ഗോകുലത്തിന് നിരാശ തന്നെ
കോഴിക്കോട്: പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ പുതു താരങ്ങളെ വച്ച് കളത്തിലിറങ്ങിയെങ്കിലും ഗോകുലം കേരളാ എഫ്.സിക്ക് നിരാശ തന്നെ ഫലം. ഇന്നലെ കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മിനെര്‍വ പഞ്ചാബിനോടാണ് ഗോകുലം തോല്‍വി ഏറ്റുവാങ്ങിയത്.
പുതിയതായി ടീമിലെത്തിയ വെറ്ററന്‍ നൈജീരിയന്‍ താരം ഒഡാഫ ഒക്കോലിയെയും കിവി സീമോമിയെയും മുന്‍ നിര്‍ത്തി മിനെര്‍വ ഗോള്‍മുഖത്തേക്ക് ആക്രമിച്ചു കൊണ്ടാണ് ഗോകുലം കളി തുടങ്ങിയത്. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ ഗോകുലം ഗോളിനടുത്തെത്തിയെങ്കിലും ഗോള്‍കീപ്പര്‍ രക്ഷിത് ദാഗറിന്റെ തകര്‍പ്പന്‍ സേവ് മിനെര്‍വയെ രക്ഷിച്ചു.
മത്സരത്തിലുടനീളം ഗോകുലം മികവ് പുര്ത്തിയെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. ഒഡാഫയും കിവിയും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ നേടാനായില്ല. 18ാം മിനുട്ടില്‍ ചെന്ഞ്ചോ ബോക്സിന്റെ ഇടത് മൂലയില്‍ നിന്ന് നല്കിയ ക്രോസില്‍ ബാലി ഗഗന്‍ദീപ് മിനെര്വക്കായി ഗോള്‍ നേടി. നിരവധി ഗോളവസരങ്ങളുണ്ടായിട്ടും ഗോകുലത്തിന് അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ജയത്തോടെ മിനെര്‍വ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ടീമില്‍ നടത്തിയ മാറ്റങ്ങള്‍ ഗോകുലത്തിന് പ്രതീക്ഷകള്‍ സൃഷ്ടിച്ചുവെങ്കിലും നിരശയായിരുന്നു ഫലം. പക്ഷേ ശക്തരായ മിനെര്വക്ക് മുന്പില് ഒരു ഗോള്‍ മാത്രം വഴങ്ങി പൊരുതിയാണ് കീഴടങ്ങിയതെന്ന് കേരളാ ടീമിന് ആശ്വസിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."