ജറൂസലം പ്രഖ്യാപനം അസാധുവാക്കാന്‍ അറബ് ലീഗ് നീക്കം
അമ്മാന്: ജറൂസലമിനെ ഇസ്റാഈല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാന്‍ അറബ് ലീഗ് നീക്കം. ട്രംപിന്റെ പ്രഖ്യാപനം അസാധുവാക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്.
പകരം, കിഴക്കന്‍ ജറൂസലം തലസ്ഥാനമായുള്ള ഫലസ്തീന് രാഷ്ട്രത്തിന് അംഗീകാരം നല്കാന് അറബ് ലീഗ് വിദേശകാര്യ മന്ത്രിമാര്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.വിവാദ ജറൂസലം പ്രഖ്യാപനം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേര്‍ന്നിരുന്നു. ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന് സഫാദി അധ്യക്ഷനായ യോഗത്തില്‍ ഈജിപ്ത്, മൊറോക്കൊ, സഊദി അറേബ്യ, യു.എ.ഇ, ഫലസ്തീന് മന്ത്രിമാര്‍ പങ്കെടുത്തു. വിഷയത്തിലെ ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്യാനായി നാളെ ഈജിപ്തിലെ കെയ്റോയില്‍ അറബ് ലീഗിന്റെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.ട്രംപിന്റെ പ്രഖ്യാപനത്തിന് നിയമപരമായ സാധുതയില്ലെന്ന് വ്യക്തമാക്കുകയാണു പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അയ്മന് സഫാദി പറഞ്ഞു.
1967ലെ അതിര്‍ത്തി പ്രകാരം ജറൂസലം തലസ്ഥാനമായുള്ള ഫലസ്തീന് രാഷ്ട്രത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളത്തെ യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണു കരുതപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."