ജില്ലയില്‍ ഹൈടെക് സ്‌കൂള്‍ പദ്ധതി: 319 ക്ലാസ് മുറികള്‍ രാജ്യാന്തര നിലവാരത്തിലേക്ക്
ആലപ്പുഴ : ജില്ലയില്‍ ഹൈടെക് സ്‌കൂള്‍ പദ്ധതിക്ക് തുടക്കമായി. ഉപകരണ വിതരണം പൂര്‍ത്തിയാകുന്നതോടെ 319 ക്ലാസ് മുറികള്‍ രാജ്യാന്തരനിലവാരത്തിലേക്ക് ഉയരും. എല്ലാ ക്ലാസ് മുറികളിലും ലാപ്‌ടോപ്പും മള്‍ട്ടിമീഡിയ പ്രോജക്റ്ററും വൈറ്റ് ബോര്‍ഡും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുമടക്കം ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. ഇതോടെ ആലപ്പുഴ നിയമസഭാ മണ്ഡലം വിദ്യാഭ്യാസരംഗത്തെ വലിയ കുതിപ്പിനു തയാറായിക്കഴിഞ്ഞു.
മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂളുകളിലെയും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെയും ക്ലാസ് മുറികള്‍ ഹൈടെക് ആകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളെ അന്തര്‍ദേശീയ നിലവാരത്തിലേക്കുയര്‍ത്തുന്നതിന് ഐ.ടി അറ്റ് സ്‌കൂള്‍ വഴി സര്‍ക്കാര്‍ നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായാണ് എട്ടു മുതല്‍ 12 വരെയുള്ള ക്ലാസ് മുറികള്‍ ഹൈടെക്കാക്കുന്നത്.
വൊക്കേഷണല്‍ അടക്കം 30 സ്‌കൂളുകളിലായി 319 ക്ലാസ്‌റൂമുകളാണു നിയമസഭാ മണ്ഡലത്തില്‍ രാജ്യാന്തര നിലവാരത്തിലേക്കുയരുന്നത്. ക്ലാസ് മുറികള്‍ പൊടിശല്യമില്ലാത്ത നിലയില്‍ ടൈല്‍ പാകിയും സീലിങ് ചെയ്തും പെയിന്റടിച്ചും നവീകരിച്ചു കഴിഞ്ഞു. ഒരു ക്ലാസ് മുറിയില്‍ ലാപ്‌ടോപ്പ്, മള്‍ട്ടിമീഡിയ പ്രൊജക്റ്റര്‍, വൈറ്റ് ബോര്‍ഡ്, അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം, ശബ്ദസംവിധാനം എന്നിവ സജ്ജമാക്കും. ക്ലാസ്മുറിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയുള്ള വൈദ്യുതീകരണം, അനുബന്ധഉപകരണങ്ങള്‍ സൂക്ഷിക്കാനാവശ്യമായ ഷെല്‍ഫ്, ലോക്കര്‍ സംവിധാനങ്ങളും സ്‌കൂളുകള്‍ ഒരുക്കിയിട്ടുണ്ട്.
വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം പൂര്‍ണമായി വിദ്യാര്‍ഥികളിലേക്കെത്തിക്കുന്ന ആധുനിക പാഠ്യരീതിയാണ് ഇതിലൂടെ നടപ്പാകുക. പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും മൂന്നുതലത്തിലുള്ള പ്രത്യേക പരിശീലനം ഐ.ടി. അറ്റ് സ്‌കൂള്‍ നല്‍കിക്കഴിഞ്ഞു.
അടിസ്ഥാന ഐ.ടി. പരിശീലനം, വിവര സംവേദന സാങ്കേതികവിദ്യ(ഐ.സി.ടി.) ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു ക്ലാസെടുക്കുന്നതിനുള്ള പരിശീലനം, ഓരോ വിഷയങ്ങളിലെയും ഐ.സി.ടി. അധിഷ്ഠിത അധ്യാപനത്തിനു പര്യാപ്തമായ ഉള്ളടക്ക നിര്‍മാണം, അതുമായി ബന്ധപ്പെട്ട സാങ്കേതികവശങ്ങളുടെ പരിശീലനം എന്നിവ പൂര്‍ത്തിയായി. ആലപ്പുഴ മണ്ഡലത്തില്‍ മാത്രം 483 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കിയത്.
ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്നതോടൊപ്പം അതിവേഗ ഇന്റര്‍നെറ്റും ടെലിവിഷന്‍ സംവിധാനവും ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍ ലാബുകളും സജ്ജീകരിക്കുന്നുണ്ട്. നിലവിലുള്ള ഐ.ടി. ഉപകരണങ്ങളുടെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി പ്രത്യേക ഹാര്‍ഡ്‌വെയര്‍ ക്ലിനിക്കുകളും നടത്തിവരുന്നു.
സംസ്ഥാനത്ത് ആലപ്പുഴ കൂടാതെ പുതുക്കാട്, തളിപ്പറമ്പ്, കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലങ്ങളിലാണ് പരീക്ഷണമെന്ന നിലയില്‍ പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. സ്‌കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയുടെ സംസ്ഥാനത്തെ മികച്ച മാതൃകയായി ആലപ്പുഴ മാറുമെന്ന് ധനകാര്യവകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് അറിയിച്ചു.
സ്‌കൂളിലേക്കുള്ള ലാപ്പ്‌ടോപ്പുകളുടെയും മറ്റ് ഉപകരണങ്ങളുടെയും വിതരണം ആരംഭിച്ചു. പദ്ധതിക്കു മേല്‍നോട്ടം വഹിക്കുന്ന സാങ്കേതിക വിദഗ്ധ സമിതി ഹൈടെക് ക്ലാസ് മുറികള്‍ പരിശോധിച്ച ശേഷമാണ് ഉപകരണങ്ങള്‍ അനുവദിച്ചത്. സാങ്കേതിക വിദഗ്ധ സമിതി ചെയര്‍മാര്‍ പ്രൊഫ. ജയശങ്കര്‍, ഐ.ടി. അറ്റ് സ്‌കൂള്‍ ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത്, എന്‍.ഐ.സി. സീനിയര്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ രഞ്ജിത്ത് എന്നിവരടങ്ങിയ സമിതിയാണ് പരിശോധിച്ചത്. ഉപകരണങ്ങളുടെ വിതരണം ഗവണ്‍മെന്റ് മുഹമ്മദന്‍സ് ഗേള്‍സ് സ്‌കൂള്‍ അങ്കണത്തിലെ ഐ.റ്റി. അറ്റ് സ്‌കൂള്‍ ഓഫീസില്‍ നടന്നു.
319 ലാപ് ടോപ്പുകളും മള്‍ട്ടിമീഡിയ പ്രൊജക്റ്ററുകളും വൈറ്റ്‌ബോഡും ഡിജിറ്റല്‍ സ്പീക്കര്‍, 116 കമ്പ്യൂട്ടര്‍ തുടങ്ങിയവയാണ് ആലപ്പുഴ മണ്ഡലത്തില്‍ മാത്രം ലഭ്യമാക്കുന്നതെന്ന് കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യ ഉപകരണ വിതരണമാണ് ആലപ്പുഴയില്‍ നടന്നത്. കെല്‍ട്രോണാണ് ഉപകരണങ്ങള്‍ നല്‍കുന്നത്.
ക്ലാസ് മുറികളില്‍ ക്ലാസെടുക്കുന്നതിനുള്ള ഡിജിറ്റല്‍ ഉള്ളടക്കം നിര്‍മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."