എസ്.എം.എഫ് നാഷനല്‍ കോണ്‍ഫറന്‍സ് തൃശൂരില്‍
കോഴിക്കോട്: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ നാഷനല്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 17, 18 തിയതികളില്‍ തൃശൂര്‍ ദേശമംഗലം മലബാര്‍ എന്‍ജിനീയറിങ് കോളജ് കാംപസില്‍ നടക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി, ലക്ഷദ്വീപുകള്‍, അന്തമാന്‍ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്ത മഹല്ല് സാരഥികളുടെ ദേശീയ കൂട്ടായ്മക്ക് നാഷനല്‍ കോണ്‍ഫറന്‍സില്‍ വച്ച് രൂപം നല്‍കുമെന്ന് സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എസ്.എം.എഫ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.
സമ്മേളന നടത്തിപ്പിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും മുക്കം ഉമര്‍ ഫൈസി കണ്‍വീനറും ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി ട്രഷററുമായി 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. തൃശൂര്‍ മാലിക് ദീനാര്‍ കോംപ്ലക്‌സില്‍ ഫെബ്രുവരി 16 ന് ചേരുന്ന ജില്ലാ കണ്‍വന്‍ഷനില്‍ വച്ച് പ്രാദേശിക സ്വാഗതസംഘം രൂപീകരിക്കും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കണ്‍വീനറായ പ്രോഗ്രാം കമ്മിറ്റിയുടെയും അബ്ദുസമദ് പൂക്കോട്ടൂര്‍ കണ്‍വീനറായ പള്ളി ഖതീബുമാരുടെ സംസ്ഥാനതല സംഘാടന സമിതിയുടെയും എസ്.വി മുഹമ്മദലി മാസ്റ്റര്‍ കണ്‍വീനറായ ആവിഷ്‌കാര സമിതിയുടെയും യോഗം ഇന്ന് വൈകിട്ട് രണ്ടിന് കോഴിക്കോട് സമസ്ത ഓഫിസില്‍ ചേരും.
സംസ്ഥാന പ്രവര്‍ത്തക സമിതിയുടെ പുനഃസംഘടന നാഷനല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ചേരുന്ന കൗണ്‍സില്‍ മീറ്റില്‍ നടക്കും. മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്റെ നിര്യാണത്തെത്തുടര്‍ന്ന് നാളെ മദ്‌റസകളില്‍ നടത്തുന്ന പ്രാര്‍ഥനാ സദസുകളില്‍ പരമാവധി ജനങ്ങളെ പങ്കെടുപ്പിക്കണമെന്ന് മഹല്ല് കമ്മിറ്റികളോട് യോഗം ആവശ്യപ്പെട്ടു.ഹസ്സന്‍ ആലംകോട്, മഅ്മൂന്‍ ഹുദവി കോട്ടയം, ബദറുദ്ദീന്‍ അഞ്ചല്‍, കെ.പി മുഹമ്മദ് ഹാജി നീലഗിരി, കെ.കെ ഇബ്‌റാഹീം ഹാജി എറണാകുളം, ത്രീസ്റ്റാര്‍ കുഞ്ഞമ്മദ് ഹാജി തൃശൂര്‍, വി.എ.സി കുട്ടി ഹാജി പാലക്കാട്, യു. ഷാഫി ഹാജി മലപ്പുറം, സലാം ഫൈസി കോഴിക്കോട്, ഉസ്മാന്‍ വയനാട്, അബ്ദുല്‍ ബാഖി കണ്ണൂര്‍, ഖത്തര്‍ ഇബ്‌റാഹീം ഹാജി കാസര്‍കോട് എന്നിവര്‍ ജില്ലാ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഉമര്‍ ഫൈസി മുക്കം സ്വാഗതവും എസ്.കെ ഹംസ ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."