എറിഞ്ഞിട്ടു, പക്ഷേ; ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 286 റണ്‍സില്‍ പുറത്താക്കി ഇന്ത്യ
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് സന്തോഷവും നിരാശയും. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് 286 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ നേരിടുന്നു. ഏഴ് വിക്കറ്റുകള്‍ ശേഷിക്കേ ദക്ഷിണാഫ്രിക്കയുടെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 258 റണ്‍സ് കൂടി വേണം. കളി നിര്‍ത്തുമ്പോള്‍ 18 പന്തില്‍ അഞ്ച് റണ്‍സുമായി ചേതേശ്വര്‍ പൂജാരയും അഞ്ച് പന്തില്‍ റണ്ണൊന്നുമെടുക്കാതെ രോഹിത് ശര്‍മയുമാണ് ക്രീസില്‍. മൂന്ന് മുന്‍നിര വിക്കറ്റുകളാണ് ആദ്യ ദിനത്തില്‍ ഇന്ത്യക്ക് ക്ഷണത്തില്‍ ബലി കഴിക്കേണ്ടി വന്നത്. ഓപണര്‍മാരായ മുരളി വിജയ് (ഒന്ന്), ശിഖര്‍ ധവാന്‍ (16), വിരാട് കോഹ്‌ലി (അഞ്ച്) എന്നിവരാണ് പുറത്തായത്. ഫിലാന്‍ഡര്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, മോണ്‍ മോര്‍ക്കല്‍ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.
നേരത്തെ ടോസ് നേടി ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ജസ്പ്രിത് ബുമ്‌റ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ അജിന്‍ക്യ രഹാനെയ്ക്ക് പകരം രോഹിത് ശര്‍മയും ടീമില്‍ ഇടംനേടി. ഇന്ത്യന്‍ പേസ് ബൗളിങിന് മുന്നില്‍ തുടക്കത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര പരുങ്ങുന്ന കാഴ്ചയായിരുന്നു. 12 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് അവര്‍ വന്‍ തകര്‍ച്ചയിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്- മുന്‍ നായകന്‍ എ.ബി ഡിവില്ല്യേഴ്‌സ് എന്നിവരുടെ അവസരോചിത ബാറ്റിങാണ് ആതിഥേയരെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. ഡീന്‍ എല്‍ഗാര്‍ (പൂജ്യം), മര്‍ക്രം (അഞ്ച്), ഹാഷിം അംല (മൂന്ന്) എന്നിവരെയാണ് തുടക്കത്തില്‍ ഭുവനേശ്വര്‍ മടക്കിയത്. നാലാം വിക്കറ്റില്‍ ഡിവില്ല്യേഴ്‌സ്- ഡുപ്ലെസിസ് സഖ്യം 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്‌കോര്‍ 126ല്‍ നില്‍ക്കെ ബുമ്‌റ ഡിവില്ല്യേഴ്‌സിനെ ബൗള്‍ഡാക്കി കന്നി ടെസ്റ്റ് വിക്കറ്റ് നേട്ടം സ്വന്തമാക്കി ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നു. തൊട്ടുപിന്നാലെ ഡുപ്ലെസിസിനെ പാണ്ഡ്യയും മടക്കിയതോടെ അവര്‍ അഞ്ചിന് 142 റണ്‍സെന്ന നിലയിലായി. ഡിവില്ല്യേഴ്‌സ് 65ഉം ഡുപ്ലെസിസ് 62ഉം റണ്‍സെടുത്തു. പിന്നാലെയെത്തിയ ക്വിന്റന്‍ ഡി കോക്കും മികച്ച ബാറ്റിങുമായി കളം നിറഞ്ഞതോടെ ആതിഥേയര്‍ വീണ്ടും ട്രാക്കിലായെന്ന് തോന്നിച്ചു. തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ട ഭുവനേശ്വര്‍ കുമാര്‍ വീണ്ടും ആഞ്ഞടിച്ചപ്പോള്‍ ഡി കോക്കും പവലിയന്‍ പൂകി.
താരം 40 പന്തില്‍ 43 റണ്‍സെടുത്തു. ഫിലാന്‍ഡര്‍ (23), കേശവ് മഹാരാജ് (35), റബാഡ (26) എന്നിവര്‍ മികച്ച തുടക്കമിട്ടെങ്കിലും അധികം ആയുസുണ്ടായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലെത്തുന്നത് സമര്‍ഥമായി തടഞ്ഞു. സ്റ്റെയ്ന്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ 19 ഓവറില്‍ 87 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുതു. സ്പിന്നിനെ തുണയ്ക്കാത്ത പിച്ചില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി അശ്വിനും തിളങ്ങി. പാണ്ഡ്യ, ബുമ്‌റ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. കേശവ് മഹാരാജിനെ അശ്വിന്‍ റൗണ്ണൗട്ടാക്കി.
രണ്ടാം ദിനമായ ഇന്ന് ദക്ഷിണാഫ്രിക്കന്‍ പേസ് നിരയെ പൂജാര- രോഹിത് സഖ്യം ക്ഷമയോടെ നേരിട്ടാല്‍ മാത്രം ഇന്ത്യക്ക് പ്രതീക്ഷ നില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."