വിദ്യാര്‍ഥികള്‍ പറഞ്ഞതെല്ലാം ശരിവച്ച് ഉപസമിതി റിപ്പോര്‍ട്ട്; ഭാവി മരുമകള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കി
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയില്‍ ഗുരുതര ചട്ടലംഘനമെന്ന് ഉപസമിതി റിപ്പോര്‍ട്ട്. പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിന് വ്യക്തമായ തെളിവുണ്ടെന്നും ഉപസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ ഉന്നയിച്ച പരാതികള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രിന്‍സിപ്പാളിന് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. ഭാവി മരുമകള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കി. 50 ശതമാനം മാത്രം ഹാജരുള്ള ഈ വിദ്യാര്‍ഥിക്ക് 20ല്‍ 19 മാര്‍ക്കും ഇന്റേണല്‍ ആയി നല്‍കി.
വനിതാ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യതയ്ക്കു ഭംഗംവരുത്തുന്ന രീതിയില്‍ കാമറകള്‍ വച്ചു.
പ്രിന്‍സിപ്പാള്‍ കുട്ടികളെ വംശീയമായി അധിക്ഷേപിച്ചു എന്നത് ശരിയാണ്. വിദ്യാര്‍ഥികള്‍ ഹാജരാക്കിയ ശബ്ദരേഖ ഇതിനു തെളിവ്. മെറിറ്റ് അട്ടിമറിക്കപ്പെട്ടു. ഹാജര്‍രേഖകളില്‍ പ്രിന്‍സിപ്പാള്‍ കൈകടത്തിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരുപാടു നിയമവിദഗ്ധരെ ഇന്ത്യയ്ക്കു സംഭാവന ചെയ്ത ഈ സ്ഥാപനം പ്രിന്‍സിപ്പാളിന്റെ ദുര്‍ഭരണം നിമിത്തം അധപ്പതനത്തിന്റെ വക്കിലാണെന്നു പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.
ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."