മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; പ്രഖ്യാപനം ഇന്ന്
കല്‍പ്പറ്റ: സര്‍ക്കാര്‍ വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ നിന്നും മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചക്ക് രണ്ടിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാകും.
തിരുവനന്തപുരം ഹാബിറ്റാറ്റ് ടെക്‌നോളജി ഡയറക്ടര്‍ ആര്‍ക്കിടെക്ട് ജി ശങ്കര്‍ പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ സമര്‍പ്പിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായി ഉച്ചക്ക് 1.30ന് ഘോഷയാത്ര നടക്കും.
ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ യു.ബി ചന്ദ്രിക, പ്രധാനാധ്യാപിക ഷീജ രഘുനാഥ്, ഓഫിസ് അസ്സ്റ്റന്റ് ജയലക്ഷ്മി, കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും പി.എച്ച്.ഡി നേടിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ ബാവ കെ. പാലുകുന്ന്, ജീവകാരുണ്യമേഖലയില്‍ മികച്ച മാതൃക കാണിച്ച ഫാ. ഷിബു കുറ്റിപറിച്ചേല്‍ എന്നിവരെ ആദരിക്കും. സംസ്ഥാന, ദേശീയ തലങ്ങളിലെ വിവിധ മേളകളില്‍ ഉയര്‍ന്ന വിജയം കൈവരിച്ച വിദ്യാര്‍ഥികളെ അനുമോദിക്കും. സ്‌കൂളിന്റെ 59-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടത്തും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ്പ്രസിഡന്റ് പി.കെ അസ്മത്ത്, ബത്തേരി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി തുടങ്ങിയവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ യു.ബി ചന്ദ്രിക, പ്രധാനാധ്യാപിക ഷീജ രഘുനാഥ്, ടി.എം ഹൈറുദ്ദീന്‍, മനോജ് ചന്ദനക്കാവ്, വിനോദ് കല്ലട, പി.എസ് ഗിരീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."