വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നു; ജനം ഭീതിയില്‍ കാപ്പംകൊല്ലിയില്‍ കാട്ടാന ലക്ഷങ്ങളുടെ കൃഷിനാശം വരുത്തി
മേപ്പാടി: കാപ്പം കൊല്ലി 46ല്‍ കാട്ടാന ഇറങ്ങി ലക്ഷങ്ങളുടെ കൃഷി നശിപ്പിച്ചു. വാഴ, കമുക്, തെങ്ങ്, ഏലം തുടങ്ങിയ വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. ചെമ്പ്രമലയില്‍ നിന്നും ഇറങ്ങുന്ന ആനക്കൂട്ടം പകല്‍ സമയം കൂട്ടമുണ്ട എസ്‌റ്റേറ്റില്‍ തമ്പടിച്ച് നേരം ഇരുട്ടിയാല്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുകയാണ്.
ആനക്കാട് ആദിവാസി കോളനിയില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം ആന എത്തിയിരുന്നു. ആനയെ പേടിച്ച് ആദിവാസികള്‍ വീടിന്റെ ടെറസിന്റെ മുകളില്‍ കയറി കിടന്നുറങ്ങേണ്ട സ്ഥിതിയാണ്. പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയ വീടുകളിലാണ് ആദിവാസികള്‍ താമസിക്കുന്നത്. ഒരുവീട് മാത്രമാണ് ടെറസ് വീടുള്ളത്. ഈ വീട്ടിലാണ് ആനയെ പേടിച്ച് അഭയം പ്രാപിക്കുന്നത്.
തോട് മറികടന്നെത്തുന്ന ആനയെ തുരത്താന്‍ ആദിവാസികള്‍ തീക്കൂട്ടി പ്രതിരോധിക്കുന്നുണ്ടെങ്കിലും പ്രയോജനപ്പെടുന്നില്ല. ഈ ഭാഗത്ത് ഫെന്‍സിങ് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ആന ഇറങ്ങിയതറിയിച്ചാല്‍ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുമെങ്കിലും ഒരു പ്രയോജനവും ഇല്ലെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."