ചെറുമത്സ്യങ്ങള്‍ ശേഖരിച്ച ബോട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു
ഫറോക്ക് : നിയമം ലംഘിച്ചു ചെറുമത്സ്യങ്ങള്‍ ശേഖരിച്ച ബോട്ട് ബേപ്പൂരില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. ഫിഷിംഗ് ഹാര്‍ബറില്‍ എത്തിച്ച ചെറുമത്സ്യങ്ങള്‍ ലോറിയില്‍ കയറ്റുന്നതിനിടെയാണ് ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എസ്.എസ്. ഐ സുജിത്തിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. 1,200കിലോ തൂക്കംവരുന്നവയാണ് പിടികൂടിയ മത്സ്യങ്ങള്‍. ബേപ്പൂര്‍ സ്വദേശി കെ.പി റിയാസിന്റെ ഉടമസ്ഥതയിലുളള ഗരീബ് ഷാ എന്ന ബോട്ടാണ് അനധികൃത മത്സ്യബന്ധനത്തിനു പിടിയിലായത്. കിളി, ഉലവാച്ചി എന്നീ ഇനങ്ങളില്‍പ്പെട്ട ചെറുമത്സ്യങ്ങളാണ് കസ്റ്റഡിയിലെടുത്ത ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ ഭക്ഷ്യയോഗ്യമായവ 18,000രൂപക്ക് ലേലത്തില്‍ വിറ്റു. നന്നെ ചെറുമത്സ്യങ്ങളെ കൂട്ടത്തോടെ കടലില്‍ തളളി.
ചെറുമത്സ്യങ്ങളെ പിടിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കേ കണ്ണിവലിപ്പം കുറഞ്ഞ വല ഉപയോഗിച്ചു ചെറുമത്സ്യങ്ങള്‍ പിടിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. നിയമവിരുദ്ധ മത്സ്യബന്ധനത്തിനും നിരോധിത വല ഉപയോഗിച്ചുളള മീന്‍പിടുത്തത്തിനും എതിരേ കേസ്സെടുത്തു. കസ്റ്റഡിയിലെടുത്ത ബോട്ട് തുടര്‍ നടപടിക്കായി പോലീസ് യാര്‍ഡിലേക്ക മാറ്റി. ഗ്രേഡ് എ.എസ്.ഐ കെ അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.ടി ഷാജുമോന്‍, എം.ടി രതീഷ് ബാബു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
14 ഇനം ചെറുമത്സ്യങ്ങളെ പിടികൂടുന്നത് കഴിഞ്ഞ ഒന്നരവര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. 56ഇനം മത്സ്യങ്ങള്‍ പിടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് അടുത്തിടെ കേന്ദ്ര സര്‍ക്കാരും ഇതുമായി ബന്ധപ്പെട്ട നിയമം കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ഈ വിലക്ക് നില്‌നില്‍ക്കേയാണ് തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലെ വളം നിര്‍മാണ കമ്പനികളിലേക്ക് കയറ്റി അയക്കുന്നതിനായി ചെറുമത്സ്യങ്ങളെ യഥേഷ്ടം പിടികൂടുന്നത്. കൂറ്റന്‍ ബോട്ടുകള്‍ പോലും കണ്ണിവലിപ്പം കുറഞ്ഞ നിരോധിത വലകളാണ് ഉപയോഗിക്കുന്നത്. മത്സ്യസമ്പത്തിന്റെ സര്‍വനാശത്തിന് വഴിയൊരുക്കുന്ന ചെറുമത്സ്യങ്ങളെ പിടിക്കല്‍ നിരോധിക്കണമെന്നു സംസ്ഥാനത്തെ അംഗീകൃത മത്സ്യതൊഴിലാളി സംഘടനകള്‍ ഒറ്റകെട്ടായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. കര്‍ശനമായി നടപ്പാക്കാന്‍ അതാതു ജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."