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ചരിത്രം കുറിച്ച്‌മെഡി.കോളജ്
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയെ പുരുഷനാക്കി. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം നടത്തിയ മൂന്നു വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് നേട്ടം കൈവരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം അവര്‍ പൂര്‍ണ ആരോഗ്യനില കൈവരിച്ചിട്ടുണ്ട്.
തിരുവന്തപുരം സ്വദേശിനിയും അവിവാഹിതയുമായ 41 കാരിയാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ (സെക്‌സ് റീ അസൈന്‍മെന്റ് സര്‍ജറി) പുരുഷനായി മാറിയത്. ചികിത്സയ്ക്ക് മുമ്പ് ഇവര്‍ പൂര്‍ണമായും സ്ത്രീയായിരുന്നു. പക്ഷേ ചെറുപ്പകാലം മുതലേ പുരുഷന്റെ മാനസികാവസ്ഥയായിരുന്നു. ആണ്‍കുട്ടികളെപ്പോലെ പെരുമാറുകയും കൂട്ടുകൂടുകയും ആണ്‍കുട്ടിയായി ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അസാധാരണ പെരുമാറ്റം കണ്ട് മാതാപിതാക്കള്‍ ചികിത്സ തേടിയെങ്കിലും പുരുഷനായി ജീവിക്കാനായിരുന്നു ഇവരുടെ ഇഷ്ടം. ആ നിര്‍ബന്ധത്തിനു വീട്ടുകാര്‍ക്കും വഴങ്ങേണ്ടി വന്നു.
തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്കായി പല ആശുപത്രികളെയും സമീപിച്ചെങ്കിലും 5 മുതല്‍ 10 ലക്ഷം വരെ ചികിത്സാ ചെലവാകുമെന്ന് മനസിലാക്കി ആ ശ്രമം അവര്‍ ഉപേക്ഷിച്ചു. പിന്നീടാണ് മെഡിക്കല്‍ കോളേജില്‍ എത്തിയത്. പുരുഷനെ സ്ത്രീയാക്കുക എന്നതിനേക്കാള്‍ സ്ത്രീയെ പുരുഷനാക്കുക എന്നത് വളരെയേറെ പ്രയാസമുള്ള കാര്യമാണ്. അങ്ങനെയുള്ള ഒരു വെല്ലുവിളിയാണ് ഡോ. കെ. അജയകുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ ഏറ്റെടുത്തത്.
മാനസികാരോഗ്യ വിഭാഗത്തിന്റേയും പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റേയും അംഗീകാരം കിട്ടിയാല്‍ മാത്രമേ ലിംഗമാറ്റം നടത്താന്‍ അനുമതി ലഭിക്കാറുള്ളൂ. ആദ്യമായി മാനസികാരോഗ്യ വിഭാഗത്തില്‍ ഈ യുവതിയെ ഒരു വര്‍ഷത്തോളം നിരീക്ഷിച്ചു. തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ അംഗീകാരവും ലഭിച്ചു. എന്‍ഡോക്രൈനോളജി വിഭാഗത്തില്‍ പുരുഷ ഹോര്‍മോണ്‍ നല്‍കുന്ന ചികിത്സ ഒരു വര്‍ഷത്തോളം നടത്തിയ ശേഷമാണ് ശസ്ത്രക്രിയ തുടങ്ങിയത്. സ്തനങ്ങള്‍ നീക്കം ചെയ്യുന്ന മാസ്റ്റക്ടമി സര്‍ജറിയാണ് ആദ്യം നടത്തിയത്. നാല് മുതല്‍ അഞ്ച് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 2 സ്തനങ്ങളും നീക്കി. തുടര്‍ന്ന് ഗര്‍ഭാശയവും അനുബന്ധ അവയവങ്ങളും മാറ്റുന്നതിനുള്ള ഹിസ്ട്രക്ടമി, വജൈനക്ടമി എന്നീ ശസ്ത്രക്രിയകളും നടത്തി. തുടര്‍ന്ന് ഏറ്റവും അധികം വെല്ലുവിളികളുള്ള പുരുഷ ലൈംഗികാവയവം സ്ഥാപിക്കുന്നതിനുള്ള ഫലോപ്ലാസ്റ്റി സര്‍ജറി നടത്തി.രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തിയ ആറു മുതല്‍ എട്ട് മണിക്കൂറുകള്‍ വരെ നീണ്ട രണ്ട് സങ്കീര്‍ണ ശസ്ത്രക്രിയകളിലൂടെയാണ് ഇത് പൂര്‍ത്തീകരിച്ചത്.
വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ഇപ്പോഴും ചികിത്സയിലാണ്. മൂന്നു മുതല്‍ ആറ് മാസം കഴിഞ്ഞ് കൃത്രിമ വൃഷണങ്ങള്‍ കൂടി വച്ച് പിടിപ്പിക്കും. അപ്പോള്‍ പൂര്‍ണമായും പുരുഷനെപ്പോലെയാകും.പ്ലാസ്റ്റിക് സര്‍ജറി ആന്‍ഡ് റീ കണ്‍സ്ട്രക്ടീവ് വിഭാഗം മേധാവി ഡോ. കെ. അജയകുമാറാണ് നേതൃത്വം നല്‍കിയത്. ഡോ. പ്രവീണ്‍, ഡോ. കലേഷ്, ഡോ. പ്രേംലാല്‍, പി.ജി. ഡോക്ടര്‍മാരായ ഡോ. വിനു, ഡോ. ഓം അഗര്‍വാള്‍, ഡോ. അനീഷ്, ഡോ. ഫോബിന്‍, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ലിനറ്റ് മോറിസ്, ഡോ. ചിത്ര എന്നിവരാണ് മറ്റ് സംഘാംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."