ലൈംഗികാരോപണം ഉന്നയിച്ച് തന്നെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്നു: ഉമ്മന്‍ചാണ്ടി
കൊച്ചി: സാമ്പത്തികശേഷിയുള്ള ചില ശക്തികള്‍ തനിക്കെതിരേ ലൈംഗികാരോപണങ്ങളുന്നയിച്ച് പൊതുജനമധ്യത്തില്‍ ആക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മിഷനില്‍ മൊഴിനല്‍കി. സരിത.എസ്.നായരെ ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തിയത് ലൈംഗികമായി ദുരുപയോഗം ചെയ്യാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നല്ലോ എന്ന സരിതയുടെ അഭിഭാഷകന് ബി.എ ആളൂരിന്റെ ചോദ്യത്തിന് മറുപടിപറയവെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വെളിപ്പെടുത്തല്‍. തന്റെ 60 വര്‍ഷത്തെ പൊതുജീവിതത്തിനിടയില്‍ തനിക്കെതിരേ ലൈംഗികാരോപണങ്ങള്‍ ഉണ്ടായിട്ടില്ല. തനിക്ക് ഇത്തരം ബലഹീനതകള്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു നിമിഷംപോലും മറച്ചുവെക്കാന്‍ പറ്റില്ലായിരുന്നു.
തന്റെ ഓഫിസിലായാലും പുതുപ്പള്ളിയിലെ വീട്ടിലായാലും ഔദ്യോഗികവസതിയിലായാലും ആര്‍ക്കും എപ്പോഴും കയറിവരാവുന്ന ഇടമാണ്. ഒരു രഹസ്യങ്ങളും ഇവിടെ നടക്കാറില്ലെന്നും ഉമ്മന്‍ചാണ്ടി കമ്മിഷന് മുന്‍പാകെ വിശദീകരിച്ചു. ലൈംഗികാരോപണം സംബന്ധിച്ചുള്ള ചോദ്യം അഡ്വ. ആളൂര്‍ ഉന്നയിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകര്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെ ക്രോസ് വിസ്താരം നടത്തിയപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചില്ലെന്ന് സീനിയര്‍ അഭിഭാഷകന് ശ്രീകുമാര്‍ പറഞ്ഞു. അന്ന് സരിത ഉമ്മന്‍ചാണ്ടിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നില്ലെന്നായിരുന്നു ലോയേഴ്സ് യൂനിയന്‍ അഭിഭാഷകന് ബി. രാജേന്ദ്രന്റെ വാദം. എന്നാല്‍ തനിക്കെതിരേയുള്ള ഏത് ആരോപണത്തിനും ഉത്തരം നല്കാന് താന്‍ തയാറാണെന്നും തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തുടര്‍ന്ന് കമ്മിഷന് ചോദ്യം ചോദിക്കാന്‍ ആളൂരിന് അനുമതി നല്‍കുകയായിരുന്നു.
ഇന്നലെ രാവിലെ പത്തിന് തുടങ്ങിയ ക്രോസ് വിസ്താരം രാത്രി എട്ടിനാണ് അവസാനിച്ചത്. പ്രമുഖ വ്യവസായി യൂസഫലിയുടെ ഒരു ആവശ്യത്തിന് സരിത തന്നെ വന്ന് കണ്ടിരുന്നുവെന്ന ആരോപണവും ഉമ്മന്‍ചാണ്ടി നിഷേധിച്ചു. ഉമ്മന്‍ചാണ്ടിയുടെ ക്രോസ് വിസ്താരം ഇന്നലെ അവസാനിപ്പിക്കാനായിരുന്നു കമ്മിഷന് തീരുമാനിച്ചിരുന്നതെങ്കിലും വിവിധ കക്ഷികള്‍ ഇനിയും വിസ്തരിക്കേണ്ടതിനാല്‍ വിസ്താരം ഏഴിന് തുടരുമെന്ന് കമ്മിഷന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."