പഠനവും പരിശീലനവും; പ്രതിസന്ധിയിലായി കായിക താരങ്ങള്‍
തിരുവനന്തപുരം: പരീക്ഷയും ദേശീയ കായിക മേളയും ഒരു പോലെ എത്തിയതോടെ പഠനവും പരീക്ഷയും പരിശീലനവും പ്രതിസന്ധിയിലായി കേരളത്തിന്റെ ജൂനിയര്‍ താരങ്ങള്‍. 62ാമത് ദേശീയ ജൂനിയര്‍ സ്കൂള്‍ അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് ഈ മാസം 20 മുതല്‍ 23 വരെ ഗുജറാത്തിലെ വഡോദരയില്‍ നടത്താന്‍ ദേശീയ സ്കൂള്‍ ഗെയിംസ് ഫെഡറേഷന് തീരുമാനിച്ചതോടെയാണ് കായിക താരങ്ങള്‍ പ്രതിസന്ധിയിലായത്. ജനുവരിയില്‍ തെലങ്കാനയിലെ രങ്കറെഢിയില് നടത്താന്‍ നിശ്ചയിച്ചിരുന്ന മീറ്റ് അനന്തമായി നീണ്ടു പോകുകയായിരുന്നു. ഏപ്രിലിലേക്ക് മീറ്റ് മാറ്റിവയ്ക്കാന്‍ നീക്കം നടത്തിയെങ്കിലും അവസാന നിമിഷം തെലങ്കാന പിന്മാറി. ഇതോടെയാണ് ഗുജറാത്ത് മീറ്റ് നടത്താന്‍ മുന്നോട്ടു വന്നത്. നിലവിലെ ദേശീയ ചാംപ്യന്മാരായ കേരളം 53 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 27 പെണ്‍കുട്ടികളും 26 ആണ്‍കുട്ടികളുമാണ് ടീമിലുള്ളത്. 19നു ടീമുകള്‍ റിപോര്‍ട്ട് ചെയ്യണം.
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിദ്യാഭാരതി, സി.ബി.എസ്.ഇ, ഐ.പി.എസ്.ഇ ഉള്‍പ്പടെ 42 ടീമുകളാണ് വഡോദരയിലെ മഞ്ചല്‍പൂര്‍ സ്പോര്‍ട്സ് കോംപ്ലക്സിലെ അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ കേരളം ആതിഥ്യമരുളിയ കോഴിക്കോട് മീറ്റില്‍ 120 പോയിന്റുമായാണ് കേരളം ജൂനിയര്‍ ചാംപ്യന്‍പട്ടം നേടിയത്. കേരളത്തിനു വേണ്ടി പെണ്‍കുട്ടികള്‍ 85 പോയിന്റും ആണ്‍കുട്ടികള്‍ 35 പോയിന്റും നേടിയിരുന്നു. മൂന്നായി വിഭജിച്ച ശേഷം നടക്കുന്ന ജൂനിയര്‍ മീറ്റിലും കേരളം കിരീട പ്രതീക്ഷയില്‍ തന്നെയാണ്. ഇതിനിടെ കായിക മേളയും പരീക്ഷയും ഒരു പോലെ വന്നതു താരങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ മോഡല്‍ പരീക്ഷ 13 മുതല്‍ 22 വരെ തിയതികളിലാണ് നടക്കുന്നത്. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ 23 നും നടക്കും. പരീക്ഷ നടക്കുന്ന തിയതിയില്‍ തന്നെയാണ് ദേശീയ മീറ്റും നടക്കുന്നത്. മീറ്റില്‍ പങ്കെടുക്കാന്‍ പോകുന്ന താരങ്ങള്‍ക്ക് പരീക്ഷ ഉപേക്ഷിക്കേണ്ടി വരും. ഇതിനു പുറമേ പരീക്ഷ ദിനങ്ങളില്‍ പരിശീലനം ഉപേക്ഷിക്കേണ്ടി വരുമെന്നതും താരങ്ങള്‍ക്ക് തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."