ലോക കേരളസഭ; ലോക മലയാള മാധ്യമ സംഗമത്തില്‍ ഖത്തര്‍ പ്രതിനിധികളില്ല
ദോഹ: അടുത്തയാഴ്ച നടക്കുന്ന ലോക കേരളസഭയുടെ ഭാഗമായി കേരള സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ആഗോള മാധ്യമ സംഗമത്തില്‍ ഖത്തറില്‍നിന്ന് പ്രാതിനിധ്യമുണ്ടായില്ല. ഇതര ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ 29ലധികം മലയാളി മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്ത് കൊല്ലത്ത് നടന്ന സംഗമത്തിലേക്ക് ഖത്തറില്‍നിന്ന് ആര്‍ക്കും ക്ഷണം ലഭിച്ചിരുന്നില്ല. ഖത്തര്‍, സഊദി രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഇല്ലാതെ പോയത് ഒരു കുറവായിരുന്നുവെന്നും നോര്‍ക്ക വഴിയാണ് രജിസ്‌ട്രേഷന്‍ നടന്നത് എന്നതിനാല്‍ തങ്ങള്‍ പ്രാതിനിധ്യ വിഷയം അത്ര ശ്രദ്ധിച്ചില്ലെന്നും സംഗമത്തിന്റെ സംഘാടകരായിരുന്ന കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു.
ലോകകേരള സഭയുടെ സെക്രട്ടേറിയറ്റ് ആയ നോര്‍ക, ക്ഷേമനിധി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ താത്പര്യമെടുത്താണ് യു എ ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും മാധ്യമ പ്രവര്‍ത്തകരെ സംഗമത്തില്‍ പങ്കെടുപ്പിച്ചത്. ഖത്തറില്‍ രണ്ട് നോര്‍ക ഡയറക്ടര്‍മാരും ഒരു ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറുമുണ്ട്. എന്നാല്‍ ഇവിടെനിന്നും മാധ്യമ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനുള്ള ഒരു ശ്രമവുമുണ്ടായില്ല.
സംഗമം വാര്‍ത്താ കുറിപ്പുവഴിയും വെബ്‌സൈറ്റിലൂടെയും അറിയിച്ചിരുന്നുവെന്നാണ് മീഡിയ അക്കാദമിയുടെ വിശദീകരണം. എന്നാല്‍ മറ്റു രാജ്യങ്ങളിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് മീഡിയ അക്കാദമി ഇമെയിലില്‍ ക്ഷണം നല്‍കിയാണ് പങ്കെടുപ്പിച്ചത്.
പൊതുവായ അറിയിപ്പ് ഉണ്ടായിരുന്നുവെങ്കില്‍കൂടി ആറു മലയാള പത്രങ്ങളും അഞ്ചു മലയാളം ചാനലുകളും സജീവമായി പ്രവര്‍ത്തിക്കുന്ന ഖത്തറിലെ മാധ്യമ പ്രവര്‍ത്തകരുടെ പ്രാതിനിധ്യം ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു ബാധ്യതയുണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കൊല്ലത്തു നടന്ന സംഗമം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. നോര്‍ക, പി ആര്‍ ഡി എന്നിവയുടെ സഹകരണത്തോടെയാണ് മീഡിയ അക്കാദമി പരിപാടി സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."