സാഹിത്യകാരന്മാര്‍ക്കെതിരേയുള്ള ഫാസിസ്റ്റ് ഭീഷണി ചര്‍ച്ചചെയ്യാതെ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍
കോഴിക്കോട്: ഡി.സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ നാളെ കോഴിക്കോട്ട് തുടങ്ങുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ ചര്‍ച്ചകളും വിഷയങ്ങളും ഏകപക്ഷീയമാണെന്ന ആരോപണം ശക്തമാവുന്നു. സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കുമെതിരേയുള്ള ഫാസിസ്റ്റ് ഭീഷണിയും കൊലപാതകവും വ്യാപകമായിട്ടും അത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സെഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
എം.ടിക്കുനേരെയുള്ള ഭീഷണിയും കമലിന്റെ വീടിനു മുന്നിലുണ്ടായ സംഘ്പരിവാറിന്റെ കൊലവിളിയും കേരളത്തില്‍ മുഴങ്ങിയിട്ടും ഫെസ്റ്റിവലില്‍ ഇത്തരം വിഷയം ചര്‍ച്ച ചെയ്യാന്‍ സംഘാടകര്‍ തയാറാകാത്തത് ഫാസിസ്റ്റ് ഭീഷണിക്കു വഴങ്ങിയിട്ടാണെന്ന ആരോപണവും ഉയരുന്നുണ്ട്.
അഭിപ്രായം പറയാന്‍പോലും അവസരം നിഷേധിക്കുന്ന കാലത്തു സാഹിത്യകാരന്മാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെ അഭിമുഖീകരിക്കാതെയാണ് നാലുദിവസം നാലു വേദികളില്‍ പരിപാടികള്‍ നടക്കുന്നത്. കേരളത്തില്‍ എഴുത്തുകാര്‍ക്കെതിരേ യു.എ.പി.എ ചുമത്തുകയും അറസ്റ്റു ചെയ്യുകയും ചെയ്തിട്ടും ഈ വിഷയവും ഫെസ്റ്റിവലില്‍ ഗൗരവമായി ചര്‍ച്ച ചെയ്യുന്നില്ല. എഴുത്തുകാര്‍ക്കെതിരേയുള്ള ഭരണകൂടത്തിന്റേയും ഫാസിസത്തിന്റേയും കടന്നുകയറ്റത്തെ ഫെസ്റ്റിവല്‍ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്.
ഫെസ്റ്റിവലില്‍ 'ഇസ്‌ലാമും ഇസ്‌ലാമിക് സ്റ്റേറ്റും', 'ഏക സിവില്‍കോഡ്: അകവും പുറവും' എന്നീ രണ്ടു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി രണ്ടു സെഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമും ഇസ്‌ലാമിക് സ്റ്റേറ്റും എന്ന സെഷനില്‍ കേരളത്തിലെ ഐ.എസുമായി ബന്ധപ്പെട്ട ആരോപണ വിധേയരായ സംഘടനാ ഭാരവാഹികളെ ഉള്‍പ്പെടുത്തുകയും കേരളത്തിലെ ഭൂരിപക്ഷം വരുന്ന സുന്നി ചിന്താധാരയുടെ പ്രാതിനിധ്യം ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്.
'ഏക സിവില്‍കോഡ്: അകവും പുറവും' എന്ന ചര്‍ച്ചയില്‍ ഏക സിവില്‍കോഡിനായി വാദിക്കുന്ന അള്‍ട്രാസെക്കുലര്‍ എഴുത്തുകാരെ ഉള്‍പ്പെടുത്തിയെങ്കിലും നിയമ വിദഗ്ധര്‍ക്കോ പണ്ഡിതന്‍മാര്‍ക്കോ ഇടം നല്‍കിയിട്ടില്ല. വിവിധ രാജ്യങ്ങളില്‍നിന്നുള്ള എഴുത്തുകാരെ വിവിധ സെഷനുകളിലേക്കു ക്ഷണിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ പല പ്രമുഖ എഴുത്തുകാരെയും ക്ഷണിച്ചിട്ടില്ല. 'കലഹിക്കുന്ന കലാലയങ്ങള്‍' എന്ന സെഷനില്‍ ഇന്ത്യയിലെ പ്രമുഖ കാംപസുകളില്‍ സമരത്തിനു നേതൃത്വം നല്‍കുന്നവരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന ആരോപണവും ശക്തമാണ്.
ലോകത്തെതന്നെ പ്രമുഖ സാഹിത്യ ഫെസ്റ്റിവലായ ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഈനുദ്ദീന്‍ അജ്മീറിനെക്കുറിച്ചു മാത്രം ചര്‍ച്ചകള്‍ നടത്തുമ്പോള്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍നിന്നു കേരളത്തിന്റെ മതപരവും സാംസ്‌കാരിക ചരിത്രവുമായി ബന്ധപ്പെട്ടവരെ പൂര്‍ണമായും മാറ്റിനിര്‍ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."