നഷ്ടമായത് പ്രവാസികളുടെ പ്രിയ നേതാവിനെ: സഊദി കെ.എം.സി.സി
ജിദ്ദ; : പ്രവാസം തെരഞ്ഞെടുത്ത മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന പേരാണ് ഇ അഹമ്മദ് എന്ന് സഊദി കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിയും ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ടും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഏത് രാജ്യക്കാരുടെ മുന്നിലും നിന്ന് ഞങ്ങള്‍ക്കൊരു നേതാവുണ്ട് എന്ന് നിവര്‍ന്നു നിന്ന് അഭിമാനിക്കാന്‍ മുസ്‌ലിംലീഗ് പ്രവാസികള്‍ക്ക് നല്‍കിയ നിധിയാണ് അഹമ്മദ്.
ലോക വേദികളില്‍ ഇന്ത്യയുടെ ശബ്ദമായ നേതാവിനെ മറ്റുള്ളവര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തേണ്ട കാര്യമുണ്ടായില്ല. അങ്ങേയറ്റം ബഹുമാനത്തോടെ അറബ് രാജ്യങ്ങളും വിദേശികളും അദ്ദേഹത്തെ നോക്കിക്കണ്ടത്.
ഇ അഹമ്മദ് വിദേശകാര്യ സഹമന്ത്രിയായപ്പോള്‍ ഏറെ സന്തോഷിച്ചത് കെ.എം.സി.സി പ്രവര്‍ത്തകരായിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങളില്‍ ക്രിയാത്മക ഇടപെടലിന് ഒരാളെ കിട്ടിയ സന്തോഷം. പ്രവാസികളുടെ വിഷയങ്ങളെ സ്വന്തം പ്രശ്‌നമായി ഏറ്റെടുക്കുകയായിരുന്നു അദ്ദേഹം.
ഇ അഹമ്മദ് വിദേശകാര്യ മന്ത്രിയായ ശേഷം എംബസികളും പ്രവാസികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരന്തര ശ്രമങ്ങള്‍ നടത്തിയിരുന്നു. വിദേശകാര്യ മന്ത്രിയായ ശേഷമുള്ള ഇ അഹമ്മദിന്റെ ഗള്‍ഫ് പര്യടനങ്ങളെ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വം സ്വീകരിച്ചു.
ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്ക് ഗള്‍ഫ് പര്യടനം നടത്തുമ്പോഴും കെ.എം.സി.സി പ്രവര്‍ത്തകരെ കാണാതെ അദ്ദേഹം മടങ്ങിയിരുന്നില്ലെന്ന് കെ.എം.സി.സി നേതാക്കള്‍ പറഞ്ഞു.
പ്രവര്‍ത്തകരുമായി സംവദിക്കുകയും പ്രശ്‌നങ്ങള്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും ചെയ്യുന്ന അദ്ദേഹം സാധാരണ പ്രവര്‍ത്തകരുടെ വികാരങ്ങളെ മാനിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
കെ.എം.സി.സി പരിപാടികളെയും പ്രവാസി ക്ഷേമ പദ്ധതികളെയും പ്രോത്സാഹിപ്പിക്കാനും പുരോഗതി വിലയിരുത്താനും അദ്ദേഹം താല്‍പര്യം കാട്ടി. അഹമ്മദ് സാഹിബിന്റെ വിയോഗം കെ.എം.സി.സി പ്രവര്‍ത്തകരുടെ കൂടി നഷ്ടമാണെന്നും കെ.എം.സി.സി നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."