വാര്‍ഷിക പദ്ധതി: തലശ്ശേരി നഗരസഭ സംസ്ഥാനത്ത് ഏറ്റവും പിന്നില്‍
തലശ്ശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2016-17 വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ ഏറ്റവും പിറകിലായി പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയ നഗരസഭകളില്‍ തലശ്ശേരി നഗരസഭ ഒന്നാം സ്ഥാനത്ത്. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന സംസ്ഥാന കോഓഡിനേഷന്‍ കമ്മറ്റിയുടെ അവലോകന യോഗത്തിലാണ് 16.01.2017 വരെയുള്ള പദ്ധതി അവലോകനം നടത്തിയത്.
യോഗത്തില്‍ നഗരസഭ ജില്ലാ പഞ്ചായത്തുകള്‍, കോര്‍പറേഷനുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിങ്ങനെ നാല് പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളിലും നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിലാണ് ഏറ്റവും പിറകിലായി വാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കിയ നഗരസഭയില്‍ ഒന്നാം സ്ഥാനത്ത് തലശ്ശേരി എത്തിയത്. സംസ്ഥാനത്ത് 10 നഗരസഭകളാണ് പദ്ധതി പ്രവര്‍ത്തനത്തില്‍ പിറകിലുള്ളത്.
ഈരാറ്റുപേട്ട, ചങ്ങനാശ്ശേരി, മൂവാറ്റുപുഴ, കോട്ടയ്ക്കല്‍, അടൂര്‍, കല്‍പ്പറ്റ, ചെര്‍പ്പുളശ്ശേരി, തിരൂരങ്ങാടി, കോട്ടയം എന്നീ ഒന്‍പത് പിറകില്‍ നില്‍ക്കുന്ന നഗരസഭകളില്‍ തലശ്ശേരി നഗരസഭ പദ്ധതിയിനത്തില്‍ ചിലവഴിച്ചത് കേവലം 6.38 ശതമാനമാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ ജില്ലയിലെ നഗരസഭകളുടെ അവലോകന യോഗം നടത്തിയിരുന്നു.
അനുവദിക്കപ്പെട്ട തുകയുടെ രണ്ട് ശതമാനത്തോളമാണ് ചെലവഴിച്ചതെന്ന കണക്കുകളാണ് നഗരസഭ കലക്ടറുടെ മുമ്പാകെ അവതരിപ്പിച്ചത്. തലശ്ശേരി നഗരസഭയിലെ എന്‍ജിനീയറിങ് വിഭാഗത്തെ ഉടച്ചുവാര്‍ക്കുക വഴി കാര്യപ്രാപ്തി ഉള്ള മുഴുവന്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയും എന്‍ജിനീയര്‍മാരെയും ജില്ലയുടെ വിദൂര സ്ഥലങ്ങളില്‍കിടക്കുന്ന പഞ്ചായത്തുകളിലേക്കും മറ്റും സ്ഥലംമാറ്റുക വഴി തലശ്ശേരി നഗരസഭയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളും അവതാളത്തിലായിരുന്നു. മന്ത്രിയുടെ ചേമ്പറില്‍ നിന്നും തദ്ദേശ സ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരുടെ രൂക്ഷ വിമര്‍ശനം തലശ്ശേരി നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടായതായും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."