കടല്‍പ്പരപ്പില്‍ എണ്ണ പടര്‍ന്നു; യന്ത്രവും തോറ്റപ്പോള്‍ ചെന്നൈ കൈകോര്‍ത്തു
ചെന്നൈ: കടലോരത്തെ ഭീതിയിലാഴ്ത്തി കടലില്‍ എണ്ണ പരക്കുന്നു. കഴിഞ്ഞ ശനിയാഴ്ച്ച കൂട്ടിയിടിച്ച എണ്ണക്കപ്പലുകളില്‍നിന്ന് ടണ്‍ കണക്കിന് എണ്ണയാണ് കടലില്‍ പരക്കുന്നത്. കോസ്റ്റ് ഗാര്‍ഡും എന്‍ജിനീയര്‍മാരും മീന്‍പിടിത്തക്കാരും ചേര്‍ന്ന് കടല്‍ ശുദ്ധിയാക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ്. പകുതിയോളം വിജയിച്ചെങ്കിലും എണ്ണ പരന്നൊഴുകുന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്. ഡസന്‍ കണക്കിനു കടലാമകളാണ് നാലു ദിവസത്തിനുള്ളില്‍ ചത്തൊടുങ്ങിയത്.
കടല്‍ ശുദ്ധീകരിക്കാന്‍ കൊണ്ടുവന്ന ഉപകരണങ്ങള്‍ പരാജയപ്പെട്ടിടത്ത് ജനം നേരിട്ടാണ് ശ്രമകരമായ ദൗത്യം ഏറ്റെടുക്കുന്നത്. മെഷീനുകള്‍ കൊണ്ട് എണ്ണയെടുക്കുമ്പോള്‍ വീണ്ടും കടല്‍ മലിനമാക്കുന്നതായി കണ്ടതിനെ തുടര്‍ന്നാണ് കൈകൊണ്ടു കടല്‍ വൃത്തിയാക്കാന്‍ പരിസരവാസികളും കോസ്റ്റ് ഗാര്‍ഡും തീരുമാനിച്ചത്.
ടണ്‍ കണക്കിന് എണ്ണയാണ് കടല്‍പ്പരപ്പില്‍ ഒഴുകുന്നത്. മറീനാ ബീച്ചില്‍ ഉള്‍പ്പെടെ കടല്‍തീരത്തെ മണ്ണില്‍ എണ്ണ പടര്‍ന്നിട്ടുണ്ട്. ബീച്ചില്‍ വരുന്ന ടൂറിസ്റ്റുകളും ഉദ്യമത്തില്‍ പങ്കുചേരുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങളെല്ലാം പരാജയപ്പെട്ടിടത്താണ് ജനങ്ങള്‍ നേരിട്ടു കടലിലിറങ്ങിയത്. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററുകള്‍ ദൗത്യം ഏകോപിപ്പിക്കുന്നു.
ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരും ഉദ്യമത്തില്‍ പങ്കെടുക്കുന്നു. കട്ടിപിടിച്ചൊഴുകുന്ന എണ്ണ വള്ളത്തിലേക്കുള്ള ഓക്‌സിജനെ തടയുന്നുണ്ട്. അതുവഴി കടല്‍ ജീവികള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാതാവുന്നു. ജീവികള്‍ ചത്തു പൊങ്ങുന്നു.
മീന്‍പിടിത്തക്കാര്‍ക്കും വറുതിയാണ് കഴിഞ്ഞ നാലു ദിവസം. എണ്ണ പരന്നു ചത്ത മത്സ്യങ്ങളാണ് വില്‍ക്കുന്നതെന്ന അപവാദപ്രചരണങ്ങളില്‍ ജനം മത്സ്യം വാങ്ങാതായി. ദിവസം മൂന്നു ലക്ഷം രൂപയ്ക്കു കച്ചവടം നടക്കുന്നിടത്ത് ഇപ്പോള്‍ 2000 രൂപയ്ക്കുപോലും കച്ചവടം നടക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."