ഇ അഹമ്മദ് കേരളത്തിന്റെ യശസ് ലോകത്തോളം ഉയര്‍ത്തിയ നേതാവ്: ലീഗ്
ആലപ്പുഴ: കേരളത്തിന്റെ യശസ്സ് ലോകത്തോളം ഉയര്‍ത്തിയ നേതാവായിരുന്നു അന്തരിച്ച മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദ് സാഹിബെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുശോചന സമ്മേളനം അഭിപ്രായപ്പെട്ടു. മുസ്‌ലിം സമുദായം ഭൗതിക വിദ്യാഭ്യാസത്തിലേക്ക് കൂടുതലായി കടന്നുവരാന്‍ മടിച്ചുനിന്ന കാലത്ത് ഉന്നത വിദ്യാഭ്യാസത്തോടെ പൊതു രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം ഒരുതലമുറക്ക് തന്നെ മാതൃകയായിരുന്നു.
രാജ്യത്തിന്റെ നിലപാടുകള്‍ ലോക വേദികളില്‍ അവതരിപ്പിച്ചിരുന്ന അദ്ദേഹം ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയുടെ മുഖമായിരുന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ഹാജി. എം. ഇസ്മയില്‍ കുഞ്ഞ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കേരളം രാജ്യത്തിന് സംഭാവന ചെയ്ത മികച്ച നയതന്ത്രജ്ഞനായിരുന്നു ഇ. അഹമ്മദെന്ന് യോഗത്തില്‍ സംസാരിച്ച ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ പൗരന്മാര്‍ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലെല്ലാം ഇ. അഹമ്മദ് അവരുടെ സംരക്ഷകനായി എത്തിയിരുന്നു.
കേരളത്തില്‍ നിന്നും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ച അദ്ദേഹം രാജ്യത്തിന്റെ ആത്മാഭിനം ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടുകളായിരുന്നു എല്ലാക്കാലവും സ്വീകരിച്ചു പോന്നിരുന്നതെന്നും അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളില്‍ അഹമ്മദ് എന്ന നേതാവ് പാര്‍ലമെന്റിലെ ഇടപെടലുകള്‍ എല്ലാകാലവും സ്മരിക്കപ്പെടുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി. ജെ ആഞ്ചലോസ് എക്‌സ്. എംപി അഭിപ്രായപ്പെട്ടു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത് ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ അഹമ്മദ് സാഹിബ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വീകരിച്ച പക്വമായ സമീപനം നാട്ടില്‍ സമാധാനം ഉറപ്പാക്കാന്‍ നിര്‍ണായകമായെന്നും അദ്ദേഹം അനുസ്മരിച്ചു. യോഗത്തില്‍ മുസ്‌ലിംലീഗ് ജില്ലാ വൈസ്. പ്രസിഡന്റ് എ. യഹിയ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. എം നസീര്‍ സ്വാഗതവും അമ്പലപ്പുഴ നിയോജക പ്രസിഡന്റ് അഡ്വ. എ. എ റസാഖ് നന്ദിയും പറഞ്ഞു.
ജനതാദല്‍ (യു) സംസ്ഥാന സെക്രട്ടറി ജനറല്‍ ഷെയ്ഖ് പി. ഹാരിസ്, മുന്‍ എംഎല്‍എ എ. എ ഷുക്കൂര്‍, കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം, കേരള കോണ്‍ഗ്രസ് (ജെ)സംസ്ഥാന വൈസ്. പ്രസിഡന്റ് ജോര്‍ജ്ജ് ജോസഫ്, എം.ഇ.എസ് സംസ്ഥാന വൈസ്. പ്രസിഡന്റ് ഹബീബ് മുഹമ്മദ്, മുസ്‌ലിംലീഗ് ജില്ലാ വൈസ്. പ്രസിഡന്റ് എം. എ അബൂബക്കര്‍ കുഞ്ഞാശാന്‍, സെക്രട്ടറിമാരായ നജ്മല്‍ ബാബു, ടി. എ മെഹബൂബ്, എസ്.എ അബ്ദുല്‍ സലാം ലബ്ബ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."