രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിവിടാനുള്ള നീക്കങ്ങള്‍ക്കെതിരേ ജാഗ്രത വേണം: മന്ത്രി വി.എസ് സുനില്‍കുമാര്‍
കോഴിക്കോട്: രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിവിടാനുള്ള നീക്കങ്ങള്‍ക്കെതിരേ വലിയ ജാഗ്രത കാലം ആവശ്യപ്പെടുന്നുവെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍. റിപ്പബ്ലിക് ദിനത്തില്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ നടന്ന ജില്ലാതല പരിപാടിയില്‍ റിപ്പബ്ലിക്ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ദേശീയതയെ തകര്‍ക്കുന്നതിനും ഇന്ത്യയെ വീണ്ടും കോളനിയാക്കുന്നതിനുമുള്ള ഗൂഢശക്തികളുടെ പരിശ്രമങ്ങള്‍ക്കെതിരേയുള്ള യോജിച്ച പോരാട്ടത്തിനു നാം സജ്ജരാകേണ്ടതുണ്ട്. രാജ്യരക്ഷയ്ക്ക് കണ്ണിമ ചിമ്മാതെ കാവല്‍ നില്‍ക്കുന്ന നമ്മുടെ ജവാന്‍മാരെ അഭിവാദ്യം ചെയ്യുന്നു. കൂടുതല്‍ മനോഹരവും സുസ്ഥിരവും സാമ്പത്തികമായി മികച്ചതുമായ രാജ്യമായി ഇന്ത്യയെ മാറ്റിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 8.30ന് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്ത ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. ചടങ്ങില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പിമാരായ എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, എം.എല്‍.എമാരായ വി.കെ.സി മമ്മദ് കോയ, പുരുഷന്‍ കടലുണ്ടി, എ. പ്രദീപ് കുമാര്‍, പാറക്കല്‍ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, സിറ്റി പൊലിസ് കമ്മിഷണര്‍ ജെ. ജയനാഥ്, റൂറല്‍ പൊലിസ് മേധാവി എം.കെ പുഷ്‌കരന്‍, അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍, എ.ഡി.എം ടി. ജനില്‍കുമാര്‍ പങ്കെടുത്തു.
ഏറ്റവും മികച്ച പ്ലറ്റൂണുകള്‍ക്കുള്ള ട്രോഫികള്‍ മന്ത്രി സമ്മാനിച്ചു. മൊത്തം 27 പ്ലറ്റൂണുകളാണ് പരേഡില്‍ അണിനിരന്നത്. ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് (റൂറല്‍) ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലിസ് വി. അശോകന്‍ നായര്‍ കമാന്‍ഡറായി പരേഡ് നയിച്ചു. വനിതാ പൊലിസിന്റെ ഒന്ന് ഉള്‍പ്പെടെ പൊലിസിന്റെ നാലു പ്ലറ്റൂണുകള്‍, എക്‌സൈസ്, ഫോറസ്റ്റ് എന്നിവയുടെ ഓരോ പ്ലറ്റൂണ്‍, എന്‍.സി.സിയുടെ ആര്‍മി, നേവല്‍ വിങ് അടക്കം എട്ട് പ്ലറ്റൂണുകള്‍, സ്‌കൗട്ട്‌സിന്റെയും ഗൈഡ്‌സിന്റെയും ഓരോ പ്ലറ്റൂണുകള്‍, ജൂനിയര്‍ റെഡ് ക്രോസ് ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ പ്ലറ്റൂണുകള്‍, സ്റ്റുഡന്റ് പൊലിസ് കാഡറ്റിന്റെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മൂന്നു വീതം പ്ലറ്റൂണുകള്‍, കേന്ദ്രീയ വിദ്യാലയത്തിന്റെ ഒരു പ്ലറ്റൂണ്‍, മലബാര്‍ സ്‌പെഷല്‍ പൊലിസിന്റെ ബാന്‍ഡ്, കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്‌കൂളിന്റെ ബാന്‍ഡ് എന്നിവയാണ് പരേഡില്‍ അണിനിരന്നത്. പരേഡിനു ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച കോഴിക്കോട് പ്രസന്റേഷന്‍ സ്‌കൂളിന്റെ ദേശഭക്തിഗാനം, മെഡിക്കല്‍ കോളജ് റഹ്മാനിയ സ്‌കൂളിന്റെ ഒപ്പന, വട്ടപ്പാട്ട്, വെള്ളിമാട്കുന്ന് സില്‍വര്‍ഹില്‍സ് സ്‌കൂളിന്റെ പരിചമുട്ടുകളി, കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂളിന്റെ പഞ്ചവാദ്യം, കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്‌കൂളിലെ ദിയാ പ്രദീപിന്റെ നാടോടി നൃത്തം, കോഴിക്കോട് പ്രൊവിഡന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥി പി. ഗോപികയുടെ വയലിന്‍ എന്നിവ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."