അസ്‌ലമിന്റെ മാതാവിന്റെ അറസ്റ്റില്‍ പ്രതിഷേധം: പൊലിസ് ലാത്തിവീശി
കോഴിക്കോട്: ജില്ലാ കലക്ടറെ കാണാന്‍ ക്യാംപ് ഓഫിസിലെത്തിയ അസ്‌ലമിന്റെ മാതാവ് സുബൈദയേയും യൂത്ത്്‌ലീഗ് നേതാക്കളേയും അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നടക്കാവ് പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ച യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിവീശി. ഒന്‍പതു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.
ജില്ലാ കലക്ടറോട് അനുമതി വാങ്ങിയ ശേഷമായിരുന്നു രാവിലെ 11.30ഓടെ അസ്‌ലമിന്റെ ഉമ്മ കാളിയാറമ്പത്ത് താഴെക്കുനി സുബൈദ മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കളോടൊപ്പം കലക്ടറേറ്റിലെത്തിയത്. കലക്ടര്‍ വെസ്റ്റിഹില്ലിലെ വസതിയിലെ ക്യാമ്പ് ഓഫീസിലാണെന്നു അറിയിച്ചതോടെ അനുമതി വാങ്ങി അവിടെയെത്തുകയായിരുന്നു. എന്നാല്‍, അസ്‌ലമിന്റെ ഉമ്മയെയേയും ജനപ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട സംസ്ഥാന ജില്ലാ നേതാക്കളെയും കാണാന്‍ കലക്ടര്‍ കൂട്ടാക്കിയില്ല. ജില്ലാ കലക്ടറെ കാണാന്‍ ഗേറ്റിന് സമീപം കാത്തുനിന്ന അസ്‌ലമിന്റെ ഉമ്മയെയും യൂത്ത്‌ലീഗ് നേതാക്കളേയും സ്ഥലത്തെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്ത് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ നടക്കാവ് പൊലീസ് സ്റ്റേഷനു മുമ്പില്‍ തടിച്ചുകൂടിയതോടെ കസ്റ്റഡിയില്‍ എടുത്തവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാനായി പൊലിസ് ശ്രമം. അറസ്റ്റ് വരിച്ച നേതാക്കള്‍ ജാമ്യത്തില്‍ പോവില്ലെന്ന് ശഠിച്ചതോടെ മുസ്‌ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി എ.ഡി.എമ്മുമായി ബന്ധപ്പെട്ടു. ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് എ.ഡി.എം അറിയിച്ചതോടെ ജാമ്യത്തിലിറങ്ങിയ മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കളും അസ്‌ലമിന്റെ ഉമ്മയും കലക്ടറേറ്റിലെത്തി എ.ഡി.എമ്മിനെ കണ്ടു. ആവശ്യം ന്യായമാണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച നഷ്ടപരിഹാരത്തുക വിതരണത്തിന് ഉടന്‍ സര്‍ക്കാറിലേക്ക് ഫാക്‌സ് അയക്കാമെന്നും ഒരാഴ്ചക്കകം തീരുമാനമുണ്ടാവുമെന്നും എ.ഡി.എം നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.
നടക്കാവ് പൊലിസ് സ്റ്റേഷന് മുമ്പിലെത്തിയ പ്രവര്‍ത്തകരെ മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍, അഡ്വ. എ.വി അന്‍വര്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ നിയന്ത്രിച്ചു. രാവിലെ 12ഓടെ അറസ്റ്റ് വരിച്ച യൂത്ത്‌ലീഗ് നേതാക്കള്‍ക്കും അസ്‌ലമിന്റെ ഉമ്മ സുബൈദക്കും രണ്ടു മണിയോടെയാണ് ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."