നീര്‍ച്ചാലായി കുന്തിപ്പുഴ; ശുദ്ധജല പദ്ധതികളുടെ ഭാവി അവതാളത്തില്‍
പുലാമന്തോള്‍: വേനല്‍ കടുത്തതോടെ കുന്തിപ്പുഴ നീര്‍ച്ചാലായി മാറുന്നു. കുന്തിപ്പുഴയില്‍ തൂത പാലത്തിനു താഴേ പുലാമന്തോള്‍ വരെ പലഭാഗങ്ങളിലായി സ്ഥിരം തടയണകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും പുലാമന്തോള്‍ തടയണക്ക് താഴേ തിരുവേഗപ്പുറ വരേയുള്ള ഭാഗങ്ങളില്‍ തടയണകളോ മറ്റോ ഇല്ലാത്തത് ഈ ഭാഗങ്ങളില്‍ വേനലാകുന്നതോടെ പുഴ വറ്റിവരളുന്നതിന് കാരണമാകുന്നു. വേനല്‍ കാലമാകുന്നതോടെ ഈ പ്രദേശങ്ങളില്‍മണല്‍ച്ചാക്കുകളും മറ്റും ഉപയോഗിച്ച് താത്കാലിക തടയണകള്‍ പലഭാഗങ്ങളിലും നിര്‍മിക്കാറുണ്ടെങ്കിലും വരള്‍ച്ചക്ക് പ്രതിവിധിയായി ഒന്നുംതന്നെ കാര്യക്ഷമമാകാറില്ല. പുലാമന്തോള്‍ വിളയൂര്‍ മൂര്‍ക്കനാട് തിരുവേഗപ്പുറ പഞ്ചായത്തുകളിലായി അനവധി ശുദ്ധജല പദ്ധതികളാണ് പുഴയെ ആശ്രയിച്ചു നിലകൊള്ളുന്നത്. പുഴയിലെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ചു ഒന്ന് രണ്ടു മാസങ്ങള്‍കൂടി ഉപയോഗിക്കാനുള്ള വെള്ളമാണ് പുഴയിലുള്ളത്. പുലാമന്തോള്‍ തടയണയിലെ കുടിവെള്ള പദ്ധതികളേയും ഇത്പ്രതികൂലമായി ബാധിക്കും.
മൂര്‍ക്കനാട് തിരുവേഗപ്പുറ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്ന സ്ഥിരം തടയണകള്‍ നിര്‍മിക്കാതെ പുഴയിലെ വരള്‍ച്ചക്ക് ശാശ്വതപരിഹാരമാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."