ചെറുപുഴ-പെരിങ്ങോം റോഡ് നിര്‍മാണം: ദുരിതം പേറി നാട്ടുകാര്‍
ചെറുപുഴ: ചെറുപുഴ-പെരിങ്ങോം റോഡരികിലെ വീട്ടുകാര്‍ പൊടിശല്യത്താല്‍ ദുരിതത്തില്‍. നിര്‍മാണ പ്രവൃത്തി നടക്കുന്ന റോഡിന്റെ ഇരുവശവും മണ്ണെടുത്ത് വീതി കൂട്ടുന്നതാണ് പൊടി പടരാന്‍ കാരണം.
പരിസരവാസികള്‍ മൂക്കുപൊത്തി കഴിയേണ്ട അവസ്ഥയാണ്. പൊടി കയറുന്നതു തടയാന്‍ വീടിനുചുറ്റും പ്ലാസ്റ്റിക്കും മറ്റ് സാധനങ്ങളും ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. പ്രദേശത്തുകാര്‍ക്ക് അസുഖം ഒഴിഞ്ഞ സമയവുമില്ല.
പൊടി ശമിക്കുന്നതിനായി റോഡില്‍ വെള്ളം തളിക്കണമെന്ന് പലതവണ കോണ്‍ട്രാക്ടറോട് ആവശ്യപ്പെട്ടിട്ടും കേട്ട ഭാവം നടിക്കുന്നില്ലെന്നും പരാതിയുണ്ട്. ബസ് യാത്രക്കാരുടെ ദുരിതവും ചെറുതല്ല.
മറ്റ് വാഹനങ്ങള്‍ക്ക് ചില്ല് താഴ്ത്തി യാത്ര ചെയ്യാമെങ്കിലും ബസിന് അതിനും നിര്‍വാഹമില്ല. ചിലര്‍ മാസ്ക് ധരിച്ചാണ് ബസില്‍ യാത്ര ചെയ്യുന്നത്. പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ സമര നടപടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."