പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങി; ചോക്കാട്ട് നൂറോളം കുടുംബങ്ങള്‍ വെള്ളത്തിനായി അലയുന്നു
കാളികാവ്: ചോക്കാട് നാല്പത് സെന്റ് ആദിവാസി കോളനിയില്‍ കുടിവെള്ള വിതരണം മുടങ്ങി. പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്നാണ് 10 ദിവസമായി ജലവിതരണം മുടങ്ങിയത്. ജില്ലയിലെ ഏറ്റവും വലിയ ആദിവാസി കോളനിയിലെ നൂറിലധികം കുടുംബങ്ങള്‍ വെള്ളമില്ലാതെ ദുരിതത്തിലായിട്ടുണ്ട്. പൈപ്പ് പൊട്ടിയത് ഗൗനിക്കാതെ പമ്പ് ഹൗസ് ജീവനക്കാരന് ദിവസവും മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം പാഴാക്കിക്കളയുന്നതായും ആക്ഷേപമുണ്ട്.
മോട്ടോറില്‍ നിന്ന് സംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പാണ് പൊട്ടിയിട്ടുള്ളത്. മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു തുള്ളി വെള്ളം പോലും സംഭരണിയിലെത്തില്ല. ചോക്കാട് ഗ്രാമപഞ്ചായത്ത് പമ്പ് ഹൗസ് പ്രവര്ത്തിപ്പിക്കുന്നതിനു മാത്രമായി ഒരാളെ നിയോഗിച്ചിട്ടുണ്ട്. ജലവിതരണ പദ്ധതിയുടെ തകരാറുകള്‍ ജീവനക്കാരന്റെ ശ്രദ്ദയില്പ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടി എടുക്കുന്നില്ല എന്നാണ് ആദിവാസികള്‍ പറയുന്നത്.
കോളനിയുടെ മധ്യത്തിലുള്ള കിണറ്റില്‍ നിന്ന് കുടിലുകളിലേക്ക് വെള്ളമെത്തിക്കാന്‍ പ്രയാസമാണ്. പാത്രങ്ങളില്‍ കയര്‍ കെട്ടിത്തൂക്കിയാണ് ഭൂരിഭാഗം പേരും വെള്ളം എടുക്കുന്നത്. ദിവസവും പമ്പ് ചെയ്ത് വെള്ളം പാഴാക്കുന്നതിനാല്‍ കിണറിലെ ജനിരപ്പ് താഴ്ന്നിട്ടുണ്ട്. പുരുഷന്മാര് ഉള്‍പ്പടെ വെള്ളം ചുമക്കേണ്ടി വരുന്നതിനാല്‍ ജോലിക്കു പോകാനുമാകുന്നില്ല. പ്രയാസം അറിഞ്ഞിട്ടും പരിഹസിക്കുന്നതു പോലെയണ് അധികൃതര്‍ പെരുമാറുന്നതെന്ന് ആദിവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."