യാത്രക്കാരെ ദുരിതത്തിലാക്കി ജലഗതാഗത വകുപ്പ്
ആലപ്പുഴ: യാത്രാ ബോട്ടുകള്‍ ജെട്ടികളില്‍ അടുപ്പിക്കാതെ യാത്രക്കാരെ ദുരിതത്തിലാക്കി ജലഗതാഗത വകുപ്പ്. ജെട്ടികളില്‍ അടിഞ്ഞുകൂടിയിട്ടുളള മാലിന്യവും വെളളകുറവുമാണ് ബോട്ടുകള്‍ അടുപ്പിക്കാന്‍ പ്രയാസമാകുന്നത്. ജെട്ടികളില്‍ എത്താത്തതിനാല്‍ ബോട്ടുകള്‍ ഏറെദൂരം മാറിയാണ് കരയിലടിപ്പിക്കുന്നത്. ഇതുമൂലം ഏറെ ദുരിതത്തിലായിരിക്കുകയാണ് യാത്രക്കാര്‍. കുട്ടനാടിന്റെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് ജലമാര്‍ഗം യാത്ര ചെയ്യുന്നവരാണ് ഇതുമൂലം പ്രയാസപ്പെടുന്നത്.
യാഥാസമയം ജെട്ടിക്ക് സമീപമുളള പാര്‍ക്കിങ് വശങ്ങള്‍ ആഴം വര്‍ധിപ്പിച്ച് ഏതുതരം ബോട്ടുകള്‍ക്കും ജെട്ടിയിലേക്ക് കയറി കിടക്കാന്‍ പാകത്തില്‍ സജ്ജമാക്കണമെന്നാണ്. എന്നാല്‍ കടുത്ത വേനല്‍ എത്തിയിട്ടും ഇത്തരം യാതൊരു സംവിധാനവും ഉണ്ടാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ ആകെയുളള തടി ബോട്ടുകള്‍ മാത്രമാണ് ജെട്ടികളില്‍ ഏറെ പണിപ്പെട്ട് അടുക്കുന്നത്. ഇരുമ്പ് നിര്‍മിത ബോട്ടുകള്‍ എല്ലാം തന്നെ ജെട്ടിയില്‍നിന്നും ഏറെദൂരം മാറ്റിയാണ് കരയിലടിപ്പിക്കുന്നത്. സാധന സാമഗ്രികളുമായി യാത്രക്കെത്തുന്നവര്‍ അരകിലോമീറ്ററോളം ചുമടെടുത്തുവേണം യാത്ര അവസാനിപ്പിക്കാന്‍.
ചെളിയില്‍ പൂണ്ടു പോകുന്ന ബോട്ടുകള്‍ ഉയര്‍ത്താന്‍ സംവിധാനം ഇല്ലാത്തതും ഡ്രൈവര്‍മാര്‍ക്ക് ദുരിതമാകുന്നുണ്ട്. ഒരു ബോട്ട് ചെളിയില്‍ ഉറച്ചു കഴിഞ്ഞാല്‍ പിന്നീട് ആവശ്യമായ സുരക്ഷ ഉറപ്പാക്കാതെ യാത്രക്ക് വിടാന്‍ പാടില്ലെന്നതാണ് ചട്ടം. ഇതിനാല്‍ ബോട്ടുകള്‍ ചെളിയില്‍ ഉറയ്ക്കാതെ നോക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം ലഭിച്ചതിനാലാണ് ജെട്ടിയില്‍നിന്നും ബോട്ടുകള്‍ മാറ്റി പിടിക്കാന്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധിതരാകുന്നത്.
നിലവില്‍ 54 ഇരുമ്പു ബോട്ടുകളും 15 ഓളം തടിബോട്ടുകളുമാണ് ജലഗതാഗത വകുപ്പിന്റെ കീഴില്‍ സര്‍വീസ് നടത്തുന്നത്. ഇവയില്‍ ഇരുപതോളം ബോട്ടുകള്‍ സര്‍വീസിന് യോഗ്യമല്ലാത്ത രീതിയില്‍ കരയിലും കായലിലുമായി വിശ്രമിക്കുകയാണ്. ആവശ്യമായ സര്‍വീസുകളൊ അറ്റകുറ്റ പണികളോ നടത്താതെ ബോട്ടുകള്‍ തുരുമ്പെടുക്കുന്ന സാഹചര്യമാണുളളത്. ഇവയില്‍ പലതും ആലപ്പുഴ യാര്‍ഡില്‍ ഉപേക്ഷിച്ച നിലയിലാണ്. അധികം തുക ചെലവില്ലാതെ അറ്റകുറ്റ പണികള്‍ നടത്തി സര്‍വീസ് നടത്താന്‍ കഴിയുന്ന ബോട്ടുകളും വിശ്രമത്തിലിരിക്കുന്ന ബോട്ടുകളിലുളളതായി പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."