ഗുണ്ടാ സംഘത്തിന്റെ ആക്രമണങ്ങളില്‍ പൊലിസ് നടപടി എടുക്കുന്നില്ലെന്നാരോപണം
കാസര്‍കോട്: ഗള്‍ഫിലെ ബിസിനസ് തര്‍ക്കവുമായി ബന്ധപ്പെട്ടു ഗുണ്ടാ സംഘത്തിന്റെ അക്രമങ്ങളിലും ഭീഷണിയിലും പൊറുതിമുട്ടി ചെമ്പരിക്കയിലെ കുടുംബം. സംഭവത്തിന്റെ പേരില്‍ നിരവധി തവണ പൊലിസില്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കുന്നില്ലെന്ന് ചെമ്പരിക്ക സ്വദേശി ഷംസുദ്ദീന് വാര്‍ത്താസമ്മേളനത്തില്‍ പരാതിപ്പെട്ടു.
കഴിഞ്ഞ 25 നു രാത്രിയില്‍ വിരുന്ന് സല്‍ക്കാരം കഴിഞ്ഞ് വരികയായിരുന്ന കുടുംബത്തിന്റെ വാഹനം തടഞ്ഞു നിര്‍ത്തി ഗര്ഭിണികളുള്പ്പടെയുള്ള സ്ത്രീകളേയും കൂടെയുണ്ടായിരുന്നവരേയും സംഘം ആക്രമിച്ചിരുന്നു. ശേഷം ഇവരെ പിന്തുടര്ന്നെത്തി വീടും കാറും അടിച്ചു തകര്‍ത്തു. അക്രമത്തെ തുടര്‍ന്ന് കുടുംബം തൊട്ടടുത്ത ബന്ധു വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. ഇതിനു മുന്‍പും സമാനമായ രീതിയിലുള്ള അക്രമങ്ങളും ഭീഷണിപ്പെടുത്തലുകളും ഈ കുടുംബത്തിനെതിരേ നിരന്തരം ഉണ്ടായിരുന്നതായി ഇവര്‍ പറയുന്നു. അക്രമ ഭീതി കാരണം വീട്ടില്‍ നടന്ന ഒരു വിവാഹ ചടങ്ങ് ഹൈക്കോടതിയില്‍ നിന്നും പൊലിസ് സംരക്ഷണം വാങ്ങിയാണ് നടത്തിയതെന്നും കുടുംബം പറയുന്നു.ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതികളെ പിടികൂടാന്‍ പൊലിസ് തയ്യാറാകുന്നില്ല. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു ആഭ്യന്തര വകുപ്പ് മന്ത്രി, ജില്ലാ പൊലിസ് മേധാവി, ഡി.വൈ.എസ്.പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതായും വീട്ടുകാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."