ആര്‍.എസ്.എസ് കാര്യാലയങ്ങളില്‍ കൊലയാളികളെ സംരക്ഷിക്കുന്നുവെന്ന് മുന്‍ പ്രവര്‍ത്തകന്‍
തിരുവനന്തപുരം: തലശ്ശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍, പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ ധന്‍രാജ് എന്നിവരുടെ കൊലയാളികളെ തിരുവനന്തപുരത്ത് വിവിധ ആര്‍.എസ്.എസ് കാര്യാലയങ്ങളില്‍ സംരക്ഷിക്കുന്നതായി മുന്‍ ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍ എസ്. വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. ആര്‍.എസ്.എസ് തടവറയില്‍ 38 ദിവസത്തെ കൊടും പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിഷ്ണു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയിലും ഇക്കാര്യമുണ്ട്.
ആര്‍.എസ്.എസ് ആറ്റിങ്ങല്‍ ശാരീരിക് ശിക്ഷാപ്രമുഖായിരുന്ന വിഷ്ണു തനിക്ക് നേരിടേണ്ടിവന്ന പീഡനം സംബന്ധിച്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ധന്‍രാജ് വധക്കേസിലെ പ്രതിയായ ആര്‍.എസ്.എസ് പ്രചാരകന്‍ കണ്ണന്‍ എന്ന അജീഷിനെ ആറ്റിങ്ങല്‍ കാര്യാലയത്തില്‍ സംരക്ഷിച്ച വിവരം താനാണ് പൊലിസിന് കൈമാറിയതെന്ന് വിഷ്ണു പറഞ്ഞു. ഇതനുസരിച്ച് കണ്ണൂരില്‍ നിന്നെത്തിയ അന്വേഷണ സംഘം കണ്ണനെ ആറ്റിങ്ങല്‍ കാര്യാലയത്തിനു സമീപത്തുനിന്നു പിടികൂടി.
പയ്യന്നൂരില്‍ തമ്പടിച്ച് കൊലപാതകം നടത്തിയ കണ്ണനെ ആറ്റിങ്ങലില്‍ എത്തിച്ച് സംരക്ഷിക്കുകയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടയിലും കണ്ണന്‍ ആറ്റിങ്ങലില്‍ വിവിധ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ ശേഷവും കണ്ണന്‍ ആറ്റിങ്ങല്‍ കേന്ദ്രീകരിച്ച് അക്രമങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. ഫസല്‍ വധത്തില്‍ പങ്കെടുത്തെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷിനോജ് വെളിപ്പെടുത്തിയ പലരും ഇപ്പോഴും ആറ്റിങ്ങല്‍ കാര്യാലയത്തിലുണ്ടെന്നും വിഷ്ണു പറഞ്ഞു.
ഫസലിനെ വധിച്ചത് ആര്‍.എസ്.എസുകാരാണെന്ന ഷിനോജിന്റെ വെളിപ്പെടുത്തല്‍ പൊലിസ് സി.ബി.ഐക്ക് കൈമാറിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. തലസ്ഥാനത്തെ പ്രമുഖ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വധിക്കാനുള്ള ആര്‍.എസ്.എസ് നീക്കത്തെക്കുറിച്ചും വിഷ്ണു വെളിപ്പെടുത്തിയിട്ടുണ്ട്.
അഞ്ചുതെങ്ങ് പെന്തകോസ്ത് പള്ളി ആക്രമണം, ആറ്റിങ്ങലില്‍ പോത്തുകച്ചവടക്കാരുടെ വാഹനം തടഞ്ഞ് ആക്രമണം, മാമത്തെ സി.പി.എം രക്തസാക്ഷി മണ്ഡപം തകര്‍ക്കല്‍ എന്നിവയിലെ പ്രതികളെക്കുറിച്ചും അറിയാമെന്ന് വിഷ്ണു വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ ചുമതല വഹിക്കുന്ന കേന്ദ്രങ്ങളില്‍ വര്‍ഗീയകലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കലാണ് ആര്‍.എസ്.എസ് പ്രചാരകരുടെ ലക്ഷ്യമെന്നും വിഷ്ണു പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."