പിടിപ്പുകേടിന്റെ ഡയറിക്കുറിപ്പെന്ന് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: സി.പി.ഐ മന്ത്രിമാര്‍ ഇടഞ്ഞതോടെ അച്ചടിച്ച സര്‍ക്കാര്‍ ഡയറി പിന്‍വലിച്ചതിന് പിന്നാലെ കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ഡയറിയും അബദ്ധ പഞ്ചാംഗമായി മാറിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇങ്ങനെപോയാല്‍ ഡയറിയുമായി ബന്ധപ്പെട്ട അബദ്ധങ്ങളെ കുറിച്ച് മാത്രം ഒരു ഡയറിക്കുറിപ്പ് എഴുതാമെന്നും അബദ്ധങ്ങള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ ചെന്നിത്തല പരിഹസിച്ചു.
നിലവിലെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് പരേതരായ മഹാന്മാരെ നിയമിച്ചാണ് പിടിപ്പുകേടിന്റെ പുതിയ ഡയറിക്കുറിപ്പെന്നും ചെന്നിത്തല പോസ്റ്റില്‍ കുറിച്ചു. സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസില്‍ ചെയര്‍മാനായി സാംസ്‌കാരിക വകുപ്പ് മന്ത്രി ഇപ്പോഴും കെ.സി ജോസഫ് തന്നെയാണ്. ഡയറിയിലെ വിവരം അനുസരിച്ചു നിര്യാതനായ പ്രൊഫ. എരുമേലി പരമേശ്വര പിള്ളയാണ് നിരണം കണ്ണശ്ശ സ്മാരകത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്. പുതിയ പ്രസിഡന്റായി പ്രൊഫ. എ. ലോപ്പസ് ചുമതലയേറ്റ് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും അക്കാദമിക്ക് കുലുക്കമില്ല. വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ മെമ്പര്‍ സെക്രട്ടറി കസേരയില്‍ ബാലുകിരിയത്ത് മാറി എം.ആര്‍ ജയഗീത എത്തിയതും കൈപ്പുസ്തകം തയാറാക്കിയവര്‍ അറിഞ്ഞമട്ടില്ല. തകഴി സ്മാരക സെക്രട്ടറിയായി അച്ചടിച്ചിരിക്കുന്നത് അന്തരിച്ച ദേവദത്ത് ജി. പുറക്കാടിന്റെ പേരാണ്. പുതിയ സെക്രട്ടറി അഡ്വ. ജെ. സനല്‍കുമാറിനെ കുറിച്ച് പരാമര്‍ശം പോലുമില്ല. ഡയറി പോലും തെറ്റ് കൂടാതെ അച്ചടിച്ച് ഇറക്കാന്‍ കഴിയാത്തവര്‍ എന്ന് വീണ്ടും പിണറായി സര്‍ക്കാര്‍ തെളിയിച്ചു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."