ജില്ലയില്‍ 113190 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി
കോട്ടയം: ജില്ലയില്‍ 113190 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ മരുന്ന് നല്‍കി. പോളിയോ രോഗപ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ നടന്ന തുള്ളിമരുന്ന് വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അഡ്വ.കെ. സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വഹിച്ചു.
രാജ്യത്തുനിന്ന് പോളിയോ രോഗം പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടെങ്കിലും പ്രതിരോധ മരുന്ന് കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ലോകരാഷ്ട്രങ്ങളില്‍ ചിലത് ഈ വിപത്തില്‍ നിന്ന് മുക്തി നേടാത്തിടത്തോളം ലോകം പോളിയോമുക്തമായി എന്ന് പറയാന്‍ കഴിയില്ല.
പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നൈജീരിയ എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും പോളിയോ റിപ്പാര്‍ട്ടു ചെയ്യുന്നുണ്ട്. മലയാളികള്‍ കൂടുതലായി വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിനാലും ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ധാരാളമായി ജോലി ചെയ്യുന്നതിനാലും തുടച്ചു നീക്കപ്പെട്ട ഈ രോഗം പുനര്‍ജനിക്കില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. അതിനാല്‍ വാക്‌സിനേഷന്‍ തുടരണം. പോളിയോ രോഗത്തിന്റെ ദുരന്തഫലങ്ങള്‍ സ്വന്തം കുടുംബത്തിലോ അയല്‍വക്കത്തോ കണ്ടും കേട്ടും അനുഭവിക്കേണ്ടി വന്ന ഒരു കാലഘട്ടം അവസാനിച്ചത് ആരോഗ്യ രംഗത്ത് കേരളം കൈവരിച്ച മഹത്തായ നേട്ടമാണ്.
കേരളത്തില്‍ 2000നു ശേഷവും ഇന്ത്യയില്‍ 2011നു ശേഷവും രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജേക്കബ് വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. പി. മോഹന്‍ദാസ്, വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഗണേഷ്, ഡെപ്യൂട്ടി ഡിഎം.ഒ ഡോ. കെ.ആര്‍ രാജന്‍, ഡോ.എസ്. അജിത്ത്, റോട്ടറി ഇന്റര്‍നാഷണല്‍, ലയണ്‍സ് ക്ലബ് പ്രതിനിധികളായ സി.എല്‍ ജോണ്‍, പി. കെ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ.ബി. തങ്കമ്മ സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫിസര്‍ കെ. ദേവ് നന്ദിയും പറഞ്ഞു.
ജില്ലയില്‍ 1,23,607 കുട്ടികള്‍ക്കാണ് മരുന്ന് നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. 91.57 ശതമാനം കുട്ടികള്‍ക്ക് ഇന്നലെ മരുന്ന് നല്‍കിയിട്ടുണ്ട്.
മുഴുവന്‍ കുട്ടികള്‍ക്കും മരുന്ന് നല്‍കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി അടുത്ത ദിവസങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എല്ലാ വീടുകളും സന്ദര്‍ശിച്ച് മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് കൂടി മരുന്ന് നല്‍കി യജ്ഞം പൂര്‍ത്തീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."