പായിപ്ര- നെല്ലിക്കുഴി റോഡില്‍ അപകട കുഴികള്‍
മൂവാറ്റുപുഴ: പായിപ്ര - നെല്ലിക്കുഴി റോഡിലെ കുഴികളില്‍ അപകടങ്ങള്‍ തുര്‍ക്കഥയായിട്ടും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ആക്ഷേപം. പരാതികളും, നിവേദനങ്ങളും നിരവധി നല്‍കിയെങ്കിലും മൂവാറ്റുപുഴയിലെ പി.ഡബ്ല്യു.ഡി അധികൃതരുടെ കണ്ണുതുടറക്കാത്തതിനാല്‍ ഇരുചക്ര വാഹനയാത്രക്കാരുടെ ദുര്‍ഗതി തുടരുകയാണ്.
പായിപ്ര നെല്ലിക്കുഴി റോഡിന്റെ ആകെ ദൂരം 10 കിലോമീറ്ററാണ്. ഇതില്‍ നാലു കിലോമീറ്റര്‍ ദൂരം മൂവാറ്റുപുഴ പി.ഡബ്ല്യു.ഡിക്കു കീഴിലും, ആറ് കിലോമീറ്റര്‍ ദൂരം കോതമംഗലം പി.ഡബ്ല്യു.ഡിക്കു കീഴിലുമാണ്. ഏതാനം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈറോഡിന്റെ മുഴുവന്‍ ദൂരവും ബി.എം.ബി.സി നിലവാരത്തില്‍ ടാര്‍ചെയ്‌തെങ്കിലും ഇപ്പോള്‍ തകര്‍ന്ന നിലയിലാണ്. നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കോതമഗംലം പി.ഡബ്ല്യു.ഡിയുടെ അധികാര പരിധിയിലുളള ചെറുവട്ടൂര്‍ കക്ഷായിപടി മുതല്‍ നെല്ലിക്കുഴി വരെയുളള റോഡില്‍ ഇതിനിടെ അറ്റകുറ്റപണികള്‍ നടത്തിയതിനാല്‍ വാഹനഗതാഗതത്തിന് കുഴപ്പമില്ല. എന്നാല്‍ മൂവാറ്റുപുഴ പി.ഡബ്ല്യു.ഡിയുടെ അധികാര പരിധിയിലുളള കക്ഷായിമുതല്‍ പായിപ്ര കവല വരെയുളള നാലു കിലോമീറ്റര്‍ ദൂരപരിധിയില്‍ നിരവധി സ്ഥലങ്ങളിലാണ് റോഡ് പൊളിഞ്ഞ് കിടക്കുന്നത്.
പായിപ്ര കവല, കൈനിക്കരപടി, മാവുംചുവട്, എസ്റ്റേറ്റ്പടി, ഏനാലികുന്ന്, ഷാപ്പുംപടി, കിണറുപടി, കാവുംപടി, മൈക്രോകവല, കക്ഷായിപടി എന്നിവിടങ്ങളിലാണ് ആഴത്തിലുളള ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴികളില്‍ ഇരുചക്ര വാഹനങ്ങള്‍ ചാടി മറിയുന്നത് നിത്യസംഭവമായിരിക്കുന്നു.സ്വകാര്യ ബസുകള്‍ ഉള്‍പ്പടെ, നൂറുകണക്കിന് ഭാരവാഹനങ്ങളും നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും പോകുന്ന പ്രധാനപ്പെട്ട റോഡ് പൊട്ടിപൊളിഞ്ഞ് അപകടങ്ങള്‍ ഉണ്ടായിട്ടും പി.ഡബ്ല്യു.ഡി അധികൃതര്‍ തിരിഞ്ഞ് നോക്കാത്തതില്‍ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
റോഡിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ ഉള്‍പ്പടെയുളള ജനപ്രതിനിധികള്‍ക്കും പി.ഡബ്ല്യു.ഡി അധികൃതര്‍ക്കും നിവേദനം നല്‍കി കാത്തിരിക്കുകയാണ് നാട്ടുകാര്‍. റോഡ് അറ്റകുറ്റപണി നടത്തുന്നതിനുളള നടപടി സ്വീകരിച്ചില്ലെങ്കില്‍ മൂവാറ്റുപുഴ പി.ഡബ്ല്യു.ഡി അസി. എക്‌സ്‌ക്യുട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് മെമ്പര്‍മാരായ പി.എസ് ഗോപകുമാറും, നസീമ സുനിലും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."