എന്നു കത്തും സര്‍ നിലമ്പൂരിലെ ട്രാഫിക് സിഗ്നലുകള്‍..?
നിലമ്പൂര്‍: നഗരസഭയില്‍ ഗോള്‍ഡ് പാര്‍ക്ക് ജങ്ഷനിലും താഴെ ചന്തക്കുന്നിലുമായി രണ്ട് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ നോക്കുകുത്തിയിട്ട് രണ്ടരവര്‍ഷം. 18,41,330 രൂപ ചെലവഴിച്ചാണ് പ്രസ്തുത സിഗ്നലുകള്‍ സ്ഥാപിച്ചത്. കെല്‍ട്രോണാണ് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ചത്. നിയമപരമായ നടപടികളോടെയും ശാസ്ത്രീയമായ പഠനങ്ങളോടെയും വേണ്ടത്ര സാങ്കേതികമായ മുന്നൊരുക്കങ്ങളോടെയും അല്ല സിഗ്നല്‍ സ്ഥാപിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കെ തന്നെയായിരുന്നു ഇതു സ്ഥാപിച്ചത്.
സമയക്രമങ്ങള്‍ മാറ്റിമാറ്റി നിശ്ചയിച്ചുവെങ്കിലും സിഗ്നലുകള്‍ക്ക് പുറമെ ഒരു ഹോംഗാര്‍ഡിനെയും സ്ഥിരമായി നിര്‍ത്തിയിട്ടും പ്രശ്‌നങ്ങള്‍ അനുദിനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ സിഗ്നലുകള്‍ സ്ഥാപിച്ച മാസങ്ങള്‍ക്കുള്ളില്‍ ചന്തക്കുന്ന്, നിലമ്പൂര്‍ ട്രാഫിക് സിഗ്നലുകള്‍ ഓഫ് ചെയ്തു. വാഹനങ്ങള്‍ സിഗ്‌നല്‍ അനുസരിച്ച് കാത്തു നില്‍ക്കാന്‍ വേണ്ടത്ര സ്ഥലമില്ല എന്നതും മറ്റൊരു വസ്തുതയാണ്. രേഖയില്‍ പോലും 10.8 മീറ്റര്‍ മാത്രമാണ് വീതി. പലപ്പോഴും 15 മുതല്‍ 25 സെക്കന്റ് വരെ സമയത്തിനുള്ളില്‍ മാത്രം 400 മീറ്ററുകള്‍ വരെ സ്ഥലത്ത് വാഹനങ്ങളുടെ നിര ഉണ്ടായി. പല ദിവസങ്ങളിലും ഒരു ഭാഗത്ത് ട്രാഫിക് ജാം കീര്‍ത്തിപ്പടിഭാഗത്തേക്ക് നീണ്ടത് അധികൃതര്‍ കണ്ടില്ലെന്ന് നടിച്ചു. ട്രാഫിക് സിഗ്നലുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് നിലമ്പൂര്‍ എസ്.ഐ രേഖാമൂലം മേലധികാരികള്‍ക്ക് എഴുതിക്കൊടുക്കുകയും ചെയ്തിരുന്നു.
പ്രായോഗികമായി പഠിച്ചശേഷമല്ലാതെ ഇത്തരം പരിഷ്‌ക്കരണങ്ങള്‍ നടത്തി കണ്ണടച്ച് ഇരുട്ടാക്കി ഇരുപതു ലക്ഷത്തോളം രൂപ ചിലവഴിച്ച നടപടി നിഷേധാത്മകമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അന്തര്‍ സംസ്ഥാനപാതയായ സി.എന്‍.ജി റോഡിലെ ഗതാഗതക്കുരുക്കിന് ഇലക്‌ട്രോണിക് സിഗ്നലുകള്‍ പരിഹാരം ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല ഗതാഗതക്കുരുക്ക് കൂടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സിഗ്നലുകളും ഓഫ് ചെയ്തത്.
അതേസമയം ഈ ട്രാഫിക് സിഗ്നലുകള്‍ വേണ്ടത്ര ശാസ്ത്രീയമായ പഠനങ്ങള്‍ കൂടാതെ നടപ്പിലാക്കുകയും സ്ഥാപിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് പ്രവര്‍ത്തനരഹിതമാവുകയും ചെയ്തിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ല. റോഡ് സുരക്ഷാ അതോറിറ്റി ചിലവഴിച്ച ഈ പണവും വ്യഥാവിലായി. ഈ സിഗ്നലുകള്‍ ആവശ്യമായ മറ്റിടങ്ങളിലേക്ക് മാറ്റാനും അധികൃതര്‍ മുന്‍കൈ എടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."