കൗതുകക്കാഴ്ചയായി വെഞ്ചാലിയിലെ ചുവന്ന ആമ്പല്‍ പൂക്കള്‍
തിരൂരങ്ങാടി: വിരിഞ്ഞു നില്‍ക്കുന്ന ആമ്പല്‍പൂക്കള്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്നു. വെഞ്ചാലി കാപ്പിലെ തോടുകളിലാണ് തഴച്ചുവളരുന്ന ചുവന്ന ആമ്പല്‍ പൂക്കളാല്‍ സമൃദ്ധമായത്. കാപ്പിലും തോട്ടിലും പരിസരങ്ങളിലും ചുവന്ന ആമ്പല്‍ വ്യാപകമായുണ്ടായിരുന്നെങ്കിലും ജലദൗര്‍ലഭ്യത കാരണം പലഭാഗത്തും നശിച്ചുപോയി. ശേഷിക്കുന്ന ആമ്പല്‍ മൊട്ടുകളാണ് തോടുകളില്‍ വിരിഞ്ഞു നില്‍ക്കുന്നത്. പുലര്‍ച്ചെയോടെ വിരിഞ്ഞു വെയില്‍ ചൂട് പിടിക്കുന്നതോടെ കൂമ്പിയടയുന്നതാണ് ചുവന്ന ആമ്പലിന്റെ പ്രത്യേകത. വീണ്ടും വിരിയണമെങ്കില്‍ അടുത്ത പുലര്‍ച്ചയ്ക്കായി കാത്തിരിക്കണം.
പതിറ്റാണ്ടുകള്‍ക്കു മുമ്പ് കാപ്പും പരിസര വയലുകളും വെള്ളാമ്പല്‍ കൊണ്ട് സമൃദ്ധമായിരുന്നു. എന്നാല്‍ കര്‍ഷകര്‍ കൂടുതല്‍ ഭൂമി കൃഷിക്കായി ഉപയോഗിച്ചതോടെ കാലക്രമേണെ വെളുത്ത ആമ്പല്‍ കാപ്പില്‍ മാത്രമായി ചുരുങ്ങുകയായിരുന്നു. അടുത്തകാലത്താണ് വെഞ്ചാലിയില്‍ ചുവന്ന ആമ്പല്‍ കണ്ടുതുടങ്ങിയത്. ദിനംപ്രതി ഇവ തോടിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."