സര്‍ക്കാര്‍ ജീവനക്കാര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തനമാവാം
സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഡി.ജി.പി ജേക്കബ് തോമസ് ഉള്‍പ്പെടെ ഇരുപത്തഞ്ചോളം സര്‍ക്കാര്‍ ജീവനക്കാരെ സര്‍ക്കാര്‍വിരുദ്ധപ്രചാരണത്തിന്റെ പേരില്‍ സര്‍വീസില്‍നിന്നു സസ്‌പെന്റ് ചെയ്യുകയുണ്ടായി. ഈ നടപടികളില്‍ ഭൂരിഭാഗവും നവമാധ്യമങ്ങളില്‍ സര്‍ക്കാര്‍വിരുദ്ധ ട്രോളുകള്‍ ഷെയര്‍ചെയ്യുകയോ കമന്റ് നടത്തുകയോ ചെയ്തതിന്റെ പേരിലാണ്. ഭരണകൂടത്തിന്റെ നയപരിപാടികളും പദ്ധതികളും ജനങ്ങളിലെത്തിക്കേണ്ട ഉദ്യോഗസ്ഥര്‍ മന്ത്രിമാരടക്കമുള്ള ഭരണകൂടസംവിധാനത്തെ വിമര്‍ശിക്കുന്നതു സര്‍വീസ് ചട്ടലംഘനമാണെന്നാണു സര്‍ക്കാര്‍ പറയുന്നത്.
ഭരണത്തിനെതിരേ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന എതിര്‍ശബ്ദങ്ങളെ സര്‍ക്കാര്‍ വിരുദ്ധമെന്നു വ്യാഖ്യാനിച്ചു തടയാനുള്ള രാഷ്ട്രീയഗൂഢാലോചന ഈ നീക്കത്തിനു പിന്നിലെന്നാണു പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ ആരോപണം. ജീവനക്കാരുടെ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്ന ഏകാധിപത്യസമീപനം സര്‍ക്കാറിന്റെ ഭാഗത്തുനിന്നു വര്‍ധിച്ചുവരുന്നതായി ജീവനക്കാര്‍ ആശങ്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെയും നിയമപരവും സാമൂഹ്യവുമായ പ്രസക്തി പരിശോധിക്കപ്പെടേണ്ടതുണ്ട്.
ചാണക്യന്റെ അര്‍ത്ഥശാസ്ത്രം മുതല്‍ വികസിച്ചുവന്നതും മുഗളരുടെ കാലത്തു ശാസ്ത്രീയാടിത്തറയിട്ടതും ബ്രിട്ടീഷുകാര്‍ ഘടനാപരമായി പൂര്‍ണതയിലെത്തിച്ചതുമാണു സിവില്‍ സര്‍വീസ്. അതില്‍ ജീവനക്കാരെ നിയമിക്കുന്നതിനുള്ള ആദ്യ ഉത്തരവുകള്‍ വരുന്നതു ദേശീയപ്രസ്ഥാനം സജീവമാകുന്ന കാലത്താണ്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസുമായി സര്‍ക്കാരുദ്യോഗസ്ഥര്‍ സഹകരിക്കുന്നെന്നു മനസിലാക്കിയ ബ്രിട്ടീഷ്‌സര്‍ക്കാര്‍ അവരുടെ രാഷ്ട്രീയപ്രവര്‍ത്തനം വിലക്കി.
1890-ല്‍ വൈസ്രോയി പുറപ്പെടുവിച്ച ഉത്തരവില്‍ രാഷ്ട്രീയയോഗങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നതും പ്രക്ഷോഭത്തില്‍ പങ്കുചേരുന്നതും തടഞ്ഞു. 1904ല്‍ അതുവരെയുള്ള ഉത്തരവുകള്‍ ക്രോഡീകരിച്ചു പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചു. 1905-ല്‍ ഈ വ്യവസ്ഥകള്‍ സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ക്കും ബാധകമാക്കി. അധികാരം നിലനിര്‍ത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളുടെ തുടര്‍ച്ചയാണ് ഇന്നത്തെ പെരുമാറ്റചട്ടം.
സ്വാതന്ത്ര്യാനന്തരം പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണകൂടസംവിധാനത്തിന്റെ ഘടനയും കൃത്യമായി നിര്‍വചിക്കാന്‍ ഭരണഘടന ശ്രമിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും പൗരന്റെ മൗലികാവകാശമാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചില വ്യവസ്ഥകള്‍ പലപ്പോഴും ഭരണഘടനാദത്തമായ മൗലികാവകാശത്തിനു വിരുദ്ധമാണെന്ന ആരോപണം ഉയര്‍ന്നുവന്നിട്ടുണ്ട്.
1960ല്‍ നിലവില്‍ വന്ന കേരള ഗവ. കോണ്‍ടാക്റ്റ് റൂള്‍സിലെ സെക്്ഷന്‍ 60 പ്രകാരം ജീവനക്കാര്‍ക്കു സര്‍ക്കാരിന്റെ നയപരിപാടികളെയോ പ്രവൃത്തികളെയോ വിമര്‍ശിക്കാന്‍ കഴിയില്ല. ഈ വ്യവസ്ഥ കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. കോടതി ഉത്തരവുകളെപോലും മാന്യമായി വിമര്‍ശിക്കാമെന്നിരിക്കെ നയപരിപാടികളില്‍ അഭിപ്രായം പറയുന്നതും വിയോജിക്കുന്നതും വിലക്കുന്നതു ശരിയല്ല.
നവമാധ്യമങ്ങളിലൂടെ നടത്തുന്ന ആവിഷ്‌കാരങ്ങളെ 2000 ലെ ഐ.ടി ആക്ടിലെ സെക്്ഷന്‍ 66 (മ) പ്രകാരമാണു സര്‍ക്കാര്‍ നിയന്ത്രിച്ചിരുന്നത്. 2015 മാര്‍ച്ച് 23ന് ജസ്റ്റിസുമാരായ ചെലമേശ്വറും ആര്‍.എഫ് നരിമാനും ഉള്‍പ്പെട്ട സുപ്രിംകോടതി ബെഞ്ച് ഇതു ചിന്തിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള മൗലികാവകാശത്തിനു വിരുദ്ധമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈയിടെ സുപ്രിംകോടതി നടത്തിയ സ്വകാര്യത മൗലികാവകാശമാക്കിയ പ്രഖ്യാപനവും ഇതുമായി ചേര്‍ത്തുവായിക്കണം.
ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ജീവനക്കാര്‍ നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ നടപടിയെടുത്തതു നിയമപരമല്ലാതാകും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിച്ച ജാവേദ്പൂര്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ അംബികേഷ് മഹാപത്രയ്‌ക്കെതിരേ സര്‍ക്കാര്‍ എടുത്ത നടപടി കോടതി റദ്ദാക്കിയിരുന്നു. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും ജുഡീഷ്യറി ആവര്‍ത്തിച്ച് അംഗീകരിക്കുന്നുണ്ട്.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ പോഷകസംഘടനകളായാണു കേരളത്തില്‍ മിക്ക സര്‍വീസ് സംഘടനകളും പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഫ്രാക്്ഷനുകളിലും ഗ്രൂപ്പുകളിലും സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിനിധികളാണ്. അവിടെ അനാവശ്യ നിയന്ത്രണം പാടില്ല. ജോലിസമയം നഷ്ടപ്പെടുത്താതെ ജനങ്ങള്‍ക്കു നീതിപൂര്‍വമായും നിഷ്പക്ഷമായും സേവനം നല്‍കുക എന്നതാണു പ്രധാനം. ജോലിയില്‍ രാഷ്ട്രീയപക്ഷപാതിത്വമില്ലെന്ന് ഉറപ്പുവരുത്തുകയാണു സര്‍ക്കാരിന്റെ കര്‍ത്തവ്യം. ജോലിയെ ബാധിക്കാത്ത രീതിയില്‍ ജീവനക്കാര്‍ക്കു രാഷ്ട്രീയപ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."