സംസ്ഥാന ക്ഷീരസംഗമം: കൗതുകമായി കന്നുകാലി പ്രദര്‍ശനം
പട്ടാമ്പി: ഒന്നര ലക്ഷം വിലയുള്ള വെച്ചൂര്‍ കാള, മുപ്പതിനായിരം വിലയുള്ള പേര്‍ഷ്യന്‍ പൂച്ച, ഒരു ജോഡി പൈനാപ്പിള്‍ കുണൂര്‍ വളര്‍ത്തുപക്ഷിയുടെ വില 25,000, നൂറ് ക്വിന്റല്‍ കനമുള്ള പടുകൂറ്റന്‍ മുറാഹ് എരുമ. ജന്തു വൈവിധ്യ പ്രദര്‍ശനത്തിലൂടെ ശ്രദ്ധേയമാകുകയാണ് സംസ്ഥാന ക്ഷീര സംഗമം. ഒന്നര ലക്ഷം വിലവരുന്ന വെച്ചൂര്‍ കാളയാണ് കൂട്ടത്തിലെ വി.ഐ.പി. 90 സെ.മീ മാത്രം ഉയരമുള്ള വെച്ചൂര്‍ കാള വിത്തിനമാണ്. പഞ്ചാബ് സ്വദേശി മുറാഹ് എരുമക്ക് 100 ക്വിന്റല്‍ കനം വരും.
എരുമയുടെ വലുപ്പം പ്രദര്‍ശനത്തിനെത്തുന്നവരില്‍ കൗതുകമുണര്‍ത്തും. തമിഴ്‌നാട് സ്വദേശി കങ്കയാം കാള, തെലുങ്കാന സ്വദേശി ഓങ്കോള്‍ കാള, ഗുജറാത്ത് സ്വദേശി ഗിര്‍ പശു, പഞ്ചാബില്‍ നിന്നുള്ള സഹിവാള്‍ പശു, രാജസ്ഥാനി റാത്തി പശു, പൊങ്ങാനൂര്‍ പശു, വെച്ചൂര്‍ പശുക്കള്‍, കാസര്‍ഗോടന്‍ ഡാര്‍ഫ്, ഉയരം കുറഞ്ഞ കനേഡിയന്‍ പിഗ്മി ആട്, സിരോഗി, ബീറ്റല്‍ ആടുകള്‍ എന്നീ കന്നുകാലികളാണ് പ്രദര്‍ശനത്തിനുള്ളത്.
ഇതുകൂടാതെ വളര്‍ത്തു പ്രാവുകള്‍, കോഴികള്‍, പക്ഷികള്‍ എന്നിവയും പ്രദര്‍ശനത്തിനുണ്ട്. പ്രാവുകളില്‍ കേമന്‍ ജോഡിക്ക് പതിനായിരം വിലയുള്ള റൗണ്ട് ഇനമാണ്. സിറാസ്, ലോങ്ങ് ഫേസ്, ഹിപ്പി, സാക്‌സണ്‍ പൗട്ടര്‍ എന്നീ വിദേശി പ്രാവുകളും എത്തിയിട്ടുണ്ട്. കോഴികളില്‍ ബ്രഹ്മ കോഴിക്ക് 8000 രൂപയാണ് വില, മൂന്ന് മീറ്റര്‍ നീളമുള്ള വാലുള്ള ഓണകാട്രീ കോഴിക്ക് 6000 വിലവരും. ഇതുകൂടാതെ ഇംഗഌഷുകാര്‍ കോഴിപ്പോരിന് ഉപയോഗിച്ചിരുന്ന ഇംഗഌഷ് ഗെയിന്‍ കോക്ക്, പോളിഷ് ക്യാപ്, സില്‍വര്‍ ലൈഡ്, ഹോണിക്‌സ് എന്നീ വളര്‍ത്തുകോഴി വൈവിധ്യങ്ങളും ഉണ്ട്. വ
ളര്‍ത്തു പക്ഷികളില്‍ ഒരു ജോഡി പൈനാപ്പിള്‍ കുണൂറിന് 25000 രൂപയാണ് വില. കോക്ടെയില്‍, ജാവ, ആഫ്രിക്കന്‍ ലവ് ബേര്‍ഡ്‌സ്, ഫിഞ്ചസ് എന്നിവ പക്ഷി വൈവിധ്യങ്ങളാണ്. ശരീരം മൊത്തം നീളമുള്ള രോമങ്ങളുള്ള അംഗോറ മുയലിന് 5000 രൂപ മുടക്കണം. സ്വര്‍ണ്ണ നിറമുള്ള നീളന്‍ രോമമുള്ള പേര്‍ഷ്യന്‍ പൂച്ചയുടെ വില 30000 രൂപയാണ്.
അണ്ണാന്‍ വര്‍ഗത്തിലുള്ള പറക്കുന്ന ഷുഗര്‍ ഗ്ലാഡറിന് 25000 രൂപയും വിലവരും. വളര്‍ത്തു മൃഗങ്ങളോട് താത്പര്യമുള്ളവര്‍ക്ക് എല്ലാവിധ വൈവിധ്യങ്ങളും അണിനിരത്തിയിട്ടുണ്ട്.
ഇതുവരെ കണ്ടിട്ടില്ലാത്ത വിദേശ ബ്രീഡുകളിലുള്ള വളര്‍ത്തുമൃഗങ്ങളും പക്ഷിവര്‍ഗങ്ങളും ജനങ്ങളില്‍ കൗതുകമുണര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."