ഡല്‍ഹി സുല്‍ത്താനേറ്റ്
സുല്‍ത്താന്‍മാരുടെ കീഴില്‍ മധ്യകാല ഇന്ത്യ ഒരു കേന്ദ്രീകൃത ഭരണത്തിന് തുടക്കം കുറിക്കുകയായിരുന്നു. അഞ്ച് വംശങ്ങളിലായി മുപ്പത്തിരണ്ട് സുല്‍ത്താന്‍മാര്‍ 1206 മുതല്‍ 1526 വരെ ഡല്‍ഹി ആസ്ഥാനമാക്കി ഭരണം നടത്തി.ഒട്ടേറെ മികവുറ്റ ഭരണാധികാരികളും നയതന്ത്രശാലികളും ഈ ഭരണകാലത്തെ ചരിത്രത്താളുകളില്‍ നിറം പകര്‍ത്തി കടന്ന് പോയി. അവരില്‍ പ്രധാനികളെ കുറിച്ചൊരു വിവരണം നല്‍കുകയാണ് ഈ പംക്തിയിലൂടെ..,
1 അടിമ രാജവംശം (12061290)
2 ഖില്‍ജി രാജവംശം (12901320)
3 തുഗ്ലക്ക് രാജവംശം (13201414)
4സയ്യിദ് രാജവംശം (14141451)
5 ലോധി രാജവംശം (14511526)
അടിമ രാജവംശം (12061290)
രജപുത്ര വംശജനായ പൃഥ്വിരാജ് ചൗഹാനെ രണ്ടാം തറൈല്‍ യുദ്ധത്തില്‍ (1192) പരാജയപ്പെടുത്തി ഇന്ത്യയിലേയ്ക്ക് കടന്നു വന്ന മുഹമ്മദ് ഘോറിയുടെ സേനാനായകനായിരുന്നു കുത്തുബുദ്ദീന്‍ ഐബക്ക്. കുത്തുബുദ്ദീന്‍ ഐബക്കിന് പുറമെ താജുദ്ദീന്‍ എല്‍തോസ്, നാസറുദ്ദീന്‍ കപാട്യയ, ഭക്തിയാര്‍ കാല്‍ജി എന്നിവരും ഘോറിയുടെ വിശ്വസ്തരായ മറ്റു സേനാനായകന്‍മാരാണ്.ഭക്തിയാര്‍ കാല്‍ജിയുടെ നേതൃത്തത്തിലുള്ള സൈന്യമായിരുന്നു പ്രതിരോധ കോട്ടയാണ് എന്ന് തെറ്റിദ്ധരിച്ച് നളന്ദ സര്‍വ്വകലാശാല അക്രമിച്ച് നശിപ്പിച്ചത് .
ഇന്ത്യയില്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ മുഹമ്മദ് ഘോറിക്കുവേണ്ടി വര്‍ഷങ്ങളോളം കുത്തുബുദ്ദീന്‍ ഐബക്ക് ഭരണം നടത്തി ,നിശാപൂരില്‍ നിന്നും വാങ്ങിയ അടിമയായിരുന്നു കുത്തുബുദ്ദീന്‍ ,ശക്തനും വിശ്വസ്തനുമായ തന്റെ അടിമയെ സേനാനായകനാക്കുകയും ' വിശ്വാസത്തിന്റെ കേന്ദ്രം ' എന്ന് അര്‍ത്ഥം വരുന്ന 'ഐബക്ക് ' എന്ന പേര് നല്‍കി മുഹമ്മദ് ഘോറി ആദരിച്ചു.
മുഹമ്മദ് ഘോറിയുടെ മരണശേഷം 1206 ല്‍ കുത്തുബുദ്ദീന്‍ ഐബക്ക് ഇന്ത്യയില്‍ രാജവംശം സ്ഥാപിച്ചു, സ്വതന്ത്ര ഭരണം തുടങ്ങി. ആദ്യ തലസ്ഥാനം ലാഹോര്‍ ആയിരുന്നു. അടിമയായതിനാല്‍ അടിമ രാജവംശം എന്ന പേരില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.ഈ രാജവംശത്തില്‍ പിന്നീട് ഭരണം നടത്തിയ ഇല്‍ത്തുമിഷ് , ബാല്‍ബന്‍ മുതലായ സുല്‍ത്താന്‍മാരും ഒരു കാലത്ത് അടിമകളായിരുന്നു.
കുത്തുബുദ്ദീന്‍ ഐബക്ക് (1206 1210)
തുര്‍ക്കി വംശജനായിരുന്ന കുത്തുബുദ്ദീന്‍ ചെറുപ്രായത്തില്‍ തന്നെ അടിമയായിരുന്നു. സ്വയ പ്രയത്‌നത്താല്‍ അധികാരത്തിലേറിയ വ്യക്തിയാണ്, അദ്ദേഹത്തിന്റെ അതുല്യമായ ധൈര്യവും നയതന്ത്ര പാഠവും കണ്ടത്തിയത് മുഹമ്മദ് ഘോറിയായിരുന്നു.ഇന്ത്യയിലെ മുസ് ലീം ഭരണത്തിന് അടിത്തറയിട്ടത് മുഹമ്മദ് ഘോറിയാണെങ്കിലും ആദ്യത്തെ മുസ് ലിം രാജവംശം ഐബക്ക് സ്ഥാപിച്ച അടിമ രാജവംശമാണ്.
ഡല്‍ഹിയിലെ ഖുവ്വത്തുല്‍ ഇസ്‌ലാം പള്ളി പണിതു, ഉത്തരേന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ മുസ് ലിം പള്ളിയാണിത്. ഇന്തോ സാരസ്‌നിക് മാതൃക (ഇന്ത്യ പേര്‍ഷ്യ) യില്‍ നിര്‍മ്മിച്ച ആദ്യത്തെ കെട്ടിടം കൂടിയാണിത്. കുത്തുബ്മിനാറിന്റെ അടുത്തായി സ്ഥിതി ചെയ്യുന്നു.ഖാജാ കുത്തുബുദ്ദീന്‍ ഭക്തിയാര്‍ ഖാക്കിയുടെ സ്മരണാര്‍ത്ഥം കുത്തബ്മിനാറിന്റെ പണി ആരംഭിച്ചു, അജ്മീര്‍ കീഴടക്കിയതിന്റെ സ്മരണ നിലനിര്‍ത്താനുള്ള സ്മാരകവുമാണ് കുത്തബ്മിനാര്‍ . ' ലാക്ബാക്ഷ ' (ലക്ഷങ്ങള്‍ ദാനം ചെയ്യുന്നവന്‍) എന്നറിയപ്പെട്ടത് കുത്തുബുദ്ദീന്‍ ഐബക്കാണ്. ചൗഗാന്‍ (പോളോ ) കളിക്കുന്നതിനിടെ 1210ല്‍ കുതിരപ്പുറത്തു നിന്നും വീണതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. കുതിരലായത്തിന്റെ അധിപന്‍ ( Master of Stables) എന്ന സ്ഥാനം വഹിച്ചാണ് അദ്ദേഹം മുഹമ്മദ് ഘോറിയുടെ പ്രിയ സേനാനായക പദവിയില്‍ എത്തിയത് എന്നതും ഇവിടെ സ്മരിക്കുന്നു.
ഇല്‍ത്തുമിഷ് (1210 1236 )
കുത്ത്ബുദ്ദീന്‍ ഐബക്കിന്റെ പെട്ടന്നുള്ള മരണത്തെ തുടര്‍ന്ന് രാജവംശത്തിന്റെ അധിപനായി ആരംഷായാണ് അധികാരത്തില്‍ കയറിയത്. എട്ട് മാസം ഭരണം നടത്തിയെങ്കിലും കാര്യപ്രാപ്തി തീരെ ഇല്ലാതിരുന്ന അദ്ദേഹത്തെ ജൂട്ട് യുദ്ധത്തിലൂടെ പരാജയപ്പെടുത്തി അടിമരാജവംശത്തിലെ പ്രസിദ്ധനായ ഇല്‍ത്തുമിഷ് അധികാരത്തില്‍ കയറി.ആദ്യ നാളുകളില്‍ അഭിമുഖീകരിക്കേണ്ടി വന്ന ഒരു പ്രധാന പ്രശ്‌നം ബംഗാളിലെ ആലിമര്‍ട്ടന്‍ ഐബക്കിന്റെ മരണത്തെ തുടര്‍ന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതാണ്. ബീഹാര്‍ കീഴടക്കാന്‍ ശ്രമിച്ച ഹിസ്സാം ഉദ്ദീനെ സൈനിക നടപടിയിലൂടെ വധിക്കുകയും ചെയ്തു.പിന്നീട് ബംഗാള്‍ ഡല്‍ഹിക്ക് കീഴില്‍ തളച്ച് അധികാരത്തിന്റെ വരവറീച്ചു. സാധാരണക്കാരനായ വ്യക്തി, സ്വയം പ്രയത്‌നത്താല്‍ അധികാരത്തില്‍ കയറിയ ഇല്‍ത്തുമിഷിനെ പല തവണ പ്രഭുക്കന്‍മാര്‍ ചോദ്യം ചെയ്യുകയും അധികാരത്തിനെതിരെ ജനങ്ങളെ ഇളക്കിവിടുകയും ചെയ്തിരുന്നു.എന്നാല്‍ ബാഗ്ദാദില്‍ നിന്നും ഖലീഫയുടെ അംഗീകാരം ലഭിച്ചതോടെ ഇല്‍ത്തുമിഷ് സ്ഥാനമുറപ്പിച്ച് തിളക്കമാര്‍ന്ന ഭരണം കാഴ്ചവെച്ചു.കേന്ദ്ര ഭരണത്തിന് സമുന്നതമായ സ്ഥാനം നല്‍കി ഡല്‍ഹി സുല്‍ത്താനേറ്റിന്റെ യഥാര്‍ത്ഥ സ്ഥാപകനായി മാറി.
അടിമയുടെ അടിമ എന്നറിയപ്പെടുന്നത് ഇല്‍ത്തുമിഷാണ്.
ഡല്‍ഹിയെ തലസ്ഥാന നഗരമാക്കി.
ഖലീഫയുടെ അംഗീകാരം ലഭിച്ച ആദ്യ സുല്‍ത്താന്‍.
' ലഫ്റ്റനന്റ് ഓഫ് ഖലീഫ ' എന്നറിയപ്പെടുന്നത് ഇല്‍ത്തുമിഷാണ്.
അറബികളുടെതിന്ന് തുല്യമായ നാണയങ്ങള്‍ ഇറക്കി, 'തങ്ക ' എന്ന നാണയം വെള്ളിയിലും 'ജിറ്റാള്‍ ' എന്ന നാണയം കോപ്പറിലും ഇറക്കിയത് ഇദ്ദേഹത്തിന്റെ കാലത്താണ്.
കുത്തബ്മിനാറിന്റെ രണ്ടും മൂന്നും നാലും നിലകള്‍ നിര്‍മ്മിച്ചു.
' ചഹല്‍ഗാരി ' എന്ന നാല്‍പത് അംഗ പ്രഭുസഭയ്ക്ക് രൂപം കൊടുത്തത് ഇല്‍ത്തുമിഷാണ്.
സ്ഥലത്തിന്റെ ടാക്‌സ് പിരിച്ചെടുക്കുന്ന തുക ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചതിന് ശേഷം ബാക്കി വരുന്ന തുക ഖജനാവിലേക്ക് പിരിച്ചെടുക്കുന്ന രീതിയില്‍ ഉള്ള ' ഇക്ത ' സമ്രധായം നടപ്പിലാക്കി.
1221 ല്‍ മംഗോളിയനായ തെമൂചിന്‍ എന്ന ചെങ്കിസ്ഖാന്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ ഭരണാധികാരി ഇല്‍ത്തുമിഷ് ആയിരുന്നു.
വിനയം സൗന്ദര്യം സല്‍സ്വഭാവം എന്നിവക്കുടമയായ ഇല്‍ത്തുമിഷ് 'ദൈവഭൂമിയുടെ സംരക്ഷകന്‍ ' എന്നും അറിയപ്പെട്ടു.
സുല്‍ത്താന റസിയ (1236 1240)
ഡല്‍ഹി സാമ്രാജ്യം അടക്കി ഭരിച്ച പ്രഗല്‍ഭയായ രാജ്ഞിയായിരുന്നു ഇല്‍ത്തുമിഷിന്റെ മകളായ സുല്‍ത്താന റസിയ.
ഇല്‍ത്തുമിഷിന്റെ പുത്രന്മാരുടെ കഴിവുകേടിനെ പറ്റി അദ്ദേഹം തികച്ചും ബോധവാനായിരുന്നു.അതു കൊണ്ട് മകളായ റസിയ തനിക്ക് ശേഷം ഭരണം നടത്തണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു.പ്രഭുക്കന്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മരണശേഷം മകനായ റൂക്ക്‌നുദ്ദീന്‍ സുല്‍ത്താനായി.
പിതാവിന്റെ ഭരണകാലത്ത് തന്നെ റസിയയുടെ ജനങ്ങള്‍ക്കിടയിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രീതി പിടിച്ച് പറ്റിയിരുന്നു.
അതു കൊണ്ട് തന്നെ ജനങ്ങളുടെ പിന്തുണയോടെ സുല്‍ത്താന റസിയ ശക്തമായ തിരിച്ച് വരവ് നടത്തി , അധികാരത്തിന്റെ രാജധാനിയില്‍ നിന്നും തടവറയിലേക്ക് റുക്കുനുദ്ദീനെ പിടിച്ചിറക്കി സുല്‍ത്താന റസിയ അധികാരത്തില്‍ കയറി. നിരവധി പ്രശ്‌നങ്ങള്‍ തരണം ചെയ്യേണ്ടതായി വന്നു, മുള്‍ട്ടാന്‍, ബദോണ്‍, ഹന്‍സി, ലാഹോര്‍ മുതലായ പ്രവിശ്യകളിലെ ഗവര്‍ണ്ണര്‍മാരും സാമ്രാജ്യത്തിലെ പ്രധാന മന്ത്രിയും റസിയയെ എതിര്‍ത്തു, ഈ സാഹചര്യത്തില്‍ തന്റെ ഭരണം യഥാക്രമം ജനങ്ങളിലേക്ക് എത്തിക്കാന്‍ വേണ്ടി അബ്‌സീനിയക്കാരനായ അടിമ ജമാലുദ്ദീന്‍ യാക്കൂത്തിന് റസിയ നല്‍കിയ ഉന്നത പദവി വീണ്ടും പ്രഭുക്കന്‍മാരുടെയും ഗവര്‍ണ്ണര്‍മാരുടെയും കടുത്ത അമര്‍ശത്തിന് വിധേയമായി.
ഇത്തരം കലാപങ്ങളേയും പ്രതിഷേധങ്ങളെയും വകവെക്കാതെ ജനങ്ങളുടെ പ്രീതി സമ്പാദിച്ച് നാല് വര്‍ഷം ഡല്‍ഹി സാമ്രാജ്യം അടക്കി ഭരിച്ച സുല്‍ത്താന റസിയ ,തബര്‍ഹിന്‍ഡയിലെ ഗവര്‍ണ്ണറായിരുന്ന അല്‍ത്തൂനിയയുടെ നേതൃത്വത്തില്‍ അരംഭിച്ച ഒരു ലഹളയുടെ ഫലമായി ജമാലുദ്ദീന്‍ യാക്കൂത്ത് കൊല്ലപ്പെടുകയും റസിയ തടവറയില്‍പ്പെടുകയും ചെയ്തു. അവിടുന്ന് രക്ഷപ്പെട്ട് ഡല്‍ഹിയില്‍ തിരിച്ചെത്തിയെങ്കിലും സഹോദങ്ങളുടെ പ്രതിഷേധത്തില്‍ വീണ്ടും സൈനിക പോരാട്ടത്തില്‍ കലാശിച്ചു. യുദ്ധഭൂമിയില്‍ അമിത വേഗതയില്‍ കുതിരയെ ഓടിച്ച് സൈന്യത്തെ നയിച്ച് കൊണ്ടിരിക്കെ അബദ്ധവശാല്‍ എതിര്‍ സൈന്യത്തിന്റെ വളയത്തില്‍പ്പെട്ട് പോയ സുല്‍ത്താന റസിയ തന്റെ സൈന്യം വരുന്നത് വരെ ഒറ്റക്ക് പോരാടിയെങ്കിലും ആ ധീര വനിത ഒടുവില്‍ പടക്കളത്തില്‍ നെട്ടറ്റു വീണു. ആഘോഷത്തിമിര്‍പ്പില്‍ ഓരോ അവയവങ്ങളും വെട്ടിമാറ്റി 1240 ല്‍ കൈത്താലില്‍ വെച്ച് അതി ക്രൂരമായി സുല്‍ത്താന റസിയ വധിക്കപ്പെട്ടു.
സുല്‍ത്താന റസിയക്ക് ശേഷം ഡല്‍ഹി തലസ്ഥാനമായി ഇന്ത്യ അടക്കിഭരിച്ച വനിതയാണ് ഇന്ദിരാഗാന്ധി, ചരിത്ര ആവര്‍ത്തനം എന്നു പറയാന്‍ പറ്റുമോ , എങ്കിലും മധ്യകാല ഇന്ത്യാ ചരിത്രത്തില്‍ ഇല്‍ത്തുമിഷ് മകള്‍ റസിയ എന്നിവരെ പേലെ സ്വാതന്ത്ര്യ ഇന്ത്യാ ചരിത്രത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിരയും ചരിത്രത്തില്‍ പലകാര്യത്തിലും സാമ്യം പുലര്‍ത്തുന്നു.
ഭരണത്തില്‍ ഇരിക്കെ എല്ലാ കാര്യത്തിലും നൈപുണ്യമുണ്ടായിരുന്ന അവര്‍ ' ഇന്ത്യയുടെ ഉരുക്ക് വനിത 'എന്നറിയപ്പെടുന്നു , പ്രധാനമന്ത്രി സ്ഥാനത്തിരിക്കെ അംഗരക്ഷകരാല്‍ അവരും വധിക്കപ്പെടുകയായിരുന്നു.
ബാല്‍ബന്‍ (1266 1286)
സുല്‍ത്താന റസിയക്ക് ശേഷം ഇല്‍ത്തുമിഷിന്റെ പുത്രനായ മുഹീസുദ്ദീന്‍ ബഹറാമി സുല്‍ത്താനായി, അതിന് ശേഷം അലാവുദീന്‍ മസൂദ് ഷാ, ഒടുവില്‍ ഇല്‍ത്തുമിഷിന്റെ വംശത്തിലെ അവസാന ത്തെ സുല്‍ത്താനായ നാസിറുദ്ദീന്‍ മഹമ്മൂദും അധികാരത്തിലിരുന്നു. നാസിറുദ്ദീന്‍ വിവാഹം ചെയ്തത് ബാല്‍ബന്റെ പുത്രിയെ ആയിരുന്നു, ഇത് പിന്നീട് സാമ്രാജത്തിന്റെ അധികാരത്തിലേക്കുള്ള വഴിയൊരുക്കി.നസീറുദ്ദീന്റെ മരണശേഷം 1266 ല്‍ മുതല്‍ ഗിയാസുദ്ദീന്‍ ബാല്‍ബന്‍ അധികാരത്തില്‍ കയറി.
' നിണവും ഇരുമ്പും '' എന്ന നയം ആദ്യമായി നടപ്പിലാക്കിയ സുല്‍ത്താന്‍.
' ഭൂമിയിലെ ദൈവത്തിന്റെ നിഴല്‍ ' എന്ന് സ്വയം വിശേഷിപ്പിച്ചു.
സജതയും പൈബോസും നടപ്പിലാക്കി.
പേര്‍ഷ്യന്‍ ഇതിഹാസ നായകന്‍ അഫ്രാസിയാബിന്റെ പിന്‍കാമിയെന്ന് സ്വയം വിശേഷിപ്പിച്ചു.
പേര്‍ഷ്യന്‍ പുതുവത്സര ആഘോഷമായ നൗറോസ് ഇന്ത്യയില്‍ ആരംഭിച്ചു.
ചല്‍സ പിരിച്ചു വിട്ടു.
കവി അമീര്‍ കുസ്രു സുല്‍ത്താന്റെ കൊട്ടാരത്തില്‍ ജീവിച്ചു.
മംഗോളിയന്‍ നേതാവ് 'ഹലാക്കു'മായി സൗഹൃദ ബന്ധം.
തുര്‍ക്കി വംശജനാണ് ബാല്‍ബന്‍.
ഇല്‍ത്തുമിഷ് ആണ് കൗമാരപ്രായത്തില്‍ അടിമയായിരുന്ന ബാല്‍ബനെ മോചിപ്പിച്ചത്.
ബാല്‍ബനു ശേഷം മുയ്‌സുദ്ദീന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പൗത്രനായ കായ്ക്കുബാദാണ് (1287 മുതല്‍ 1290 വരെ) ഭരണം നടത്തിയത്. അടിമ രാജ വംശത്തിലെ അവസാനത്തെ ഭരണാധികാരിയാണ്. പിന്നീട് ജലാലുദ്ദീന്‍ ഖില്‍ജി ഭരണം പിടിച്ചടക്കി, പുതിയൊരു രാജവംശം സ്ഥാപിക്കുകയായിരുന്നു.
ഖില്‍ജി രാജവംശം (1290 1320)
ജലാലുദ്ദീന്‍ ഖില്‍ജി (1290 1296)
ഖില്‍ജി രാജവംശത്തിന്റെ സ്ഥാപനാണ് ജലാലുദ്ദീന്‍ ഖില്‍ജി, ഭരണാധികാരം പിടിച്ചടക്കിയതിന് കടുത്ത എതിര്‍പ്പിനു വിധേയമായി , സുല്‍ത്താനായി പ്രഖ്യാപിക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന് ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത്.ഭരണം ജനകീയ പിന്തുണയുള്ളതായിരിക്കണമെന്ന് പ്രഖ്യാപിച്ചു. ജനകീയ മുഖം ഭരണത്തില്‍ കൊണ്ട് വരാന്‍ സുല്‍ത്താന്‍ സാധിച്ചു.
ജനങ്ങള്‍ക്കിടയില്‍ ഹിന്ദു മുസ് ലിം ഐക്യത്തിന് എതിരെ പ്രവര്‍ത്തിച്ച സിദ്ദി മൗല എന്ന സന്യാസിയെ രാജ്യദ്രോഹ കുറ്റം ചുമത്തി വധിച്ചു.
കാര എന്ന പ്രദേശത്തിന്റെ അധികാരിയായിരുന്ന ബാല്‍ബന്റെ മരുമകന്‍ മാലിക്ക് ഛാജ്ജു ജലാലുദ്ദീനെതിരായി നീങ്ങിയ ഘട്ടത്തില്‍ സൈനിക നടപടിയിലൂടെ മാലിക്ക് ഛാജ്ജുവിനെ കീഴടക്കി മാതൃകാ പരമായി ശിക്ഷിക്കുന്നതിന് പകരം എല്ലാ സൗകര്യങ്ങളോടുകൂടി മുള്‍ട്ടാനിലേക്കു ഭരണ മാറ്റം നല്‍കുകയാണ് ജലാലുദ്ദീന്‍ ചെയ്തത്.
വഴിയാത്രക്കാരെ നിരന്തരം കൊള്ളയടിച്ച് ജീവിച്ചിരുന്ന ' തഗ്ഗ് ' കൊള്ളക്കാരെ പിടികൂടിയ ശേഷം അവരെ മാതൃകാപരമായി ശിക്ഷിക്കാതെ പകരം നല്ല ഉപദേശങ്ങള്‍ കൊടുത്ത് ബംഗാളില്‍ സ്വാതന്ത്രരായി ജീവിക്കുവാന്‍ അനുവദിച്ചു.
ഇത്തരം നടപടികള്‍ സുല്‍ത്താന്റെ കഴിവുകേടാണ് സൂചിപ്പിക്കുന്നതെന്ന് ദുര്‍വ്യാഖ്യാനം അന്ന് പ്രചരിച്ചിരുന്നു.
അലാവുദ്ദീന്‍ ഖില്‍ജി (1296 1316)
' മധ്യകാല ഇന്ത്യയിലെ പ്രഗത്ഭ വ്യക്തികളില്‍ ഒരാള്‍ ' എന്നറിയപ്പെടുന്നു.അലാവുദ്ദീന്‍ ഖില്‍ജി ജലാലുദ്ദീന്റെ മരുമകനുമാണ്.
സ്വന്തമായി സൈന്യത്തെ നില നിര്‍ത്തിയ ആദ്യ സുല്‍ത്താനാണ് .
ഉദ്യോഗസ്ഥര്‍ക്ക് 'പണം ' ശബളമായി നല്‍കുകയും , ' ഇക്ത ' എന്ന സമ്രധായം നിര്‍ത്തലാക്കുകയും ചെയ്തു.
ഇന്ത്യയില്‍ ആദ്യമായി വില നിയന്ത്രണവും കബോള പരിഷ്‌ക്കരണവും നടപ്പിലാക്കി.
കമ്പോളകാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന ഉദ്യോഗസ്ഥനെ ' ഷാഹ് ന ' എന്ന പദവി നല്‍കി.
ദക്ഷിണേന്ത്യ ആക്രമിച്ച ആദ്യത്തെ സുല്‍ത്താനാണ് അലാവുദീന്‍.
ആദ്യം കീഴടക്കിയ പ്രദേശം ഗുജറാത്താണ്
ആദ്യമായി ഒരു ഹിന്ദു വനിതയെ വിവാഹം കഴിച്ച മുസ് ലിം ഭരണാധികാരികൂടിയാണ് അലാവുദ്ദീന്‍ ഖില്‍ജി.ഗുജറാത്തിലെ രാജകരണിന്റെ വിധവയായ കമലാദേവിയായിരുന്നു ഈ വനിത.
അലാവുദ്ദീന്‍ ഖില്‍ജിയുടെ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്ന മാലിഖ് ഗഫൂര്‍ എന്ന ഹസന്‍ദിനാരിയെ ലഭിച്ചത് ഗുജറാത്തിലെ സൂറത്തില്‍ നിന്നുമാണ്, ഇത് ചരിത്രത്തില്‍ ' ഗുജറാത്തില്‍ നിന്നും ലഭിച്ച നിധി ' എന്ന പേരില്‍ അറിയപ്പെടുന്നു.
ദക്ഷിണേന്ത്യയില്‍ നടത്തിയ ആക്രമണങ്ങളുടെ പേരില്‍ അലാവുദ്ദീന്‍ ഖില്‍ജി ' മുസ് ലീം ഇന്ത്യയുടെ സമുദ്രഗുപ്തന്‍ ' എന്നും അറിയപ്പെട്ടു.
ഒട്ടകങ്ങളേയും കുതിരകളേയും ഉപയോഗിച്ച് തപാല്‍ സമ്പ്രദായം ആരംഭിച്ചു.
സെക്കണ്ട് അലക്‌സാണ്ടര്‍ എന്നറിയപ്പെട്ടു.
'സെറായി ഇ ആദില്‍' എന്ന നീതിയുടെ മാര്‍ക്കറ്റിന് അദ്ദേഹം രൂപം നല്‍കി. ഡല്‍ഹിയില്‍ മൂന്ന് കബോളങ്ങള്‍ സ്ഥാപിച്ചു, ഭക്ഷ്യധാന്യങ്ങള്‍ക്ക് ,വില കൂടിയ വസ്ത്രങ്ങള്‍ക്ക്, മറ്റൊന്ന് ആട്മാട് ,കുതിര, അടിമകള്‍ എന്നിങ്ങനെ മൂന്ന് കമ്പോളങ്ങള്‍ ആയിരുന്നു അത്.
ചിറ്റൂര്‍ ആക്രമണം അലാവുദ്ദീനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാലത്ത് ചിറ്റൂര്‍ അറിയപ്പെട്ടത് കിസ്‌റാബാദ് (രാജസ്ഥാന്‍).
പ്രാദേശിക തലത്തില്‍ നിയമ സമാധാനം പാലിക്കുവാന്‍ ' കൊട്ട് വാള്‍ '( Kotwal) എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംവിധാനത്തിന് പ്രധാന്യം നല്‍കി.
പല മതസ്ഥരുള്ള ഇന്ത്യയില്‍ ഇസ്‌ലാമിക ശരീഹത്ത് നിയമം മാത്രം ഉപയോഗിച്ച് സാമ്രാജ്യം ഭരിക്കുവാന്‍ കഴിയുകയില്ലന്ന് മനസ്സിലാക്കിയ സുല്‍ത്താന്‍ ഒരു ദേശീയ നിയമ സംഹിത നിര്‍മ്മിച്ചു.
ദിവാനി റിയാസത്ത് (Diwani riyasat) എന്ന ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാണ് കൊട്ടാരത്തില്‍ നിന്നുള്ള കമ്പോള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്.
കൊട്ടാരത്തിലെ ആസ്ഥാന കവി അമീര്‍ കുസ്രു ആയിരുന്നു. ' ഇന്ത്യന്‍ തത്ത ' എന്നറിയപ്പെടുന്നത് അമീര്‍ കുസ്രു ആണ്. തുഗ്ലക്ക് നാമ , ആശിഖാ, ലൈലാമജ്‌നൂന്‍ എന്നീ കൃതികള്‍ അദ്ദേഹത്തിന്റെതാണ്. ഉറുദു ഭാഷയുടെ പിതാവ് അമീര്‍ കുസ്രു ആണ്. ' ഉര്‍ദു ഹോമര്‍ ' എന്നും അമീര്‍ കുസ്രു അറിയപ്പെടുന്നു. സിത്താറ , തബല എന്നിവ കണ്ടത്തിയത് അബുല്‍ ഹസന്‍ എന്ന അമീര്‍ കുസ്രു ആണ്.
നിര്‍മ്മിതികള്‍
അലയ് ദര്‍വാസ എന്ന കുത്തബ്മിനാറിന്റെ പ്രവേശന കവാടം.
ഡല്‍ഹിയിലെ സരീഫോര്‍ട്ട്.
തുഗ്ലക്കാബാദിലെ ആയിരം തൂണുള്ള മണ്ഡപം.
മഹ്‌റൂളിലെ മദ്രസ.
ജലാലുദീനെ ചതിയിലൂടെ കൊലപ്പെടുത്തിയാണ് അലാവുദീന്‍ അധികാരം പിടിച്ചെടുത്തത്. അലാവുദീന്റെ വിശ്വസ്തനായ മാലിക് ഗഫൂറിന്റെ ചതിയിലൂടെ അലാവുദീനും കാലയവനികക്കുള്ളില്‍ മറഞ്ഞു. അലാവുദ്ദീന്റെ രണ്ട് മക്കളെ അന്ധരാക്കുകയും മൂന്നാമത്തെ മകനെ പിടികൂടാനുള്ള സൈനിക നടപടിയില്‍ പരാജയപ്പെട്ട മാലിക് ഗഫൂര്‍ വധിക്കപ്പെട്ടു.തുടര്‍ന്ന് ഖില്‍ജി വംശത്തിലെ അവസാനത്തെ സുല്‍ത്താനായി കുത്ത്ബുദ്ദീന്‍ മുബാറക് ഷാ അധികാരത്തില്‍ കയറി.1316 മുതല്‍ 1320 വരെ നീണ്ടു നിന്ന ഭരണം ജനപ്രീതി ലഭിച്ചു വെങ്കിലും അനര്‍ഹരായ ഉദ്യോഗസ്ഥരെ നിയമിച്ചത് കാരണം ഭരണ പരാജയം ഏറ്റ് വാങ്ങേണ്ടി വന്നു. ചതിയിലൂടെ സുല്‍ത്താന്‍ മുബാറക് ഷാ വധിക്കപ്പെട്ടു. ഉദ്യോഗസ്ഥനായ ഖുസ്‌റോ ഖാനാണ് അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.സുല്‍ത്താന്റെ കുടുംബാംഗങ്ങളെ മുഴുവന്‍ ക്രൂരമായി വധിച്ച ശേഷം അദ്ദേഹം ഭരണം നടത്തുവാന്‍ ശ്രമിച്ചു.പ്രബലമായ എതിര്‍പ്പുണ്ടായി, ഒരു വിഭാഗം സൈന്യത്തിന്റെ പിന്‍ബലത്തോടെ ഘാസി മാലിക്ക് അധികാരത്തിലേക്ക് ഇരച്ച് കയറി.ഖുസ്‌റോഖാനെ വധിച്ചു, തുഗ്ലക്ക് രാജവംശത്തിന് തുടക്കം കുറിച്ചു.
തുഗ്ലക്ക് രാജവംശം (1320 1414)
ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ രാജവംശമാണ് തുഗ്ലക്ക് രാജവംശം.
പഞ്ചാബ് ഗവര്‍ണറായിരുന്ന ഘാസി മാലിക്കാണ് ഗിയാസുദ്ദീന്‍ തുഗ്ലക്ക് എന്ന പേര് സ്വീകരിച്ച് കൊണ്ട് തുഗ്ലക്ക് രാജവംശം സ്ഥാപിച്ചത്. 1320 മുതല്‍ 1325 വരെ ഭരണം നടത്തിയ അദ്ദേഹമാണ് തുഗ്ലക്കാബാദ് നഗരം പണിതത്.ബംഗ്ലാള്‍ യുദ്ധവിജയം കഴിഞ്ഞ് ലഭിച്ച സ്വീകരത്തില്‍ പന്തല്‍ തകര്‍ന്ന് വീണ് മരണപ്പെടുകയായിരുന്നു.പുത്രനായ ജൂനാരാ രാജകുമാരന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് എന്ന പേരില്‍ സുല്‍ത്താനായി.
മുഹമ്മദ്ബിന്‍ തുഗ്ലക്ക് (1325 1351)
'അറിവിന്റെ സാഗരം' എന്നറിയപ്പെട്ട സുല്‍ത്താന്‍ അപ്രായോഗികമായ പരിഷ്‌കാരങ്ങളുടെ പേരില്‍ ഇദ്ദേഹം ' ബുദ്ധിമാനായ വിഡ്ഡി ' , 'ദുര്‍ നക്ഷത്രക്കാരനായ ആദര്‍ശവാദി' എന്നിങ്ങനെ ചരിത്രത്തില്‍ വിശേഷിപ്പിക്കപ്പെട്ടു. 1327 ല്‍ തലസ്ഥാനം ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രയിലെ ദൗലത്താബാദി (ദേവഗിരി) ലേക്ക് മാറ്റി.മംഗോളിയരുടെയും അഫ്ഘാനികളുടെയും അപ്രതീക്ഷിത ആക്രമണങ്ങളില്‍ നിന്നും തലസ്ഥാനം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക എന്നതാണ് സുല്‍ത്താന്‍ ഉദ്ദേശിച്ചത്.എന്നാല്‍ അപ്രായോഗികമായി തലസ്ഥാനം അപ്പാടെ ഡല്‍ഹിയില്‍ നിന്നും ദൗലത്താബാദിലേക്ക് പറച്ചുനടുക എന്ന രീതിയാണ് നടപ്പാക്കിയത്.ഈ മുഴുനീള യാത്രയില്‍ മനുഷ്യരും മൃഗങ്ങളും ചത്തൊടുങ്ങി കജനാവ് കാലിയുമായി. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ആ പരീക്ഷണം പരാജയമടഞ്ഞു ,ഡല്‍ഹിലേക്ക് തന്നെ തലസ്ഥാനം വീണ്ടും മാറ്റി.
പ്രസിദ്ധ ചരിത്രകാരനായ ലെയിന്‍ പൂളിന്റെ വാക്കുകള്‍ പോലെ ' തെറ്റായ മാര്‍ഗ്ഗത്തിലേക്കു തിരിച്ചുവിട്ട പ്രവര്‍ത്തന ശേഷിയുടെ സ്മാരക '' മായി ദൗലത്താബാദ് മാറി.
ഇത് പോലെ നാണയ പരിഷ്‌കരണവും പരാജയത്തിന്റെ പടുകുഴിയില്‍ ചെന്നത്തിച്ചു. ചൈന, പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മുന്‍ കാലങ്ങളില്‍ തന്നെ നിലവിലുണ്ടായിരുന്ന ടോക്കണ്‍ കറന്‍സി സിസ്റ്റം മുഹമ്മദ് ബിന്‍ തുഗ്ലക്ക് ഇന്ത്യയിലും പരീക്ഷിച്ചു. എന്നാല്‍ അത്തരം നാണയങ്ങള്‍ അടിക്കുവാനുള്ള അവകാശം ഭരണത്തിന്റെ മാത്രം കുത്തകയാക്കുവാന്‍ ഒരു കേന്ദ്രീകൃത മുഖം നല്‍കുവാനുള്ള നടപടികളൊന്നും അദ്ദേഹം കൈകൊണ്ടില്ല. തല്‍ഫലമായി പലരും നിര്‍മ്മിച്ച ധാരാളം കള്ളനാണയങ്ങള്‍ നിലവില്‍ വന്നു. കമ്പോളങ്ങളില്‍ സുലഭമായി പണവും വില്‍ക്കപ്പെട്ടു. സാമ്പത്തിക മേഖല ആകെ തകര്‍ന്നു, ഈ പ്രശ്‌നം തരണം ചെയ്യുവാന്‍ സുല്‍ത്താന്‍ അവലംബിച്ച നയം സ്ഥിതി കൂടുതല്‍ വഷളാക്കി.പ്രചാരണത്തിലുള്ള കള്ള നാണയങ്ങള്‍ ഉള്‍പ്പെടെ എല്ലാ നാണയങ്ങളും പിന്‍വലിച്ച് പകരം യഥാര്‍ത്ഥത്തിലുള്ള വെള്ളി നാണയം നല്‍കുവാനാണ് സുല്‍ത്താന്‍ തീരുമാനിച്ചത്, ഇതിന്റെ ഫലമായി വന്നു ചേര്‍ന്ന സാമ്പത്തിക നഷ്ടം സാമ്രാജ്യത്തെ ക്ഷയിപ്പിച്ചു.
ഒരു രാജ്യത്ത് നടപ്പില്‍ വരുത്തുന്ന ഓരോ പരിഷ്‌ക്കാരങ്ങളും സാധാരണക്കാരനെ എങ്ങനെ ബാധിക്കുന്നു എന്ന് നേരാവണ്ണം ചിന്തിക്കാതെ എടുത്ത തീരുമാനങ്ങളായി ചരിത്രത്തില്‍ അദ്ദേഹത്തിന്റെ ഭരണകാലം വ്യക്തമാക്കുന്നു.
_ ബുദ്ധിമാനായ വിഡ്ഢി എന്ന് മുഹമ്മദ്ബിന്‍ തുഗ്ലക്കിനെ വിശേഷിപ്പിച്ചത് വിന്‍സന്റ് സ്മിത്ത് ആണ്
പിശാചിന്റെ ഹൃദയമുള്ള പുണ്യവാളന്‍ എന്ന് വിശേഷിപ്പിച്ചത് ലയിന്‍ പൂള്‍ ആണ്.
വൈരുദ്യങ്ങളുടെ മിശ്രിതം എന്ന് വിശേഷിപ്പിച്ചത് സിയാബുദ്ദീന്‍ ബറാണി.
എന്നാല്‍ സൈനിക മുന്നേറ്റത്തില്‍ വിജയഗാഥയാണ് പറയാനുള്ളത് , ഹിമാലയ ഭാഗങ്ങള്‍ കീഴടക്കാന്‍ കൊറാച്ചില്‍ പര്യടനം , പശ്ചിമേഷ്യ പിടിച്ചടക്കാന്‍ കുറാസാന്‍ പര്യടനം എന്നിവ നടത്തി.
രാജ്യനിയന്ത്രണത്തില്‍ കര്‍ഷക ഡിപ്പാര്‍ട്ട്‌മെന്റ് നിലനിര്‍ത്തി.
ടോക്കന്‍ കറന്‍സി സിസ്റ്റംസ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത് മുഹമ്മദ്ബിന്‍ തുഗ്ലക്കാണ്.
' നാണയ നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ ' എന്നറിയപ്പെടുന്നതും മുഹമ്മദ്ബിന്‍ തുഗ്ലക്കാണ്.
ഇക്കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച മൊറോക്കോ സഞ്ചാരിയാണ് ഇബ്‌നുബത്തൂത്ത, എട്ട് വര്‍ഷം ഇന്ത്യയിലെ ചീഫ് ജസ്റ്റിസ് (മുഖ്യ ഖാസി ) പഥം അലംങ്കരിച്ചു.
ഇബ്‌നുബത്തൂത്തയെ ചൈനീസ് അംബാസിഡറായി സുല്‍ത്താന്‍ നിയമിച്ചു.
ആറ് തവണ കേരളം (കോഴിക്കോട്) സന്ദര്‍ശിച്ച സഞ്ചാരിയാണ് ഇബ്‌നുബത്തൂത്ത, കോഴിക്കോടിനെ കുറിച്ച് പരാമര്‍ശിച്ച വിദേശിയാണ് ഇദ്ദേഹം.
സഫര്‍ നാമ , കിത്താബുല്‍ രഹ് ല, എന്നിവ എഴുതിയത് ഇബ്‌നുബത്തൂത്തയാണ്.
' ലോകത്തിലെ ഒരു അദ്ഭുതം ' എന്നാണ് സഞ്ചാരിയായ ഇബ്‌നുബത്തൂത്ത മുഹമ്മദ് ബിന്‍ തുഗ്ലക്കിനെ വിശേഷിപ്പിച്ചത്.
1351ല്‍ സിന്‍ഡില്‍ വെച്ച് മുഹമ്മദ്ബിന്‍ തുഗ്ലക്ക് അന്തരിച്ചു.
ബദായുനി എന്ന ചരിത്രകാരന്റെ വിശേഷണം പോലെ ' അങ്ങനെ സുല്‍ത്താന്‍ പ്രജകളില്‍ നിന്നും പ്രജകള്‍ സുല്‍ത്താനില്‍ നിന്നും മുക്തരായി '
ഫിറോസ് ഷാ തുഗ്ലക്ക് (1351 1388)
മുഹമ്മദ്ബിന്‍ തുഗ്ലക്കിന്റെ പിന്‍ഗാമിയായി അധികാരമേറ്റ ഫിറോസ് ഷാ തുഗ്ലക്കാണ് ' ജസിയ 'എന്ന നികുതി ഏര്‍പ്പെടുത്തിയത്.
ഫിറോസാബാദ് , ഫിറോസ്പൂര്‍ ,ജൗണ്‍പൂര്‍, എന്നീ നഗരങ്ങള്‍ സ്ഥാപിച്ചതും ഫിറോസ് ഷാ തുഗ്ലക്കാണ്.
കനാല്‍ വഴി ജലഗതാഗതം ആരംഭിച്ചത് ഫിറോസ് ഷാ തുഗ്ലക്കാണ്.
' നിര്‍മ്മിതികളുടെ രാജകുമാരന്‍ ' എന്നറിയപ്പെടുതും ഫിറോസ് ഷാ തുഗ്ലക്കാണ്.
കുത്തബ്മിനാറിന്റെ അവസാനത്തെ നിലകള്‍ പൂര്‍ത്തിയാക്കിയത് ഫിറോസ് ഷാ തുഗ്ലക്കാണ്. മുകളിലെ രണ്ടു നിലകള്‍ വെണ്ണക്കല്ലുകൊണ്ടാണ് തീര്‍ത്തിട്ടുള്ളത്.
ഹൈന്ദവ മതഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തില്‍ നിന്നും പേര്‍ഷ്യന്‍ ഭാഷയിലേക്കു പരിഭാഷപ്പെടുത്താന്‍ ശ്രമിച്ച ആദ്യ ഭരണാധികാരിയും , സുല്‍ത്താനും ഫിറോസ് ഷാ തുഗ്ലക്കാണ്.
ഇദ്ദേഹത്തിന്റെ മരണശേഷം സുല്‍ത്താന്‍ ഭരണം ക്ഷയിക്കുകയും അത് ഡല്‍ഹിക്കു ചുറ്റുമായി പരിമിതപ്പെടുകയും ചെയ്തു.
ഫിറോസ് ഷാ തുഗ്ലക്കിന് ശേഷം സാമ്രാജ്യം ഫലവത്തായി നിയന്ത്രിക്കുവാന്‍ പ്രാപ്തരായ സുല്‍ത്താന്‍മാര്‍ ഉണ്ടായിരുന്നില്ല.
ഗിയാസുദ്ദീന്‍ തുഗ്ലക്ക് ഷാ രണ്ടാമന്‍, അബൂബക്കര്‍, നാസിറുദ്ദീന്‍ മുഹമ്മദ് ഷാ, സിക്കന്ദര്‍ ഷാ, മഹമ്മൂദ് ഷാ എന്നിവരാണ് പിന്നീട് തുഗ്ലക്ക് ഭരണം നടത്തിയത്.
മഹമ്മൂദ് ഷാ യുടെ കാലത്താണ് (1398 1399) തൈമൂര്‍ ഇന്ത്യ ആക്രമിച്ചത്.1412 ല്‍ മഹമ്മൂദ് ഷായുടെ മരണത്തോട് കൂടി തുഗ്ലക്ക് രാജവംശം അവസാനിച്ചു.
സയ്യിദ് രാജവംശം (1414 1451)
മഹമ്മൂദ് ഷാ തുഗ്ലക്കിന്റെ മരണശേഷം രണ്ടു വര്‍ഷങ്ങളോളം ഡല്‍ഹി പ്രദേശം ദൗലത്ത്ഖാന്റെ അധികാരത്തിലായിരുന്നു.1414 ല്‍ ഖിസര്‍ഖാന്‍ അദ്ദേഹത്തെ തോല്‍പ്പിക്കുകയും സയ്യിദ് രാജവംശം സ്ഥാപിക്കുകയും ചെയ്തു. 1414 മുതല്‍ 1421 വരെ ഖിസര്‍ഖാന്‍ ഭരണം നടത്തി.അതിനു ശേഷം അദ്ദേഹത്തിന്റെ മകന്‍ മുബാറക് ഷാ 1434 വരെ ഭരണം നടത്തി. 1434 മുതല്‍ 1445 വരെ മുബാറക് ഷാ യുടെ സഹോദര പുത്രനായ മുഹമ്മദ് ഷാ ആയിരുന്നു സയ്യിദ് രാജവംശത്തിലെ സുല്‍ത്താനായി ഭരണം നടത്തിയത്. എന്നാല്‍ അവസാനത്തെ സുല്‍ത്താന്‍ ആലംഷാ ആയിരുന്നു.1445 മുതല്‍ 1451 വരെ ആയിരുന്നു ഭരണ കാലം. പഞ്ചാബിലെ അഫ്ഘാന്‍ ഗവര്‍ണറായിരുന്ന ബഹ് ലുല്‍ ലോദിക്ക് അധികാരം കൈമാറി കൊണ്ട് 1451 ല്‍ സ്ഥാനമൊഴിഞ്ഞു.
ലോധി രാജവംശം (1451 1526)
ഇന്ത്യയില്‍ അധികാരത്തിലെത്തിയ ആദ്യത്തെ അഫ്ഘാനിയായിരുന്നു ലോധി രാജവംശം സ്ഥാപകനായ ബഹലൂല്‍ ലോധി (1451 1489). അതു കൊണ്ട് തന്നെ ലോധി രാജവംശം ഇന്ത്യയിലെ ഒന്നാം അഫ്ഘാന്‍ സാമ്രാജ്യം എന്ന പേരിലും അറിയപ്പെടുന്നു. ആഗ്ര നഗര സ്ഥാപകന്‍ കൂടിയായ സിക്കന്ദര്‍ ലോധിയാണ് ( 1489 1517) ലോധി രാജവംശത്തിലെ ഏറ്റവും പ്രബലനായ സുല്‍ത്താന്‍.
ഗ്വാളിയോര്‍ പ്രദേശം നിയന്ത്രിക്കുവാനായി അഗ്രാ പട്ടണത്തിന് അസ്ഥിവാരമിട്ടത് 1504ല്‍ ആയിരുന്നു.ലോധി രാജവംശത്തിലെയും ഡല്‍ഹി സുല്‍ത്താനേറ്റിലെയും അവസാനത്തെ സുല്‍ത്താനുമാണ് ഇബ്രാഹിം ഷാ.1517 മുതല്‍ 1526 വരെ അദ്ദേഹത്തിന്റെ ഭരണം നീണ്ടു നിന്നുള്ളു. 1526 ല്‍ ഒന്നാം പാനിപത്ത് യുദ്ധത്തില്‍ ഇബ്രാഹിം ഷാ തോല്‍വി ഏറ്റുവാങ്ങി കാബൂളിലെ ഭരണാധികാരിയായ ബാബര്‍ ഡല്‍ഹിയും ആഗ്രയും കീഴടക്കി.
മുഗള്‍ വംശജനായ ബാബറുടെ ആക്രമണത്തോടെ ഡല്‍ഹിയിലെ സുല്‍ത്താന്‍ ഭരണം ചരിത്രത്തിലെ ഒരു അദ്ധ്യായമായി തീരുകയും മുഗള്‍വംശം സ്ഥാപിതമാകുകയും ചെയ്തു. ബാബറുടെ കടന്ന് വരവോടെ മധ്യകാല ഇന്ത്യയുടെ പുതിയൊരദ്ധ്യായത്തിന് തുടക്കം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."