ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായ മലയാളി
മലപ്പുറം: ഏറ്റവും കൂടുതല്‍കാലം കേന്ദ്രമന്ത്രിയായ മലയാളിയെന്ന റെക്കോര്‍ഡിനുടമയാണ് ഇ. അഹമ്മദ്. യു.പി.എ സര്‍ക്കാരില്‍ രണ്ടുതവണയായി 3642 ദിവസം കേന്ദ്രമന്ത്രിപദം അലങ്കരിച്ച ഇ.അഹമ്മദ് ഇക്കാലയളവില്‍ വിവിധ വകുപ്പുകളും കൈകാര്യം ചെയ്തു. 3577 ദിവസം (9 വര്‍ഷം 9 മാസം 14 ദിവസം) കേന്ദ്രമന്ത്രിയായിരുന്ന എ.എം തോമസായിരുന്നു നേരത്തെ ഈ ബഹുമതി നേടിയ മലയാളി. യു.പി.എ സര്‍ക്കാരിന്റെ രണ്ടാംഘട്ടത്തില്‍ 2014 ലാണ് ഈ റെക്കോര്‍ഡ് ഇ.അഹമ്മദ് മറികടന്നത്.
കേരളത്തില്‍ ഇടതു തരംഗം ആഞ്ഞു വീശിയ 2004 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയ ഏക യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ. അഹമ്മദായിരുന്നു. ഇതിന്റെ അംഗീകാരമെന്നോണം മന്‍മോഹന്‍ സിങ്ങിന്റെ ഒന്നാം യു.പി.എ മന്ത്രിസഭയില്‍ ഇ. അഹമ്മദിന് സഹമന്ത്രിയായി ഇടം ലഭിച്ചു. 2004 മെയ് 22ന് സത്യപ്രതിജ്ഞ ചെയ്ത അഹമ്മദ് 2009 മെയ് 22 വരെ സഹമന്ത്രിയുടെ ചുമതലയാണ് വഹിച്ചത്. ആറു ദിവസത്തെ ഇടവേളയ്ക്കു ശേഷം 2009 മെയ് 28ന് വീണ്ടും സഹമന്ത്രിയായ അദ്ദേഹം 2014 മെയ് 18 വരെ കേന്ദ്രമന്ത്രിയായി തുടര്‍ന്നു.
എ.എം തോമസ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അവസാനത്തെ രണ്ടു മന്ത്രിസഭകളിലും ഗുല്‍സാരിലാല്‍ നന്ദയുടെ രണ്ട് ഇടക്കാല മന്ത്രിസഭകളിലും ശാസ്ത്രി മന്ത്രിസഭയിലും ഇന്ദിരാഗാന്ധിയുടെ ആദ്യ മന്ത്രിസഭയിലും അംഗമായിരുന്നു.
ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായതിന്റെ റെക്കോര്‍ഡ് ഇപ്പോഴും എ.എം തോമസിന്റെ പേരില്‍ തന്നെയാണ്. വ്യത്യസ്ത കാലഘട്ടങ്ങളിലായി ആറു മന്ത്രിസഭകളിലാണ് ഇദ്ദേഹം അംഗമായത്. കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായതില്‍ അടുത്ത സ്ഥാനത്തു വരുന്ന മലയാളി എ.കെ ആന്റണി ആണ്. 32 മലയാളികളാണ് ഇതുവരെ കേന്ദ്രമന്ത്രിമാരായത്. ബിഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന ലക്ഷ്മി നന്ദന്‍ മേനോനാണ് കേന്ദ്രമന്ത്രിയായ ഏക മലയാളി വനിത. കേന്ദ്രമന്ത്രിസഭയില്‍ ആദ്യ ലീഗ് നേതാവ് എന്ന നേട്ടവും ഇ. അഹമ്മദിന് സ്വന്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."