അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ല: മന്ത്രി എം.എം മണി
കോഴിക്കോട്: അതിരപ്പിള്ളി പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും പദ്ധതിക്ക് കേന്ദ്രത്തിന്റെ എല്ലാ അനുമതിയും ലഭിച്ചതാണെന്നും വൈദ്യുതി മന്ത്രി എം.എം മണി. എന്നാല്‍ അനാവശ്യ വിവാദങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നത്.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ വേണം. പരിസ്ഥിതി പ്രശ്‌നങ്ങളും മറ്റും പറഞ്ഞ് വലിയ എതിര്‍പ്പാണ് ഉണ്ടാകുന്നത്. ഇതില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും പദ്ധതിക്ക് അനുകൂലമായി ജനങ്ങളെ അണിനിരത്താനും ശ്രമിക്കും. കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച 'കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയും പരിഹാരവും' സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന വൈദ്യുതി ബോര്‍ഡ് 6000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയിലാണ്. ഏപ്രില്‍, മെയ് മാസങ്ങളില്‍ വൈദ്യുതി ഉപയോഗം വര്‍ധിക്കും. എങ്കിലും പവര്‍കട്ടും ലോഡ്‌ഷെഡിങും ഇല്ലാതെ നോക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എഴുപത് ശതമാനം വൈദ്യുതിയും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. വൈദ്യുതി കൊണ്ടുവരാനുള്ള ലൈനിന്റെ അപര്യാപ്തതയും നേരിടുന്നുണ്ട്.
മലബാറിലെ വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാണ്. മലബാറില്‍ ഉല്‍പാദന നിലയങ്ങള്‍ കുറവാണ്. ഇവിടേക്ക് വൈദ്യുതി ലൈനും കുറവാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. 8675 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
തൃശൂര്‍ നിന്നും കാസര്‍കോട് വരെ 220 കെ.വി ലൈന്‍ 400 കെ.വിയായി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടി തുടങ്ങിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയില്‍ പുതിയ സബ് സ്‌റ്റേഷനുകള്‍ തുടങ്ങും.
കുന്നമംഗലം(220 കെ.വി), കളിപ്പൊയ്ക (110 കെ.വി) എന്നിവ പരിഗണനയിലാണ്. മലപ്പുറം ജില്ലയിലെ പുളിക്കലില്‍ 110 കെ.വി സബ് സ്‌റ്റേഷന്‍ നിര്‍മിക്കും.
കോഴിക്കോട് അത്തോളിയില്‍ 400 കെ.വി സബ് സ്‌റ്റേഷന്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. പുതിയ കേന്ദ്ര നിയമമനുസരിച്ച് വൈദ്യുതി ചാര്‍ജ് വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ റഗുലേറ്ററി കമ്മിഷനാണ് തീരുമാനിക്കുന്നത്. റഗുലേറ്ററി കമ്മിഷന് സ്വതന്ത്രാധികാരമാണുള്ളത്.
വൈദ്യുതി നിരക്ക് ഉയര്‍ത്തുന്ന കാര്യം കമ്മിഷന്‍ ഇതുവരെ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും എം.എം മണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."