കോട്ടയം സബ് ട്രഷറിയില്‍ വ്യാജ ബോംബ് ഭീഷണി
കോട്ടയം: കോട്ടയം സബ് ട്രഷറിയില്‍ വ്യാജ ബോംബ് ഭീഷണി. രാവിലെ 11 മണിയോടെയാണ് ട്രഷറിയില്‍ ബോംബ് വച്ചതായുള്ള വ്യാജ സന്ദേശം ഓഫിസില്‍ ലഭിച്ചത്. ഇതോടെ ജീവനക്കാര്‍ പരിഭ്രാന്തരായി.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലിസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. അതേസമയം ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞില്ല. ഇതിനുള്ള ശ്രമം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പുരോഗമിക്കുകയാണെന്ന് പൊലിസ് പറയുന്നു.
രാവിലെ സബ് ട്രഷറിയിലെ ഒരു ജീവനക്കാരനെ ലൈനില്‍ കിട്ടണമെന്നാവശ്യപ്പെട്ടാണ് ട്രഷറി ഓഫിസറുടെ ലാന്‍ഡ് ഫോണിലേക്ക് വിളി വന്നത്. ഫോണ്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ ഓഫിസില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ വിളിക്കുന്നതാരാണെന്നു വ്യക്തമാക്കിയില്ലെന്ന് ട്രഷറി ഓഫിസര്‍ പറഞ്ഞു. ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, സി.ഐ നിര്‍മല്‍ ബോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ് ഓഫിസിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചത്.
തുടര്‍ന്ന് ബോംബ് കണ്ടെത്തുന്നതില്‍ വിദഗ്ധ പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിലെ സ്നിഫര്‍ ഡോഗ് റീനയോടൊപ്പം പരിശീലകരായ കെ.പി ജയരാജും സജികുമാറും ബോംബ് സ്ക്വാഡിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഹരീഷ്കുമാര്‍, രവികുമാര്‍ എന്നിവരും നടത്തിയ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ ഭീഷണിയെത്തുടര്‍ന്ന് ട്രഷറിയുടെ പ്രവര്‍ത്തനം ഉച്ചവരെ തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."