ഹജ്ജ്; കൂടുതല്‍ അപേക്ഷകര്‍ ഇത്തവണയും കേരളത്തില്‍
കൊണ്ടോട്ടി:സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പോകാന്‍ അപേക്ഷിച്ചവരുടെ എണ്ണം എഴുപതിനായിരം കവിഞ്ഞു. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച സംസ്ഥാനമെന്ന ഖ്യാതി ഇത്തവണയും കേരളത്തിനാകും. ഹജ്ജ് അപേക്ഷ സ്വീകരണം ഇനിയും ഒരാഴ്ച കൂടിയുള്ളതിനാല്‍ അപേക്ഷകരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാളും വര്‍ധിക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം 76,417 പേരാണ് കേരളത്തില്‍ അപേക്ഷകരായുണ്ടായിരുന്നത്. ഇക്കഴിഞ്ഞ രണ്ട് മുതലാണ് ഹജ്ജ് അപേക്ഷ സ്വീകരണം തുടങ്ങിയത്. 24 വരെയായിരുന്നു നേരത്തെ തിയതി നിശ്ചയിച്ചതെങ്കിലും പിന്നീട് ഫെബ്രുവരി ആറിലേക്ക് നീട്ടുകയായിരുന്നു.
ഹജ്ജിന് എഴുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്കും നറുക്കെടുപ്പ് കൂടാതെ നേരിട്ട് അവസരം ലഭിക്കും. എഴുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടെ അപേക്ഷ ആയിരം കവിഞ്ഞു. അഞ്ചാം വര്‍ഷക്കാരും 9,000 ലേറെയായി. ശേഷിക്കുന്നവരില്‍ നറുക്കെടുപ്പ് നടത്തി തീര്‍ഥാടകരെ കണ്ടെത്തും. നറുക്കെടുപ്പ് മാര്‍ച്ച് ആദ്യവാരത്തില്‍ നടത്തും.
അപേക്ഷകരില്‍ രണ്ടാം സ്ഥാനത്ത് ഇത്തവണയും മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയില്‍ അരലക്ഷത്തോളം അപേക്ഷകളാണ് ഇതിനകം ലഭിച്ചത്. അപേക്ഷകരില്‍ മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 45,000 അപേക്ഷകളാണ് ഇതിനകം ലഭിച്ചത്. ഉത്തരാഖണ്ഡിലും ഇത്തവണയും അപേക്ഷകര്‍ കൂടുതലാണ്.
എന്നാല്‍ പശ്ചിമ ബംഗാള്‍, ബീഹാര്‍,അസം,ത്രിപുര സംസ്ഥാനങ്ങളില്‍ ഹജ്ജ് അപേക്ഷകര്‍ കുറവാണ്. മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ ക്വാട്ട വീതിക്കുമെന്നതിനാല്‍ ഇവിടെങ്ങളിലെ അപേക്ഷകരുടെ കുറവ് കൂടുതല്‍ അപേക്ഷകരുള്ള കേരളത്തിന് ഏറെ ഗുണം ചെയ്യും.
ഹജ്ജ് അപേക്ഷ നല്‍കാനെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചതിനാല്‍ ഹജ്ജ് ഹൗസ് രാത്രി ഏറെ വൈകിയും, അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. നറുക്കെടുപ്പിന് മുന്‍പായി അപേക്ഷകളുടെ ഡാറ്റാഎന്‍ട്രി പൂര്‍ത്തിയാക്കി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."