പൊലിസ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ചട്ടുകമായി മാറുന്നു: ടി.ജെ വിനോദ്
കൊച്ചി: പൊലിസ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ചട്ടുകമായി മാറുന്നുവെന്നു ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്. മഹാരാജാസിലും ലോ കോളേജിലും തുടര്‍ച്ചയായി അക്രമ പ്രവര്‍ത്തനം നടത്തുന്ന എസ്്.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുകയും കെ.എസ്.യു പ്രവര്‍ത്തകരുടെ വീടുകളില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ പൊലിസ് റെയ്ഡ് നടത്തുകയും ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചവര്‍ക്കെതിരേ യാതൊരു നടപടിയുമെടുക്കാതെ പൊലിസ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരേ 11 കേസെടുക്കുകയും വീടുകളില്‍ രാത്രിയിലെത്തി റെയ്ഡ് നടത്തുകയുമാണ്. കെ.എസ്.യുവിനും എസ്.എഫ്.ഐക്കും രണ്ടു നീതിയാണ് പൊലിസിന്. മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കിടക്കുന്ന കെ.എസ്.യു പ്രവര്‍ത്തകരെപ്പോലും പ്രതികളാക്കുന്നു.
അതേസമയം മഹാരാജാസ് കോളജില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയറിയത് കല്ലെറിഞ്ഞപ്പോഴുണ്ടായ സ്വാഭാവിക പ്രതികരണമാണ്. അതിനെ ന്യായീകരിക്കുന്നില്ല. കോളജിലെ വസ്തുവകകള്‍ക്കുണ്ടായ നഷ്ടം നികത്തും. ഫര്‍ണിച്ചറുകള്‍ നിര്‍മിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ സമ്മേളനത്തിന്റെ പ്രചാരണ കൊടികളും ബോര്‍ഡുകളും നശിപ്പിച്ചതിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
പൊലിസ് ഇത്തരം പ്രവൃത്തി തുടര്‍ന്നാല്‍ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹ പറഞ്ഞു. ഡി.സി.സി ഓഫിസില്‍ നടന്ന പത്രസമ്മേളനത്തില്‍ ഡിസിസി ഭാരവാഹികളായ എം ആര് അഭിലാഷ്, മുഹമ്മദ് ഷിയാസ്, ജോസഫ് ആന്റണി, ഷെറിന് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."