ഇനി തോല്‍ക്കുന്നത് ട്രംപ്
2016 ജൂണില്‍ സഹയാത്രിക സൈബുന്നീസയോടൊപ്പം ഞാന്‍ അമേരിക്കയിലായിരുന്നു. അന്ന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആരവങ്ങളായിരുന്നു അവിടെ. ന്യൂയോര്‍ക്കില്‍ നിന്ന് 'എന്തുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് അല്ല' എന്ന പേരില്‍ ഒരു ലേഖനം എഴുതിയിരുന്നു. അമേരിക്കയില്‍ ജീവിക്കുന്ന മലയാളിയായ കഥാകൃത്ത് സി.എം.സി വിവര്‍ത്തനം ചെയ്ത പ്രശസ്ത യിദ്ദിഷ് എഴുത്തുകാരനായ ഷോളോം അലൈഹാമിന്റെ 'ഇരകള്‍' എന്ന കഥയില്‍ ഒരു കോഴിയോടു പറയുന്നത് ഉദ്ധരിച്ചായിരുന്നു അത് തുടങ്ങിയത്. 'നിന്നെ നയിച്ചു. നിന്നെ തീറ്റി. നീയും തടവില്‍. നിന്നെ വൈകാതെ വറുക്കും'.
അമേരിക്കയിലുള്ള കുടിയേറ്റക്കാരോടും മുസ്‌ലിംകളോടും കറുത്തവരോടും ഡൊണാള്‍ഡ് ട്രംപ് അന്നു പറഞ്ഞത് ഏറെക്കുറെ ഇങ്ങനെത്തന്നെയായിരുന്നു. അന്ന് 'ബിഗ് മൗത്ത് ബഫൂണ്‍' ആയിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായിരുന്നു ട്രംപ്. ന്യൂയോര്‍ക്കിലെ ഫിഫ്ത്ത് അവന്യുവിലുള്ള ട്രംപ് ടവറിലെ എസ്‌കലേറ്ററില്‍ നിന്നിറങ്ങിക്കൊണ്ടാണ് ട്രംപ് അന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചത്. മെക്‌സിക്കന്‍ കുടിയേറ്റക്കാര്‍ ബലാത്സംഗക്കാരും കുറ്റവാളികളുമാണെന്നു ട്രംപ് വിളിച്ചുപറഞ്ഞു.
അറ്റ്‌ലാന്റിക് സിറ്റിയില്‍ കൊട്ടാരം പോലെ തലയുയര്‍ത്തി നില്‍ക്കുന്ന ട്രംപ് താജ്മഹല്‍ കസിനോ റിസോര്‍ട്ട് സന്ദര്‍ശിച്ചതോര്‍ക്കുന്നു. ഇവിടെ ആയിരക്കണക്കിന് അമേരിക്കക്കാര്‍ ഭാഗ്യം പരീക്ഷിക്കുന്നു. പലര്‍ക്കും ആയിരക്കണക്കിനു ഡോളര്‍ നഷ്ടപ്പെടുന്നു. കുടിയേറ്റ വിരുദ്ധതയും ഇസ്‌ലാമോഫോബിയയും 'ബൈബിള്‍ ബെല്‍ട്ടു'മൊക്കെ കൂടെ കൊണ്ടുനടക്കുന്ന ട്രംപ് തെരഞ്ഞെടുപ്പ് ചൂതാട്ടത്തില്‍ ജയിച്ചു. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റായതോടെ യഥാര്‍ഥത്തില്‍ അമേരിക്ക തോല്‍ക്കുകയായിരുന്നു. രണ്ട് അമേരിക്കകളുണ്ടെന്ന് അന്നു ഞാന്‍ എഴുതിയിരുന്നു. എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള യുവാക്കള്‍ ആഹ്ലാദനൃത്തം ചവിട്ടുന്ന സ്വര്‍ഗംപോലെ ഒരമേരിക്ക, 'ഹോംലസ്' എന്ന ബോര്‍ഡ് വച്ച് ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന ചുരുക്കം ചിലരുടെ അമേരിക്ക. ലോകം വെട്ടിപ്പിടിക്കുന്ന ഒരമേരിക്ക, യുദ്ധത്തെ വെറുക്കുന്ന, മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങളുള്ള മറ്റൊരമേരിക്ക.
ഇപ്പോഴിതാ സിറിയന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്കയില്‍ ട്രംപ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാന്‍, ഇറാഖ്, സിറിയ, സുഡാന്‍, ലിബിയ, സൊമാലിയ, യമന്‍ എന്നീ ഏഴു മുസ്‌ലിം രാജ്യങ്ങളിലുള്ളവരെയാണ് വിലക്കിയത്. ഭാവിയില്‍ അഭയാര്‍ഥികളെ സ്വീകരിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും ട്രംപ് പറഞ്ഞു.
ട്രംപിനെതിരേ അമേരിക്കയില്‍ ലക്ഷക്കണക്കിനു പേര്‍ പ്രതിഷേധ പ്രകടനവുമായി രംഗത്തുണ്ട്. വ്യക്തികളുടെ വംശമോ ജാതിയോ ജന്മസ്ഥലമോ നോക്കി കുടിയേറ്റാവകാശം നിഷേധിക്കാന്‍ ഒരു വ്യക്തിക്കും അവകാശം ഉണ്ടായിരിക്കില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
'എന്നെ വ്യക്തിപരമായി ബാധിക്കുന്ന വിഷയം കൂടിയാണിത്. എന്റെ പിതാമഹന്മാര്‍ യൂറോപ്പില്‍നിന്നു കുടിയേറിയവരാണ്. ഭാര്യ പ്രസില്ല ചാനിന്റെ കുടുംബം ചൈനയില്‍നിന്നും വിയറ്റ്‌നാമില്‍ നിന്നും അമേരിക്കയില്‍ അഭയാര്‍ഥിത്വം സ്വീകരിച്ചവരാണ്'. ഫേസ്ബുക്കിന്റെ സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറയുന്നു. അമേരിക്കയില്‍ നടന്നുവരുന്ന പ്രതിഷേധങ്ങളില്‍ ഉയര്‍ന്ന ബാനറുകളില്‍ 'ആദ്യം മെലാനിയയെ നാടു കടത്തൂ' എന്നെഴുതിയിട്ടുണ്ട്. ട്രംപിന്റെ ഭാര്യ മെലാനിയ സ്ലോവേനിയയില്‍ നിന്ന് കുടിയേറിയതാണെങ്കില്‍ അമ്മയുടെ കുടുംബം സ്‌കോട്ട്‌ലന്‍ഡില്‍നിന്നു കുടിയേറിയവരാണ്. അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യമാണെന്ന ചരിത്രം ഈ ഭ്രാന്തന്‍ ഭരണാധികാരി മറന്നിരിക്കുന്നു. ലോകമാകെ ട്രംപിനെതിരേ പ്രതിഷേധം നടക്കുകയാണിന്ന്.
വിയറ്റ്‌നാം യുദ്ധം പരാജയപ്പെടുത്തിയത് അമേരിക്കയിലെ മനഃസാക്ഷിയുള്ള ലക്ഷക്കണക്കിനു യുവാക്കളായിരുന്നു. വിയറ്റ്‌നാമില്‍ തീബോംബ് വര്‍ഷിക്കാന്‍ ഞങ്ങളനുവദിക്കില്ലെന്നു പറഞ്ഞ് ജനം അമേരിക്കന്‍ നഗരങ്ങളില്‍ പ്രകടനം നടത്തി. ഇറാഖ് യുദ്ധം നടക്കുമ്പോള്‍ ലക്ഷക്കണക്കിനാളുകളാണ് അമേരിക്കയില്‍ യുദ്ധവിരുദ്ധ പ്രകടനത്തില്‍ അണിചേര്‍ന്നത്.
ന്യൂയോര്‍ക്ക് ടൈംസിലെ എഴുത്തുകാരനായ പാട്രിക് ടെയ്‌ലര്‍ പറയുന്നത്; ലോകത്തു രണ്ട് സൂപ്പര്‍പവറുകളാണുള്ളത്. ഒന്ന് യുനൈറ്റഡ് സ്റ്റേറ്റ്‌സ്, രണ്ട് അമേരിക്കയിലെ പൊതുജനാഭിപ്രായം.
അമേരിക്കയിലെ പൗരാവകാശങ്ങളെ പ്രാണനുതുല്യം സ്‌നേഹിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ ട്രംപിനെയും അദ്ദേഹത്തിന്റെ ഭ്രാന്തന്‍നയങ്ങളെയും തോല്‍പ്പിക്കുക തന്നെ ചെയ്യും.
നിങ്ങളുടെ രക്തത്തിന്റെ മഹാഗാനം
തന്ത്രങ്ങളെയും പീരങ്കികളെയും തോല്‍പ്പിച്ചോടിക്കും
നിങ്ങളുടെ സ്പന്ദിക്കുന്ന സംസാരം
അസത്യങ്ങളെയും കപടതന്ത്രങ്ങളെയും തോല്‍പ്പിക്കും
(ലിയോ പോള്‍ഡ് സെദര്‍ സെങ്കോറിന്റെ കവിത)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."