ആഷസ്: ആസ്‌ത്രേലിയ മികച്ച സ്‌കോറിലേക്ക്
സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ആസ്‌ത്രേലിയ മികച്ച സ്‌കോറിലേക്ക്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 346 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെന്ന ശക്തമായ നിലയില്‍.
പരമ്പരയില്‍ ആദ്യമായി മികച്ച ബാറ്റിങ് പുറത്തെടുത്ത ഉസ്മാന്‍ ഖവാജ (91), നായകന്‍ സ്റ്റീവന്‍ സ്മിത്ത് (44) എന്നിവര്‍ പുറത്താകാതെ നില്‍ക്കുന്നു. ഓപണര്‍ ഡേവിഡ് വാര്‍ണര്‍ (56) അര്‍ധ സെഞ്ച്വറി നേടി പുറത്തായി. മൂവരുടേയും മികച്ച ചെറുത്ത് നില്‍പ്പാണ് ഓസീസിന് തുണയായത്. തുടക്കത്തില്‍ തന്നെ ബന്‍ക്രോഫ്റ്റിനെ (പൂജ്യം) ഓസീസിന് നഷ്ടമായിരുന്നു. എട്ട് വിക്കറ്റുകള്‍ കൈയിലിരിക്കേ ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഓസീസിന് 153 റണ്‍സ് കൂടി വേണം.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം ഇംഗ്ലണ്ട് ബാറ്റിങ് തുടങ്ങിയത്. ശേഷിച്ച അഞ്ച് വിക്കറ്റുകള്‍ 113 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് നഷ്ടമായി. മികച്ച രീതിയില്‍ തുടങ്ങിയ ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി മാറി. ക്യാപ്റ്റന്‍ ജോ റൂട്ട് (83), ഡേവിഡ് മാലന്‍ (62), അലിസ്റ്റര്‍ കുക്ക് (39), വാലറ്റത്ത് മോയിന്‍ അലി (30), ക്യുറന്‍ (39), സ്റ്റുവര്‍ട്ട് ബ്രോഡ് (31) എന്നിവര്‍ പിടിച്ചുനിന്നു. സ്റ്റോണ്‍മന്‍ (24), വിന്‍സ് (25) എന്നിവരും രണ്ടക്കം കടന്നു. ആസ്‌ത്രേലിയക്കായി കമ്മിന്‍സ് നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോള്‍ ഹാസ്‌ലെവുഡ്, സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
വീണ്ടും നേട്ടം സ്വന്തമാക്കി
സ്മിത്ത്
സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറുന്ന ആസ്‌ത്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 6000 റണ്‍സ് നേടുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനെന്ന നേട്ടമാണ് സ്മിത്ത് സ്വന്തമാക്കിയത്. ഇതിഹാസ താരം ബ്രാഡ്മാനാണ് ഒന്നാം സ്ഥാനത്ത്. മറ്റൊരു ഇതിഹാസമായ വെസ്റ്റിന്‍ഡീസിന്റെ ഗാരി സോബേഴ്‌സിനൊപ്പമാണ് സ്മിത്ത് രണ്ടാം സ്ഥാനം പങ്കിടുന്നത്. ഇരുവരും 111 ഇന്നിങ്‌സുകളില്‍ നിന്നാണ് 6000 റണ്‍സിലെത്തിയത്. ബ്രാഡ്മാന്‍ 68 ഇന്നിങ്‌സുകളില്‍ നിന്നാണ് നേട്ടത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."