ശമ്പളം മുടങ്ങി: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: ശമ്പളവും പെന്‍ഷനും വീണ്ടും മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്ച അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി അവസാനിക്കും. സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
ജനുവരി മാസത്തെ ശമ്പളവും ജനുവരി-ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷനുമാണ് മുടങ്ങിയത്. ശമ്പളം വൈകുന്നതു സംബന്ധിച്ച് വിവിധ യൂനിയനുകളെ ഗതാഗത മന്ത്രി ചര്‍ച്ചയ്ക്കു വിളിച്ചിരുന്നു. ചര്‍ച്ച ഫലം കണ്ടില്ല.
സി.ഐ.ടി.യു മാത്രമാണ് മന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുത്തത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പണിമുടക്കില്‍ നിന്ന് പിന്‍മാറിയതായി സി.ഐ.ടി.യു അറിയിച്ചു.
എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ് യൂനിയനുകള്‍ ചര്‍ച്ച ബഹിഷ്‌കരിക്കുകയായിരുന്നു. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ ഗതാഗതമന്ത്രിയുടെ വസതിയിലേക്ക് കഴിഞ്ഞ ദിവസം മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. അന്ന് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും, ജീവനക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്നും ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് പണിമുടക്ക് പിന്‍വലിച്ചത്. തുടര്‍ന്ന് ധനമന്ത്രി തോമസ് ഐസക്കും കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ക്ക് ആറുമാസം ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് സമ്മതിച്ചിരുന്നു. ശമ്പളവും പെന്‍ഷനും കൃത്യമായി ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
വകുപ്പുമന്ത്രി ഇക്കാര്യം സര്‍ക്കാരില്‍ ശക്തമായി അറിയിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം ഉത്തര്‍പ്രദേശിലാണ്. അദ്ദേഹത്തെ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുകയാണ്.
ഇതും ജീവനക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. പണിമുടക്കിനു ശേഷവും ശമ്പളം ലഭിക്കുന്നില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുന്നതിനെ കുറിച്ചും സംഘടനകള്‍ ആലോചിക്കുന്നുണ്ട്. അതേ സമയം സര്‍ക്കാര്‍ അനുകൂല തൊഴിലാളി സംഘടനയായ സി.ഐ.ടി.യു സമരത്തോട് അനുകൂല തീരുമാനമെടുത്തിട്ടില്ല.
ശമ്പളം ഏഴിന് നല്‍കുമെന്ന് മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം ഈ മാസം ഏഴിന് നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍. ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍, സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. പെന്‍ഷന്‍കാരുടെ ഡി.എ അടക്കം 50 ശതമാനം പെന്‍ഷന്‍ ഇന്ന് വിതരണം ചെയ്യും. കുടിശ്ശിക പൂര്‍ണമായും കൊടുത്തു തീര്‍ക്കാനുള്ള നടപടികള്‍ കെ.എസ്.ആര്‍.ടി.സി ആരംഭിച്ചു കഴിഞ്ഞു. സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാന്‍ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഈ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് സാമ്പത്തിക നഷ്ടം വരുത്തുന്ന തരത്തിലുള്ള പണിമുടക്കില്‍ നിന്ന് പിന്‍മാറണമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."