മോഹനത്തിലാറാടി നീലക്കുറിഞ്ഞി
തൃശൂര്‍: ലാസ്യഭംഗിയോടെ നീലക്കുറിഞ്ഞിയില്‍ മോഹിനിയാട്ടം. 58-ാംമത് സംസ്ഥാന കലോത്സവത്തിന്റെ വേദി മൂന്ന് നീലക്കുറിഞ്ഞിയിലാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം അരങ്ങേറിയത്.
ഹസ്തമുദ്രകളുടെ പ്രാധാന്യത്തില്‍ ലാസ്യം നിറഞ്ഞ വേദി മോഹിനിയാട്ടത്തിന്റെ വിസ്മയം കൂടിയായിരുന്നു. രണ്ടു മണിക്കൂറോളം വൈകിയാണ് മത്സരങ്ങള്‍ തുടങ്ങിയതെങ്കിലും ക്ഷമയോടെ കാത്തിരുന്ന കാണികള്‍ക്കു മുമ്പില്‍ മുദ്രകള്‍ കൊണ്ട് മത്സരാര്‍ഥികള്‍ വിരുന്നൂട്ടി.
പാദഭേദങ്ങളിലും അടവുകളിലും അവതരണശൈലിയിലും ഓരോ മത്സരാര്‍ഥിയും വേറിട്ടു നിന്നു. അടവുകള്‍ക്കനുയോജ്യമായ ഭാവങ്ങളും ആകര്‍ഷകമായി. നേത്രഭാവങ്ങളാണ് മോഹിനിയാട്ടത്തിന്റെ മറ്റൊരു പ്രത്യേകത.
കസവുകരയണിഞ്ഞു വെളുത്ത വസ്ത്രത്തില്‍ ഒരോ മത്സരാര്‍ഥിയും നിറഞ്ഞു നിന്നു. നാല്‍പത് മത്സരാര്‍ഥികള്‍ മോഹിനിയാട്ടത്തില്‍ മാറ്റുരച്ചു. ഇതില്‍ 26 പേരും അപ്പീല്‍ വഴി വേദിയിലെത്തിയവരായിരുന്നു. മണ്ണാറശാല നാഗത്തിന്റെ കഥയും, കൃഷ്ണന്റെ രാസലീലയും രാധയുടെ വിരഹവും, മകന്റെ മരണത്തിലെ മണ്ഡോദരി വിലാപവും തുടങ്ങി അശോകവനത്തിലെ സീതയും ഹനുമാനും തമ്മിലുള്ള സംവാദത്തിനൊടുവില്‍ സീത ഭൂമി ദേവിയില്‍ അഭയം പ്രാപിക്കുന്നതും അവതരണത്തിലെ വ്യത്യസ്ത പ്രമേയങ്ങളായി. മണ്ണാറശാല അമ്മയുടെ നാഗത്തിന്റെ കഥ ഇതാദ്യമായാണ് കലോത്സത്തിന്റെ വേദിയിലെത്തുന്നത്. മണ്ണാറശാല അമ്മക്ക് വരമായി കിട്ടിയ പാമ്പിന്‍കുഞ്ഞിനെ ആരും അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അറയില്‍ പോയിരിക്കുന്ന മകളുടെ കഥ അമ്മ പറയുന്ന രീതിയിലായിരുന്നു അവതരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."