വാഹനാപകടത്തില്‍ മരിച്ച ജവാനു സൈനിക ബഹുമതികളോടെ വിട നല്‍കി
കാട്ടാക്കട: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ജവാനു പൂര്‍ണ സൈനിക ബഹുമതികളോടെ വിട നല്‍കി.
കട്ടക്കോട് ചാത്തിയോടു ലളിതാലയം വീട്ടില്‍ അനില്‍കുമാര്‍ (36) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ പൂവച്ചല്‍ പേഴുംമൂട് സീറോ ജങ്ഷനിലായിരുന്നു അപകടം. പൂവച്ചല്‍ എസ് ബി ടി യില്‍ പണമെടുക്കാനെത്തിയ ഭാര്യയെ കൂട്ടിക്കൊണ്ടു പോകാന്‍ ബൈക്കില്‍ വരുന്നതിനിടെയാണ് അനില്‍കുമാര്‍ അപകടത്തില്‍പെട്ടത്. എതിരേ വന്ന കാറുമായി കൂട്ടിയിടിച്ചു ബൈക്കില്‍ നിന്നു തെറിച്ചു വീണ അനില്‍കുമാര്‍ തല്‍ക്ഷണം മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ ഉച്ചക്ക് ഒന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. അരമണിക്കൂര്‍ പൊതു ദര്‍ശനത്തിനു ശേഷം വീട്ടുവളപ്പില്‍ വച്ച് പാങ്ങോട് മിലിട്ടറി ക്യാംപിലെ സൈനികര്‍ അനില്‍കുമാറിന് ആദരം നല്‍കി . മദ്രാസ് റെജിമെന്റ് 9 പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ നായിക് സുബേദാര്‍ എസ് രാജു ,പരേഡ് കമാണ്ടര്‍ കെ സുഭാഷ് ചന്ദ്ര ബോസ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് കട്ടക്കോട് ദേവാലയത്തില്‍ വന്‍ജനാവലിയുടെ സാനിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു.
പഞ്ചാബില്‍ ഫരീത് കോട്ട് മിലിട്ടറിയില്‍ നായിക് ആയിരുന്ന അനില്‍കുമാര്‍ കഴിഞ്ഞ മാസം ഇരുപത്തിമൂന്നിനാണ് രണ്ടുമാസത്തെ അവധിക്കു നാട്ടില്‍ എത്തിയത്.അവധി റദ്ദു ചെയ്തു തിരികെ ജോലിക്ക് പോകാനിരിക്കെയായിരുന്നു അപകടം. ഭാര്യ ഷീന അനില്‍ ,മകന്‍ അഭിന്‍ എസ് അനില്‍. അഡ്വ. ഐ. ബി. സതീഷ് എം.എല്‍.എ ,ജില്ല പഞ്ചായത്ത് അംഗം അന്‍ സജിത റസ്സല്‍ ,വാര്‍ഡ് അംഗം സനല്‍ ബോസ് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."