കാരുണ്യം ചാലിച്ച ജലച്ഛായങ്ങള്‍
പ്രകൃതിയുടെ പാഠങ്ങള്‍ക്കു പകിട്ടുനല്‍കി മിഴിവും കഴിവും സൗകുമാര്യവും സമം ചേര്‍ത്ത് ജലച്ഛായത്തിലൂടെ ജീവന്‍ നല്‍കി നൂറുകണക്കിനു ചിത്രങ്ങള്‍ കാന്‍വാസിലേക്ക് പകര്‍ത്തിക്കൊണ്ടിരിക്കയാണ് ഖത്തറിലെ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂളിലെ ചിത്രകലാധ്യാപകനായ നൗഫല്‍. ചിത്രചരിത്രപാതയില്‍ പട്ടിണിയുടെയും പങ്കപ്പാടുകളുടെയും ദാരിദ്ര്യത്തിന്റെയും നീറുന്ന ഓര്‍മച്ചിത്രങ്ങള്‍ നൗഫലിന്റെ മനോമുകുരത്തിലെ കാന്‍വാസില്‍ തെളിമയോടെ ഇന്നും നിലനില്‍ക്കുന്നുണ്ട്.
ചെറിയ ക്ലാസുകളില്‍നിന്നുതന്നെ ചിത്രങ്ങളെയും ചിത്രകലയെയും പ്രണയിച്ച കുട്ടി ആകാശം മുട്ടെ സ്വപ്നങ്ങളുടെ ഭാണ്ഡവും പേറിയാണു മുന്നോട്ടുള്ള പ്രയാണത്തിന്റെ പടവുകള്‍ കയറിയത്. ആറാംക്ലാസില്‍ പഠിക്കുമ്പോള്‍ കോഴിക്കോട്ട് നടന്ന ആന്റണി മാസ്റ്റര്‍ ചിത്രരചനാ മത്സരത്തില്‍ സംസ്ഥാനതലത്തില്‍ നേടിയ രണ്ടാം സ്ഥാനവും അതേവര്‍ഷം കൊയിലാണ്ടിയില്‍ നടന്ന യുറീക്കാ ചിത്രരചനാ മത്സരത്തില്‍ നേടിയ ഒന്നാം സമ്മാനവും കെ.വി നൗഫല്‍ എന്ന ചിത്രപ്രതിഭയുടെ പ്രഥമ വിജയപടവുകളായി. മലപ്പുറത്തും കോഴിക്കോട്ടുമുള്ള ആര്‍ട്ട് ഗാലറികളിലും ഖത്തറിലെ വിവിധ സ്ഥലങ്ങളിലും തന്റെ കരവിരുത് പ്രദര്‍ശിപ്പിച്ച് ഈ യുവാവ് ഇന്നു പ്രശസ്തനായിരിക്കുന്നു.
കോഴിക്കോട് യൂനിവേഴ്‌സല്‍ ആര്‍ട്‌സില്‍നിന്നു ചിത്രകല പഠിച്ചിറങ്ങി. തുടര്‍ന്ന് മഞ്ചേരിയിലെ നോബ്ള്‍ സ്‌കൂളില്‍ ചിത്രകലാ അധ്യാപകനായി ചേര്‍ന്നു. കുന്നിന്‍മുകളിലുള്ള ക്ലാസിലെ കുട്ടികളുമായുള്ള ചങ്ങാത്തത്തില്‍ ത്രസിപ്പിക്കുന്ന ചിത്രങ്ങള്‍ വരച്ചു വിദ്യാര്‍ഥികളുടെ ഇഷ്ടതോഴനായി. കോഴിക്കോട്ടെ മുപ്പതോളം അങ്കണവാടികളില്‍ വിരിഞ്ഞ ചുമര്‍ചിത്രങ്ങള്‍ കുട്ടികളെ ഹഠാദാകര്‍ഷിച്ചപ്പോള്‍ മറ്റു വിദ്യാലയങ്ങളിലെ വെളുത്ത പ്രതലങ്ങളും നൗഫലിനെ തേടിയെത്തി. ചിത്രകലയില്‍ തന്റേതായ ചില പരീക്ഷണങ്ങള്‍ കൂടി നടത്തിനോക്കുമ്പോള്‍ ജീവസുറ്റ സൃഷ്ടികള്‍ പിറക്കാന്‍ തുടങ്ങി.
ഹരിതാഭമായ കേരളവും, ഗ്രാമക്കാഴ്ചകളായ നിലമുഴുതുന്ന കര്‍ഷകനും കാളകളും വശ്യമനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളും ആനയും പാപ്പാനും കുളിയും മത്സ്യം പിടിച്ചുപോകുന്ന കുട്ടിയും വഞ്ചിയും തോണിക്കാരനും തുടങ്ങി ഗൃഹാതുരത പേറുന്ന ധാരാളം ജലച്ഛായങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. പിന്നീട് പ്രവാസിയായി ഖത്തറിലെത്തി. ഖത്തറിന്റെ സാംസ്‌കാരികത്തനിമയിലേക്കും ഇദ്ദേഹത്തിന്റെ അനുഗൃഹീത ബ്രഷ്ചായം തേച്ചുപിടിപ്പിച്ചു. സൂഖ് വാഖിഫിലെ കഴുതയും, ഫാല്‍ക്കണ്‍ പക്ഷിമൊത്തുള്ള ഖത്തറി ബാലനും, കടപ്പുറത്തെ പരമ്പരാഗത മുക്കുവനും, ഈന്തപ്പനയോലകൊണ്ട് മറച്ചു കുടില്‍ കയറുണ്ടാക്കുന്ന അറബിയും, കുട്ടനെയ്യുന്ന സ്വദേശിയും, കുതിച്ചോട്ടം നടത്തുന്ന അശ്വാഭ്യാസിയും ചിലതുമാത്രമാണ്. ഏറ്റവും പുതിയതായി ഇന്ത്യയുടെ രാഷ്ട്രീയഭൂമികയില്‍ നടനമാടുന്ന പശുസ്‌നേഹത്തെയും തല്‍ഫലമായുണ്ടായ ചോരച്ചാലുകളെ പ്രമേയമാക്കി വരച്ചചിത്രം വായിച്ചാല്‍ തീരാത്തത്രയും ചിന്തോദ്ധീപകങ്ങളായ ചിത്രങ്ങളായി മാറി.
തണല്‍ ചാരിറ്റി വിങ്ങിന്റെയും കോഴിക്കോട് ആസ്ഥാനമായ 'ഫൈറ്റ് ഫോര്‍ ലൈഫി'ന്റെയും സഹകരണത്തോടെ ഈ വര്‍ഷം പാരിസ്, കുവൈത്ത്, ദുബൈ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ചിത്രപ്രദര്‍ശനം നടത്താനൊരുങ്ങുകയാണ് നൗഫല്‍. ചിത്രപ്രദര്‍ശനത്തില്‍നിന്നു ലഭിക്കുന്ന വരുമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നീക്കിവയ്ക്കാനും ഈ യുവാവ് മനസു കാണിക്കുന്നു. അതിലൂടെ ദൈവത്തിന്റെ അപാരമായ അനുഗ്രഹം കരഗതമാവുമെന്നാണ് നൗഫലിന്റെ വിശ്വാസം.
ചേമഞ്ചേരി വെറ്റിലപ്പാറ സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കര എന്ന പ്രദേശത്താണ് താമസിക്കുന്നത്. അധ്യാപികയായ ഭാര്യ സഹനാസും ഇദ്ദേഹത്തോടൊപ്പം ഖത്തറിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു. ആശിഖ ഹിബ, ആശിഖ് സിയാദ് എന്നിവരാണ് മക്കള്‍. പിതാവ് ഉസ്മാന്‍ പൂക്കാടും മാതാവ് ആയിശയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."