ബൈക്കുകള്‍ മോഷ്ടിച്ച് കറങ്ങുന്ന വിദ്യാര്ഥികള്ക്കെതിരേ കേസ്
വെള്ളമുണ്ട: ബൈക്കുകള്‍ മോഷ്ടിച്ച് കറങ്ങുന്ന വിദ്യാര്‍ഥികളെ പിടികൂടി. ഇവര്‍ക്കെതിരേ പൊലിസ് കേസുമെടുത്തു. മറ്റുള്ളവര്‍ പാര്‍ക്ക് ചെയ്തിട്ട് പോകുന്ന ബൈക്ക് പ്ലഗ്ഗൂരിയശേഷം ഉടമസ്ഥരറിയാതെ എടുത്തുകൊണ്ടുപോയി സമീപ പ്രദേശങ്ങളിലും മറ്റും കറങ്ങിയടിച്ചശേഷം യഥാസ്ഥാനത്ത് കൊണ്ടുവച്ച് മുങ്ങുകയുമാണ് കുട്ടി വിരുതന്മാരുടെ സ്വഭാവം.
ഉടമസ്ഥരാകട്ടെ ബൈക്ക് കാണാതെ വരുമ്പോള്‍ അങ്കലാപ്പിലാകുകയും പൊലിസില്‍ പരാതിനല്‍കുകയും ചെയ്യുകയാണ് പതിവ്. ഇത്തരത്തില്‍ വെള്ളമുണ്ട കെ.എസ്.ഇ.ബി ജീവനക്കാരന്റെ ബൈക്ക് കഴിഞ്ഞദിവസം മോഷണം പോയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥികള്‍ കുടുങ്ങിയത്. ബൈക്ക് മോഷണം പോയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. രാവിലെ ഓഫിസ് പരിസരത്ത് കൊണ്ടുവച്ച ബൈക്കാണ് മോഷണം പോയത്.
വൈകുന്നേരം ഓഫിസ് സമയം കഴിഞ്ഞ് കണിയാരത്തെ താമസസ്ഥലത്തേക്ക് പോകാന്‍ നോക്കുമ്പോഴാണ് ബൈക്ക് കാണാത്തത് ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് വെള്ളമുണ്ട പൊലിസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ രാത്രിയില്‍ ബൈക്ക് നഷ്ടപ്പെട്ട സ്ഥലത്തുനിന്നും അല്പം മാറി കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് രണ്ട് വിദ്യാര്‍ഥികളാണ് ബൈക്ക് അവിടെ കൊണ്ടുവച്ചതെന്നുള്ള കാര്യം പുറത്തായത്. പിന്നീട് നാട്ടുകാരുടെ അന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ പിടിയിലാവുകയായിരുന്നു. ആദ്യം രണ്ടുപേര്‍ ബൈക്കെടുത്ത് കറങ്ങാന്‍ പോകുകയും, പിന്നീട് തിരിച്ചെത്തി മറ്റൊരു വിദ്യാര്‍ഥിയേയും കൊണ്ട് പോകുകയായിരുന്നു. ഈ പരിപാടി ഇവര്‍ കുറേകാലങ്ങളായി ആവര്‍ത്തിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ട പൊലിസ് വിദ്യാര്‍ഥികളായ മൂന്നു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. സ്കൂള്‍ സമയത്ത് ക്ലാസ് കട്ട് ചെയ്ത് കൂട്ടുകാരോടൊപ്പം കറങ്ങിയടിക്കുന്നതിനായാണ് കുട്ടികള്‍ ഇത്തരം മാര്‍ഗങ്ങള്‍ തേടുന്നതെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."